വനപാലകർ അറസ്റ്റ് ചെയ്ത് ജയിലിലടച്ച മുൻ കെ എസ് ആർ ടി സി ജീവനക്കാരൻ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

0

അടിമാലി:റിസർവ്വ് വനത്തിൽ നിന്ന് വന്മരങ്ങൾ വെട്ടിക്കടത്തിയ സംഭവത്തിൽ കണ്ണിയെന്നാരോപിച്ച് വനപാലകർ അറസ്റ്റ് ചെയ്ത് ജയിലിലടച്ച മുൻ കെ എസ് ആർ ടി സി ജീവനക്കാരൻ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.വാളറ സ്വദേശി ക്ലീറ്റസ് മാത്യു (59) ആണ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.അന്യായമായി പിടിച്ചെടുത്ത തന്റെ ഓട്ടോറിക്ഷ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് വനംവകുപ്പ് ഓഫീസിലെത്തിയെങ്കിലും അധികൃതർ വിട്ടുവീഴ്ചക്ക് തയ്യാറായില്ലെന്നും ഇതിന്റെ മനോവിഷമത്തിൽ ക്ലീറ്റസ് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നെന്നുമാണ് വീട്ടുകാർ പറയുന്നത്.

ആദ്യം കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ട ക്ലീറ്റസിനെ വിദഗ്ധ ചികത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റുകയായിരുന്നു.ഇവിടെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പട്ടിട്ടുള്ള ക്ലീറ്റസ് ഇനിയും അപകട നില തരണം ചെയ്തിട്ടില്ലന്നാണ് സൂചന.റിസർവ്വ് വനത്തിൽ നിന്നും മരം മുറിച്ചുകടത്തിയ സംഭവത്തിലാണ് ഏതാനും ആഴ്ചകൾക്ക് മുമ്പാണ് ക്ലീറ്റസിന്റെ ഓട്ടോ റിക്ഷ വനംവകുപ്പ് അധികൃതർ കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്.ഈ കേസിൽ അറസ്റ്റിലായ ക്ലീറ്റസ് റിമാന്റിലായിരുന്നു.

ഓട്ടോ ഓടികിട്ടിയിരുന്ന പണംകൊണ്ടാണ് ക്ലീറ്റസ് കുടംബം നോക്കിയിരുന്നതെന്നും വാഹനം പൊലീസ് കസ്റ്റഡിയിൽ എടുത്തതോടെ വീട്ടുകാര്യങ്ങൾ നോക്കാൻ നിവൃത്തിയില്ലാതായെന്നും ഈ സാഹചര്യത്തിലാണ് ഓട്ടോ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ഇയാൾ വനംവകുപ്പ് അധികൃതരെ സമീപിച്ചതെന്നുമാണ് സൂചന.ഉപജീവനമാർഗമായ ഓട്ടോറിക്ഷ വിട്ടുനൽകണമെന്നാവശ്യപ്പെട്ട് ക്ലീറ്റസ് ഇന്നലെ വാളറ ഫോറസ്റ്റ് സ്റ്റേഷനിലെത്തിയിരുന്നു.ജന്മനാ വികലാംഗനായ മകനുമായാണ് ക്ലീറ്റസ് ഓഫീസിലെത്തിയത്.വാഹനം വിട്ടു തന്നില്ലെങ്കിൽ സുഖമില്ലാത്ത മകനോടൊപ്പം ഇവിടെ ആത്മഹത്യ ചെയ്യുമെന്നും അറിയിച്ചു.

ഇതോടെ അങ്കലാപ്പിലായ വനം വകുപ്പ് ഉദ്യോഗസ്ഥർ പൊലീസിനെ വിളിച്ചു വരുത്തി,ഇവിടെ നിന്നും ക്ലീറ്റസിനെയും മകനെയും തിരിച്ചയക്കുകയായിരുന്നു.വനപാലകർ അപമാനിച്ച് തിരിച്ചയച്ചതിലെ വിഷമം കുടുബാംഗങ്ങളുമായി ക്ലീറ്റസ് പങ്കുവയ്ക്കുകയും ചെയ്തിരുന്നു.പിന്നാലെ ക്ലീറ്റസിനെ വൈകുന്നേരത്തോടെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു.നേര്യമംഗലം റേഞ്ചിന് കീഴിലെ കുളമാംകുഴി ആദിവാസി കോളനിയോട് ചേർന്നുള്ള വനഭൂമിയിൽ അതിക്രമിച്ച് കയറി അഖിൽ, ചുവന്ന അഖിൽ ഇൾപ്പെടെയുള്ള 20 ലേറെ വന്മരങ്ങൾ വെട്ടി കടത്തിയതെന്നാണ് ഇതുമായി ബന്ധപ്പെട്ട രജിസ്റ്റർ ചെയ്തിട്ടുള്ള കേസ്.

ഇതുവഴി 4 ലക്ഷം രൂപ വനംവകുപ്പിന് നഷ്ടമുണ്ടായതായിട്ടാണ് കണക്കാക്കിയിട്ടുള്ളത്.കേസിലെ പ്രതികൾ ഉപയോഗിച്ചിരുന്ന മൂന്ന് വാഹനങ്ങളും കസ്റ്റഡിയിൽ എടുത്തിരുന്നു.അപൂർവ്വ ഇനത്തിൽപ്പെട്ട ചുവന്ന അഖിൽ, വെള്ളഅഖിൽ എന്നീമരങ്ങൾ വെട്ടി കടത്തിയതായിട്ടാണ് അധികൃതരുടെ കണ്ടെത്തൽ. ഈ മരങ്ങൾ ഔഷധ നിർമ്മാണത്തിനും, സുഗന്ധ നിർമ്മാണത്തിനുമാണ് ഉപയോഗിക്കുന്നത്.
ആറാംമൈൽ ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നും ഒരു കിലോമീറ്റർ അകലെയാണ് കോളനി.

ഇവിടത്തെ വനപാലകരുടെ ഒത്താശയോടെ പുറത്ത് നിന്നുള്ളവർ ആദിവാസികളെ മുൻപിൽ നിറുത്തിയാണ് വനം കൊള്ള നടത്തിയതെന്ന ആരോപണവും ശക്തമായിട്ടുണ്ട്.പ്രതികൾ ആദിവാസികൾ ആയാൽ കേസ് ലഘൂകരിക്കാൻ വനനിയമത്തിൽ വകുപ്പുണ്ട്. ഇതു മുതലെടുത്താണ് വനം കൊള്ള നടന്നതെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.കുളമാംകുഴിയിൽ നിന്നും വെട്ടിയ മരങ്ങൾ ചുമന്ന് ദേവിയാർ പുഴ കടത്തി ദേശീയപാതയിൽ എത്തിച്ച് വാഹനത്തിൽ കടത്തിയെന്നാണ് കേസ്.ഒരു മാസത്തിനിടയിൽ പല ദിവസങ്ങളിലായാണ് മരങ്ങൾ വെട്ടി കടത്തിയതായാണ് പ്രാഥമിക നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here