അഡ്വ. പി. കുഞ്ഞായിഷ, വി.ആർ. മഹിളാമണി, അഡ്വ. എലിസബത്ത് മാമൻ മത്തായി എന്നിവർ സംസ്ഥാന വനിതാ കമ്മിഷൻ അംഗങ്ങൾ; പുതിയ അംഗങ്ങൾ 19-ന് ചുമതലയേൽക്കും

0

തിരുവനന്തപുരം: കേരള വനിതാ കമ്മിഷൻ അംഗങ്ങളായി അഡ്വ.പി. കുഞ്ഞായിഷ, വി.ആർ. മഹിളാമണി, അഡ്വ. എലിസബത്ത് മാമൻ മത്തായി എന്നിവരെ നാമനിർദ്ദേശം ചെയ്ത് ഗസറ്റ് വിജ്ഞാപനമായി. പുതിയ അംഗങ്ങൾ 19-ന് ചുമതലയേൽക്കും. ഇവർ ചുമതലയേൽക്കുന്നതോടെ നിലവിലുണ്ടായിരുന്ന മൂന്ന് അംഗങ്ങളുടെ ഒഴിവും നികത്തപ്പെടും. ചെയർപേഴ്സൺ അഡ്വ. പി.സതീദേവി, അംഗം അഡ്വ. ഇന്ദിരാ രവിന്ദ്രൻ ഉൾപ്പെടെ അഞ്ച് അംഗങ്ങളാണ് കേരള വനിതാ കമ്മിഷനുള്ളത്. അഡ്വ. ഷിജി ശിവജി, ഇ.എം.രാധ, ഷാഹിദാ കമാൽ എന്നീ അംഗങ്ങൾ അഞ്ച് വർഷ കാലാവധി പൂർത്തിയാക്കിയതിനെ തുടർന്നുണ്ടായ ഒഴിവിലാണ് പുതിയ അംഗങ്ങളുടെ നിയമനം.

കണ്ണൂർ ഏഴോം സ്വദേശിയായ അഡ്വ. പി.കുഞ്ഞായിഷ കഴിഞ്ഞ 22 വർഷമായി അഭിഭാഷകയായി പ്രവർത്തിച്ചുവരുന്നു. എൽഎൽഎം ബിരുദധാരിയാണ്.

ആലപ്പുഴ വയലാർ സ്വദേശിനിയായ വി.ആർ. മഹിളാമണി 28 വർഷം അദ്ധ്യാപികയായും ഏഴ് വർഷം ഹെഡ്‌മിസ്ട്രസ്സായും വിവിധ സ്‌കൂളുകളിൽ സേവനം അനുഷ്ഠിച്ചു.

2003-2005 കാലയളവിൽ തിരുവല്ലാ നിയോജയമണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടിരുന്ന എംഎൽഎ കൂടിയായ അഡ്വ. എലിസബത്ത് മാമൻ മത്തായി 1995-2000 കാലയളവിൽ പെരിങ്ങറ പഞ്ചായത്ത് അംഗം കൂടിയായിരുന്നു. ബിഎ, എൽഎൽബി ബിരുദധാരിയായ അഡ്വ. എലിസബത്ത് മാമൻ മത്തായി 42 വർഷമായി അഭിഭാഷക രംഗത്ത് പ്രവർത്തിക്കുന്നു. മുൻ എംഎൽഎകൂടിയായ അന്തരിച്ച അഡ്വ. മാമൻ മത്തായിയുടെ ഭാര്യയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here