നേപ്പാളി സ്വദേശിനിയായ ഭാഗീരഥി ധാമി കൊല്ലപ്പെട്ട കേസില്‍ ഒപ്പം താമസിച്ചിരുന്ന നേപ്പാള്‍ പൗരനെ പോലീസ്‌ കസ്‌റ്റഡിയില്‍ എടുത്തു

0

കൊച്ചി: നഗരമധ്യത്തില്‍ എളംകുളത്ത്‌ വാടകവീട്ടില്‍ നേപ്പാളി സ്വദേശിനിയായ ഭാഗീരഥി ധാമി(32) കൊല്ലപ്പെട്ട കേസില്‍ ഒപ്പം താമസിച്ചിരുന്ന നേപ്പാള്‍ പൗരനെ പോലീസ്‌ കസ്‌റ്റഡിയില്‍ എടുത്തു. റാം ബഹാദൂര്‍ ബിസ്‌ത്‌ (42) ആണ്‌ പിടിയിലായത്‌. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയശേഷം ഇയാളെ ഇന്ത്യയിലെത്തിക്കും.
കൊല നടന്നത്തിയശേഷം റാം ബഹാദൂര്‍ ഒളിവിലായിരുന്നു. മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓഫ്‌ ആയിരുന്നതിനാല്‍ ആ ദിശയിലും അന്വേഷണം പുരോഗമിച്ചില്ല. കൊല്ലപ്പെട്ട ഭാഗീരഥിയുടെ വീട്ടുകാരുമായി പോലീസിനു ബന്ധപ്പെടാന്‍ കഴിഞ്ഞതാണ്‌ വഴിത്തിരിവായത്‌. ഇവരില്‍ നിന്നു റാം ബഹാദൂറിന്റെ ചിത്രം ലഭിച്ചു. ഇത്‌ നേപ്പാള്‍ പോലീസിനു കൈമാറുകയായിരുന്നു. അതിനിടെ, റാം ബഹാദൂര്‍ പഴയ സിം ഉപേക്ഷിച്ച്‌ ഡല്‍ഹിയില്‍ നിന്നു പുതിയ മൊബൈല്‍ ഫോണ്‍ സിം എടുത്തിരുന്നു. ഇതു നേരത്തേ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണില്‍ ഇട്ടതോടെ ഇയാള്‍ ഡല്‍ഹിയില്‍ ഉണ്ടെന്നറിഞ്ഞ്‌ കേരളാ പോലീസ്‌ അവിടെയെത്തി. എന്നാല്‍ ഇയാള്‍ ഇവിടെനിന്നു കടന്നുകളഞ്ഞു. കേരള പോലീസ്‌ ഇയാളെ തേടിവരുമ്പോഴാണ്‌ നേപ്പാള്‍ പോലീസ്‌ ഇയാളെ പിടികൂടിയ വിവരം ലഭിച്ചത്‌.
കഴിഞ്ഞ 23-നാണ്‌ ഭാഗീരഥി ധാമിയെ റിട്ട.പോലീസ്‌ ഉദ്യോഗസ്‌ഥന്റെ വാടകവീട്ടില്‍ കൊലപ്പെടുത്തിയ ശേഷം പ്ലാസ്‌റ്റിക്കിലും പുതപ്പിലും പൊതിഞ്ഞുവച്ച നിലയില്‍ കണ്ടെത്തിയത്‌. കൊലയ്‌ക്കുശേഷം രക്ഷപ്പെടാന്‍ സാവകാശം ലഭിക്കുന്നതിനുവേണ്ടിയാണ്‌ മൃതദേഹം പ്ലാസ്‌റ്റിക്കില്‍ പൊതിഞ്ഞുവച്ചതെന്നാണു പോലീസ്‌ നിഗമനം. ഒന്നരവര്‍ഷമായി ദമ്പതികളെപ്പോലെയാണ്‌ ഇരുവരും കഴിഞ്ഞിരുന്നത്‌. ലക്ഷ്‌മി എന്ന പേരിലാണ്‌ ഭാഗീരഥിയെ എളംകുളത്ത്‌ അറിഞ്ഞിരുന്നത്‌. മഹാരാഷ്‌ട്ര സ്വദേശികളാണെന്നാണു ഇരുവരും പറഞ്ഞിരുന്നത്‌. സദാ വഴക്കില്‍ ഏര്‍പ്പെട്ടിരുന്ന ഇവരോട്‌ വീട്‌ ഒഴിയാന്‍ ഉടമ ആവശ്യപ്പെട്ടിരുന്നു. കൊലചെയ്പ്പെട്ടയത്‌ ഭഗീരഥി തന്നെയാണെന്ന്‌ ഉറപ്പാണെങ്കിലും ഡി.എന്‍.എ. പരിശോധന കൂടി നടത്തി കൂടുതല്‍ വ്യക്‌തത വരുത്താനാണ്‌ പോലീസ്‌ ശ്രമം. എന്നാല്‍, ഭാഗീരഥിയുടെ ബന്ധുക്കളാരും തന്നെ ഇതുവരെ സ്‌ഥലത്ത്‌ എത്തിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here