ഗവര്‍ണര്‍ക്കെതിരായ നിലപാടിലുറച്ച് കേരള സെനറ്റ്; വിസി നിയമന സെര്‍ച്ച് കമ്മറ്റി പിൻവലിച്ചാൽ പ്രതിനിധിയെ നിര്‍ദ്ദേശിക്കാം

0

തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരായ നിലപാടിലുറച്ച് കേരള സെനറ്റ്.വിസി നിയമനത്തിനായി സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധം, ഇത് സംബന്ധിച്ച് ഓഗസ്റ്റില്‍ പാസാക്കിയ പ്രമേയം വീണ്ടും അംഗീകരിച്ചു. സെനറ്റിൽ 50 പേർ പ്രമേയത്തെ അനുകൂലിച്ചപ്പോൾ, ഏഴു പേർ എതിർത്തു. ഗവർണർ രണ്ടംഗ സെർച്ച് കമ്മിറ്റി രൂപീകരിച്ചത് ചട്ടവിരുദ്ധമാണെന്ന് സെനറ്റ് വ്യക്തമാക്കി. സെർച്ച് കമ്മിറ്റി നോട്ടിഫിക്കേഷൻ പിൻവലിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. ഗവർണർ പുറത്താക്കിയ 15 സെനറ്റ് അംഗങ്ങൾ ഇന്നു ചേർന്ന യോഗത്തിൽ പങ്കെടുത്തില്ല. ഇതിൽ 2 പേർ സിപിഎമ്മിന്റെ സിൻഡിക്കറ്റ് അംഗങ്ങളാണ്.

സെനറ്റ് പ്രതിനിധിയെ ഒഴിവാക്കി ഗവർണർ ഏകപക്ഷീയമായി സേർച് കമ്മിറ്റി രൂപീകരിച്ചത് സർവകലാശാലാ ചട്ടങ്ങൾക്കു വിരുദ്ധമാണെന്നും കമ്മിറ്റിയുടെ രൂപീകരണം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള പ്രമേയം ഓഗസ്റ്റിൽ ചേർന്ന സെനറ്റ് യോഗം അംഗീകരിച്ചിരുന്നു. ഈ പ്രമേയം ഗവർണർക്കു വിസി അയച്ചു കൊടുത്തെങ്കിലും അദ്ദേഹത്തിന്റെ ഭാഗത്തു നിന്നു തുടർ നടപടികൾ ഒന്നും ഉണ്ടായില്ല. ഇതോടെയാണ് സെനറ്റ് രണ്ടാമതും പ്രമേയം പാസാക്കിയത്.

ഗവർണർക്കെതിരായ മുൻ നിലപാട് പുനഃപരിശോധിക്കണമോയെന്ന് ഇന്നത്തെ സെനറ്റ് യോഗത്തിൽ തീരുമാനിക്കുമെന്നായിരുന്നു റിപ്പോർട്ട്. ഗവർണറും സർക്കാരും തമ്മിൽ ഏറ്റുമുട്ടുന്ന സാഹചര്യത്തിൽ സെനറ്റ് പ്രമേയം പിൻവലിക്കുന്നത് ഗവർണർക്കു കീഴടങ്ങുന്നതിനു തുല്യമാണെന്ന വാദം ശക്തമായിരുന്നു. ഇതു രാഷ്ട്രീയമായി സിപിഎമ്മിനു ദോഷം ചെയ്യുമെന്നും വിലയിരുത്തലുണ്ടായി. ചാൻസലർ കൂടിയായ ഗവർണർക്കെതിരെ സെനറ്റ് പ്രമേയം പാസാക്കിയതിനെയും സേർച് കമ്മിറ്റിയിലേക്കു പ്രതിനിധിയെ തിരഞ്ഞെടുക്കാൻ വൈകുന്നതിനെയും ഹൈക്കോടതി വിമർശിച്ചിരുന്നു.

അതിനിടെ, ഇന്നു ചേരുന്ന പ്രത്യേക സെനറ്റ് യോഗം വൈസ് ചാൻസലറെ തിരഞ്ഞെടുക്കുന്ന സേർച് കമ്മിറ്റിയിലേക്കുള്ള സെനറ്റ് പ്രതിനിധിയെ തിരഞ്ഞെടുക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും യോഗത്തിന്റെ അജൻഡയിൽ ഈ വിഷയം ഉൾപ്പെടുത്തിയില്ല. മുൻ പ്രമേയം പിൻവലിക്കാതെ സേർച് കമ്മിറ്റിയിലേക്ക് പുതിയ പ്രതിനിധിയെ തിരഞ്ഞെടുക്കാൻ സാധിക്കില്ലെന്ന നിയമപ്രശ്നമുള്ളതാണ് കാരണം.

LEAVE A REPLY

Please enter your comment!
Please enter your name here