കോളജ്‌ ചെയര്‍മാന്‌ സസ്‌പെന്‍ഷന്‍; പ്രിന്‍സിപ്പലിനെ ആറ്‌ മണിക്കൂര്‍ പൂട്ടിയിട്ട്‌ എസ്‌.എഫ്‌.ഐ.

0


കട്ടപ്പന: സസ്‌പെന്‍ഡ്‌ ചെയ്‌ത യൂണിയന്‍ ചെയര്‍മാനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട്‌ എസ്‌.എഫ്‌.ഐ പ്രവര്‍ത്തകര്‍ ഗവ. കോളജ്‌ പ്രിന്‍സിപ്പലിനെ ആറ്‌ മണിക്കൂര്‍ പൂട്ടിയിട്ടു. കട്ടപ്പന ഗവ. കോളജില്‍ ഇന്നലെ രാവിലെ മുതലാണ്‌ പ്രിന്‍സിപ്പല്‍ വി. കണ്ണനെ വിദ്യാര്‍ഥികള്‍ ഓഫീസ്‌ മുറിക്കുള്ളില്‍ പൂട്ടിയിട്ടത്‌. കോളജ്‌ ചെയര്‍മാന്‍ കെ.ബി. ജിഷ്‌ണുവിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന്‌ ആവശ്യപ്പെട്ടായിരുന്നു സമരം.
കഴിഞ്ഞ ദിവസം വൈകിട്ട്‌ കോളജിലെ വനിതാ ഹോസ്‌റ്റലില്‍ ഉണ്ടായ സംഭവവുമായി ബന്ധപ്പെട്ടാണ്‌ കെ.ബി. ജിഷ്‌ണുവിനെയും രഞ്‌ജിത്ത്‌ എന്ന വിദ്യാര്‍ഥിയെയും സസ്‌പെന്‍ഡ്‌ ചെയ്‌തത്‌. വൈകിട്ട്‌് ആറിനു ശേഷം വനിതാ ഹോസ്‌റ്റലില്‍ എത്തിയ വിദ്യാര്‍ഥിനിയെ റസിഡന്റ്‌ ട്യൂട്ടര്‍ ഹോസ്‌റ്റലില്‍ കയറ്റിയിരുന്നില്ല. എന്നാല്‍ ഒരു മിനിറ്റ്‌ മാത്രമാണ്‌ താമസിച്ചതെന്നാണ്‌ വിദ്യാര്‍ഥികള്‍ പറയുന്നത്‌. തുടര്‍ന്ന്‌ ഹോസ്‌റ്റലിലെത്തിയ ജിഷ്‌ണുവും എസ്‌.എഫ്‌.ഐ. പ്രവര്‍ത്തകന്‍ രഞ്‌ജിത്തും അധ്യാപികയുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു.
വനിതാ ഹോസ്‌റ്റലില്‍ അതിക്രമിച്ചു കയറി റെസിഡന്റ്‌ ട്യൂട്ടര്‍ ഇന്‍ ചാര്‍ജ്‌ വഹിച്ചിരുന്ന അധ്യാപികയോട്‌ മോശമായി സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തുവെന്നാരോപിച്ച്‌ കോളജ്‌ കൗണ്‍സില്‍ കേസെടുത്ത്‌ ഇരുവരെയും സസ്‌പെന്‍ഡ്‌ ചെയ്യുകയായിരുന്നു. സസ്‌പെന്‍ഷനില്‍ പ്രതിഷേധിച്ച്‌ എസ്‌.എഫ്‌.ഐയുടെ നേതൃത്വത്തില്‍ ബുധനാഴ്‌ച രാവിലെ 10.30 മുതല്‍ പ്രിന്‍സിപ്പലിനെ മുറിയില്‍ പൂട്ടിയിട്ട്‌ സമരം ആരംഭിച്ചു. കോളജ്‌ കൗണ്‍സിലെടുത്തത്‌ കള്ളക്കേസാണെന്ന്‌ എസ്‌.എഫ്‌.ഐ.നേതാക്കള്‍ ആരോപിച്ചു. സ്‌ഥിരമായി താമസിച്ചാണ്‌ ചില വിദ്യാര്‍ഥിനികള്‍ ക്ലാസില്‍ എത്തുന്നതെന്ന്‌ പ്രിന്‍സിപ്പലും അറിയിച്ചു. കട്ടപ്പന പോലീസ്‌ സ്‌ഥലത്തെത്തിയെങ്കിലും സമരക്കാര്‍ പിന്മാറിയില്ല. തുടര്‍ന്ന്‌ രണ്ടിന്‌ സ്‌റ്റാഫ്‌ കൗണ്‍സില്‍ കൂടിയെങ്കിലും സസ്‌പെന്‍ഷന്‍ പിന്‍വലിക്കില്ലെന്ന്‌ തീരുമാനിച്ചു. ഇതോടെ പ്രിന്‍സിപ്പലിനെ പുറത്ത്‌ വിടില്ലെന്ന്‌ സമരക്കാരും പ്രഖ്യാപിച്ചു. നാലോടെ പോലീസും സമരക്കാരും തമ്മില്‍ നേരിയ സംഘര്‍ഷം ഉണ്ടായി. സമരക്കാരെ അറസ്‌റ്റ്‌ ചെയ്‌ത്‌ നീക്കാന്‍ കൂടുതല്‍ പോലീസ്‌ സ്‌ഥലത്തെത്തിയെങ്കിലും എട്ട്‌ ദിവസമായിരുന്ന സസ്‌പെന്‍ഷന്‍ അഞ്ച്‌ ദിവസമായി കുറച്ചതോടെ വിദ്യാര്‍ഥികള്‍ 4.30 ന്‌ പരിഞ്ഞുപോയി.

LEAVE A REPLY

Please enter your comment!
Please enter your name here