അന്തര്‍സംസ്‌ഥാന മോഷ്‌ടാവിനെ പോലീസ്‌ അതിസാഹസികമായി പിടികൂടി

0

അന്തര്‍സംസ്‌ഥാന മോഷ്‌ടാവിനെ പോലീസ്‌ അതിസാഹസികമായി പിടികൂടി. തിരുവനന്തപുരം സ്വദേശിയായ കൊമ്പ്‌ഷിബു എന്നറിയപ്പെടുന്ന ഷിബു സാമുവലാണ്‌ തമിഴ്‌നാട്ടിലെ ഏര്‍വാടിയില്‍ പിടിയിലായത്‌.
കേരളത്തിലും തമിഴ്‌നാട്ടിലുമായി 31 കേസുകളില്‍ പ്രതിയാണ്‌ ഇയാളെന്ന്‌ പോലീസ്‌ പറഞ്ഞു. കുമളി പോലീസ്‌ സ്‌റ്റേഷനില്‍നിന്നു മോഷണം പോയ ബൈക്ക്‌ കണ്ടെത്തുന്നതിനായി നടത്തിയ അന്വേഷണത്തിലാണ്‌ ഇയാള്‍ പിടിയിലായത്‌. കുമളി സ്‌റ്റേഷനില്‍നിന്നു മോഷണം പോയ ബൈക്കുപയോഗിച്ച്‌ അങ്കമാലി സ്‌റ്റേഷന്‍പരിധിയില്‍ നിന്ന്‌ 15,000 രൂപയും ഒന്‍പതു ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങളും മോഷണം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്‌.
വിവിധ മേല്‍വിലാസങ്ങളില്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം താമസിച്ചാണ്‌ പ്രതി മോഷണം നടത്തിയിരുന്നത്‌. വീടുകളുടെ മുന്‍, പിന്‍ വാതിലുകള്‍ തകര്‍ത്ത്‌ ഉള്ളില്‍ കടന്ന്‌ മോഷണം നടത്തി, മുതലുമായി അയല്‍സംസ്‌ഥാനത്തേക്കു കടക്കുന്നതാണ്‌ ഇയാളുടെ രീതി. തിരുവനന്തപുരം- 17, ഇടുക്കി- 6, പത്തനംതിട്ട- 5, കൊല്ലം- 2, കോട്ടയം- 1 എന്നിങ്ങനെ വിവിധ ജില്ലകളിലായി പ്രതിക്കെതിരേ നിരവധി കേസുകള്‍ ഉള്ളതായും വിവിധ കോടതികളില്‍ വാറണ്ടുകള്‍ നിലനില്‍ക്കുന്നതായും ജില്ലാ പോലീസ്‌ മേധാവി അറിയിച്ചു.
മോഷണം നടത്തിക്കിട്ടുന്ന പണമുപയോഗിച്ച്‌ ആര്‍ഭാടജീവിതം നയിച്ചിരുന്ന പ്രതി തമിഴ്‌നാട്ടിലെ ഏര്‍വാടിയില്‍ ഒളിവില്‍ കഴിയുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന്‌ അന്വേഷണസംഘം തീര്‍ഥാടകവേഷത്തില്‍ അവിടെയെത്തുകയും പ്രതിയെ പിന്തുടര്‍ന്ന്‌ അതിസാഹസികമായി പിടികൂടുകയായിരുന്നു. ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാള്‍ മറ്റൊരു ഭവനഭേദനതിനുള്ള ആയുധങ്ങളുമായി കേരളത്തിലേക്കു കടന്ന്‌ മോഷണം നടത്താന്‍ തയാറെടുക്കുന്നതിനിടയാണ്‌ പോലീസിന്റെ വലയില്‍ കുടുങ്ങിയത്‌.
ജില്ലാ പോലീസ്‌ മേധാവി വി.യു. കുര്യാക്കോസിന്റെ നിര്‍ദ്ദേശാനുസരണം പീരുമേട്‌ ഡിവൈ.എസ്‌.പി: ജെ. കുര്യാക്കോസിന്റെ നേതൃത്വത്തില്‍ കുമളി സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ജോബിന്‍ ആന്റണി, സബ്‌ ഇന്‍സ്‌പെക്‌ടര്‍ നിഖില്‍, അസിസ്‌റ്റന്റ്‌് സബ്‌ ഇന്‍സ്‌പെക്‌ടര്‍ സുബൈര്‍, സി.പി.ഒമാരായ സലില്‍, സാദിക്ക്‌, ജോജി, സിജോ സെബാസ്‌റ്റ്യന്‍, രമേഷ്‌ എന്നിവരടങ്ങുന്ന പ്രത്യേക സംഘം രൂപീകരിച്ചായിരുന്നു അന്വേഷണം

LEAVE A REPLY

Please enter your comment!
Please enter your name here