ആണവ വാഹക ശേഷിയുള്ള ഇന്ത്യയുടെ അഗ്‌നി-5 ബാലിസ്റ്റിക് മിസൈൽ രാത്രികാല പരീക്ഷണം വിജയം

0

ഭുവനേശ്വർ: തവാങ്ങിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ചൈനയെ മിസൈൽ മുനയിൽ നിർത്തി ഇന്ത്യ.5,400 കിലോമീറ്ററിന് മുകളിൽ പ്രഹരശേഷിയുള്ള അഗ്‌നി-5 ബാലിസ്റ്റിക് മിസൈലിന്റെ രാത്രികാല പരീക്ഷണം ഇന്ത്യ വിജയകരമായി പൂർത്തിയാക്കി. ഒഡിഷ തീരത്തെ അബ്ദുൾ കലാം ദ്വീപിൽ വെച്ച് ഡി ആർ ഡി ഒ വിജയകരമായി പരീക്ഷിച്ച അഗ്‌നി-5, ആണവ വാഹക ശേഷിയുള്ള മിസൈലാണ്.

നേരത്തേ ഉള്ളതിനേക്കാൾ ഭാരം കുറഞ്ഞ, നൂതന സാങ്കേതിക ഉപകരണങ്ങൾ മിസൈലിൽ ഘടിപ്പിച്ചിരുന്നു. ഇവയുടെ കാര്യക്ഷമതയും ഡി ആർ ഡി ഒ വിജയകരമായി പരീക്ഷിച്ചതായി പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. മിസൈലിന്റെ ദൂരപരിധി, ആവശ്യമെങ്കിൽ ഇനിയും വർദ്ധിപ്പിക്കാൻ സാധിക്കുമെന്ന് പരീക്ഷണത്തിലൂടെ ബോദ്ധ്യമായതായി ഐ എസ് ആർ ഒ വ്യക്തമാക്കി.

മിസൈലിൽ പുതിയതായി ഉൾപ്പെടുത്തിയ സാങ്കേതിക വിദ്യകളും ഉപകരണങ്ങളും പരീക്ഷിക്കുന്നതിന് വേണ്ടിയാണ് അഗ്‌നി-5 ന്റെ നൈറ്റ് ട്രയൽ നടത്തിയത്. മുൻ പതിപ്പുകളേക്കാൾ ഭാരം കുറവാണിതിന്. ഒരു മൊബൈൽ മിസൈൽ ലോഞ്ചർ ഉപയോഗിച്ചാണ് ഇന്നത്തെ വിക്ഷേപണം നടന്നത്.

അഗ്‌നി മിസൈൽ പരമ്പരയിലെ അത്യാധുനിക പതിപ്പാണ് അഗ്‌നി-5. 5000 കിലോമീറ്റർ ദൂരം സഞ്ചരിച്ച് ലക്ഷ്യസ്ഥാനത്ത് പതിക്കാൻ ഇതിന് സാധിക്കും. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ അഗ്‌നി-5 നെ കൂടാതെ 700 കിമീ പരിധിയുള്ള അഗ്‌നി-1, 2000 കിമീ പരിധിയുള്ള അഗ്‌നി-2, 2500 കിമീ പരിധിയിലുള്ള അഗ്‌നി-3, 3500 കിമീ പരിധിയുള്ള അഗ്‌നി -4 എന്നിവയാണ് ഈ ശ്രേണിയിലെ മുൻഗാമികൾ.

ഇന്ത്യയുടെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ആണ് അഗ്‌നി-5 മിസൈൽ വികസിപ്പിച്ചത്. ട്രക്കുകളിൽ കൊണ്ടുപോവാനും കാനിസ്റ്റർ ഉപയോഗിച്ച് വിക്ഷേപിക്കാനും സാധിക്കുന്ന മിസൈൽ ആണിത്. 2012 ഏപ്രിൽ 19 ന് ആയിരുന്നു അഗ്‌നി-5ന്റെ ആദ്യ പരീക്ഷണ വിക്ഷേപണം. ശേഷം 2018 വരെ ആറ് പരീക്ഷണ വിക്ഷേപണങ്ങളും 2021 ൽ യൂസർ ട്രയലും നടത്തി.

ബീജിങ് അടക്കം ചൈനയെയും പാക്കിസ്ഥാനെയും നാമാവശേഷമാക്കാൻ ശേഷിയുള്ളതാണ് മിസൈലെന്ന് റിട്ടയേർഡ് ബ്രിഗേഡിയർ ഹേമന്ത് മഹാജൻ ദേശീയ മാധ്യമത്തോട് പറഞ്ഞു. ചൈനീസ് നിയന്ത്രണത്തിലുള്ള ഏതൊരു ലക്ഷ്യത്തെയും കൃത്യമായി അടയാളപ്പെടുത്താൻ മിസൈലിന് സാധിക്കും. അഥവാ ഒരു ആണവ യുദ്ധത്തിന്റെ സാഹചര്യമുണ്ടായാൽ ചൈനയെ കൃത്യമായി മെരുക്കാൻ അഗ്‌നി-5 മിസൈലിലൂടെ ഇന്ത്യക്ക് സാധിക്കുമെന്ന് സൈനിക- സാങ്കേതിക വിദഗ്ദ്ധർ വിശദീകരിക്കുന്നു.

മണിക്കൂറിൽ 29,401 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാൻ അഗ്‌നി-5ന് സാധിക്കും. വ്യത്യസ്ത യുദ്ധമുഖങ്ങളിലേക്ക് റോഡ് മാർഗം ഇവയെ വിന്യസിക്കാൻ സാധിക്കും. ഇന്ത്യൻ ആയുധ ശേഖരത്തിലെ ശക്തമായ സാന്നിദ്ധ്യമായിരിക്കും അഗ്‌നി-5 ബാലിസ്റ്റിക് മിസൈൽ.

2012 ൽ ആദ്യമായി പരീക്ഷണ വിക്ഷേപണം നടത്തിയ അഗ്‌നി 5 മിസൈലിന്റെ ഒൻപതാം പരീക്ഷണമാണ് ഇന്നത്തേതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. അഗ്‌നി1 (ദൂരപരിധി: 700 കിലോമീറ്റർ), അഗ്‌നി2 (2000 കിലോമീറ്റർ), അഗ്‌നി3, 4 (25003000 കിലോമീറ്റർ) എന്നീ മിസൈലുകൾ നിലവിൽ ഇന്ത്യക്കുണ്ട്.

ഇവയ്ക്കു പുറമെ, 8000 കിലോമീറ്റർ മുതൽ 10,000 കിലോമീറ്റർ വരെ ദൂരപരിധി പ്രതീക്ഷിക്കുന്ന ‘അഗ്‌നി 6’ന്റെ പണിപ്പുരയിലാണ് ഇന്ത്യയെന്നും റിപ്പോർട്ടുകളുണ്ട്. കടലിൽനിന്നും കരയിൽനിന്നും വിക്ഷേപിക്കാവുന്ന തരത്തിലാകും ഇതിന്റെ നിർമ്മാണം.

LEAVE A REPLY

Please enter your comment!
Please enter your name here