രണ്ടു മണ്ഡലങ്ങളില്‍ ജയം ഉറപ്പ്, മൂന്നിടത്തു കൂടി വിജയസാധ്യത; ബിജെപി വിലയിരുത്തല്‍

0

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ രണ്ടു സീറ്റില്‍ വിജയം ഉറപ്പാണെന്ന് ബിജെപി വിലയിരുത്തല്‍. മറ്റു മൂന്നു സീറ്റുകളില്‍ പാര്‍ട്ടിക്ക് വിജയസാധ്യത ഏറെയാണെന്നും ബിജെപി നേതൃയോഗത്തില്‍ വിലയിരുത്തി. തെരഞ്ഞെടുപ്പ് അവലോകനത്തിനായി ചേര്‍ന്ന ബിജെപി സംസ്ഥാന നേതൃയോഗത്തില്‍ സമര്‍പ്പിച്ച ഇലക്ഷന്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

തിരുവനന്തപുരം, തൃശൂര്‍ മണ്ഡലങ്ങള്‍ വിജയിക്കുമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ആറ്റിങ്ങല്‍, പാലക്കാട്, പത്തനംതിട്ട മണ്ഡലങ്ങളില്‍ വിജയസാധ്യത വര്‍ധിച്ചതായും വിലയിരുത്തലുണ്ട്. സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ 20 ശതമാനത്തിലേറെ വോട്ടു നേടുമെന്നും റിപ്പോര്‍ട്ട് പറയുന്നു.ആറു സീറ്റുകളില്‍ 30 ശതമാനത്തിലേറെ വോട്ടു നേടും. ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം സംസ്ഥാനത്ത് രാഷ്ട്രീയ മാറ്റത്തിന്‍രെ തുടക്കമാകുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി നേരിടും. കോണ്‍ഗ്രസിന് പ്രധാനപ്പെട്ട സീറ്റുകള്‍ നഷ്ടമാകുമെന്നും, അവരുടെ പ്രമുഖ നേതാക്കന്മാര്‍ പരാജയപ്പെടുമെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖര്‍ ഉറപ്പായും വിജയിക്കും. കേരളം വോട്ടു ചെയ്തത് നരേന്ദ്രമോദിയുടെ വിജയത്തിനാണ്. അതിനാല്‍ കേരളത്തില്‍ എന്‍ഡിഎ മികച്ച പ്രകടനം നടത്തും. ഒരു വിഭാഗം മാധ്യമങ്ങളും കോണ്‍ഗ്രസും ബിജെപിക്കെതിരെ തെറ്റായ പ്രചാരണമാണ് നടത്തിയത്. തെരഞ്ഞെടുപ്പ് ഫലത്തിനുശേഷമുള്ള പുതിയ കേരളത്തില്‍ ബിജെപി-എന്‍ഡിഎ സഖ്യത്തിനാകും മേല്‍ക്കൈ എന്നും കെ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here