കേരളത്തിൽ സജീവമാകാന്‍ തരൂർ, ജാഗ്രതയോടെ കോൺഗ്രസ് നേതൃത്വം; മലബാർ പര്യടനം തുടങ്ങി

0


കോഴിക്കോട്: സംസ്ഥാനരാഷ്ട്രീയത്തിൽ സജീവമാകാൻ തീരുമാനിച്ച് ശശി തരൂര്‍ എം.പി. . പരിപാടികളില്‍ നിന്നും ഡിസിസിയും യൂത്ത് കോണ്‍ഗ്രസും പിന്‍മാറിയെങ്കിലും രാവിലെ കോഴിക്കോട്ട് എംടി വാസുദേവന്‍ നായരെ സന്ദര്‍ശിച്ച് നാല് ദിവസത്തെ മലബാര്‍ പര്യടനത്തിന് തരൂര്‍ തുടക്കം കുറിച്ചു. ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുടെ എതിർപ്പുകൾക്കിടെയാണ് തരൂരിന്റെ പര്യടനം. ശശി തരൂർ പങ്കെടുക്കുന്ന പരിപാടികളിൽ പങ്കെടുക്കുകയോ, അതിനായി വേദി ഒരുക്കുകയോ ചെയ്താൽ പാർട്ടിയിൽനിന്ന് പുറത്താക്കുമെന്ന് ഭീഷണിയുള്ളതായാണ് വിവരം..

മലബാര്‍ പര്യടനത്തിലെ അപ്രഖ്യാപിത വിലക്കുകളില്‍ പരോക്ഷ മറുപടിയുമായി ശശി തരൂര്‍. തനിക്ക് സെന്റര്‍ ഫോര്‍വേഡായി കളിക്കാനാണ് താല്‍പര്യം. ചിലര്‍ സൈഡ് ബെഞ്ചിലിരിക്കാന്‍ ആവശ്യപ്പെട്ട് കഴിഞ്ഞു. ചുവപ്പ് കാര്‍ഡ് തരാന്‍ അംപയര്‍ ഇറങ്ങിയിട്ടില്ല. സംസ്ഥാന രാഷ്ട്രീയത്തില്‍ സംഭവിക്കുന്നത് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിലെടുത്ത് മുന്നോട്ട് പോകാനാണ് ആഗ്രഹമെന്നും തരൂര്‍ പറഞ്ഞു. ഏത് റോളിലും നന്നായി കളിക്കുകയാണ് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റെന്ന് ശശി തരൂര്‍ പറഞ്ഞു. തന്നെ ഒതുക്കാന്‍ ആര്‍ക്കും ആവില്ലെന്നും മൂന്ന് തവണ ജയിച്ചുവന്ന ആളാണ് താനെനനും ,സൈഡ് ലൈന്‍ ചെയ്യാന്‍ എളുപ്പമാണോ എന്നും തരൂര്‍ ചോദിച്ചു.

ദേശീയ, സംസ്ഥാന നേതൃത്വത്തിലെ പ്രബലരായ നേതാക്കളാണ് പരിപാടി തടയാൻ മുൻകൈയെടുത്തതെന്നാണ് തരൂർക്യാമ്പിന്റെ വിലയിരുത്തൽ. അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്തി പ്രതിരോധിക്കുമ്പോഴും തരൂരിന് ലഭിക്കുന്ന പിന്തുണ നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. എന്നാല്‍ കെപിസിസി നേതൃത്വം ശശി തരൂര്‍ എംപിയെ തടഞ്ഞു എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് അധ്യക്ഷന്‍ കെ സുധാകരന്‍ ഇന്നലെ പറഞ്ഞിരുന്നു. തരൂരിന് കേരളത്തില്‍ എവിടെയും രാഷ്ട്രീയ പരിപാടികള്‍ നല്‍കാന്‍ കെപിസിസി നേതൃത്വം പൂര്‍ണ്ണമനസ്സോടെ തയ്യാറാണ്.

അതേസമയം, തരൂരിന് ഒരു വിലക്കും പാര്‍ട്ടിയില്‍ ഇല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ഒരു നേതാവിനും ഒരു തടസവും ഉണ്ടാകില്ല. യൂത്ത് കോണ്‍ഗ്രസ് പിന്‍മാറിയത് സംബന്ധിച്ച് അവരോട് ചോദിക്കണമെന്നും സതീശന്‍ പറഞ്ഞു. വിവരങ്ങള്‍ തരൂര്‍ ഡിസിസിയെ അറിയിച്ചിരുന്നെങ്കില്‍ ഡിസിസി തന്നെ എല്ലാം ചെയ്യുമായിരുന്നെന്ന് പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here