കോവിഡ്‌ ആവര്‍ത്തിച്ചാല്‍ മരണസാധ്യത രണ്ടിരട്ടി

0


കൊച്ചി : തുടരെ കോവിഡ്‌ പിടിപെട്ടാല്‍ മരണസാധ്യത രണ്ടിരട്ടിയെന്നു പഠനം. ആവര്‍ത്തിച്ചു കോവിഡ്‌ ബാധിതരാകുന്നവരില്‍ ആരോഗ്യസ്‌ഥിതി ദുര്‍ബലമാകുമെന്നും മരണസാധ്യത ഓരോ തവണയും വര്‍ധിക്കുമെന്നും വിദഗ്‌ധര്‍.
നേച്ചര്‍ ജേണലിലാണു പുതിയ പഠന റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചിരിക്കുന്നത്‌. ഒന്നു മുതല്‍ നാലിലധികം തവണ വരെ കോവിഡ്‌ ബാധിച്ച അഞ്ചു ലക്ഷം രോഗികളെ വിശകലനം ചെയ്‌തായിരുന്നു പഠനം. ഒരിക്കല്‍ മാത്രം വന്നു പോയവരെ അപേക്ഷിച്ച്‌ ഒന്നിലധികം തവണ കോവിഡ്‌ ബാധിച്ചവരില്‍ പല ഗുരുതര രോഗാവസ്‌ഥകളും കണ്ടെത്തി. തുടരെ കോവിഡ്‌ ബാധിക്കുന്നതു മൂലം ശ്വാസകോശം, ഹൃദയം, നാഡീവ്യൂഹം എന്നിവയ്‌ക്ക്‌ കാര്യമായ തകരാര്‍ സംഭവിക്കുമെന്നാണ്‌ പഠനത്തിലുള്ളത്‌. വാക്‌സിനെടുത്തവരിലും എടുക്കാത്തവരിലും ഇതേ നിരീക്ഷണമുണ്ട്‌.
ഒന്നിലധികം തവണ കോവിഡ്‌ വന്നവര്‍ക്ക്‌ മരണസാധ്യത രണ്ടിരട്ടിയും ഹൃദ്രോഗ സാധ്യതയും രക്‌തം കട്ടപിടിക്കാനുള്ള സാധ്യതയും മൂന്നിരട്ടിയുമാണ്‌. നാഡീ-ഞരമ്പു രോഗങ്ങള്‍ക്ക്‌ 60 ശതമാനം അധികം സാധ്യതയ്‌ക്കു പുറമേ വൃക്കരോഗം, പ്രമേഹം, മാനസിക പ്രശ്‌നം, എല്ലുകള്‍ക്കും മസിലുകള്‍ക്കും ക്ഷയം എന്നിവയും പ്രതീക്ഷിക്കാം.
ഒമിക്രോണ്‍ വകഭേദം വ്യാപകമായശേഷം ഒരിക്കല്‍ പിടിപെട്ടവര്‍ വീണ്ടും രോഗബാധിതരാകുന്നുണ്ട്‌. എന്നാല്‍, മാരക പ്രഹര ശേഷിയുള്ള ഡെല്‍റ്റയെ അപേക്ഷിച്ച്‌ ഒമിക്രോണ്‍, പ്രത്യേകിച്ച്‌ ഒരിക്കല്‍ മാത്രം വന്നവരില്‍, പൊതുവേ ഗുരുതരാവസ്‌ഥ സൃഷ്‌ടിക്കുന്നില്ലെന്നും പഠനത്തില്‍ കണ്ടെത്തി.
കഴിഞ്ഞ ഏപ്രിലില്‍ നടത്തിയ പഠനത്തില്‍ ആവര്‍ത്തിച്ചു രോഗം വന്നവര്‍ 15 ശതമാനമായിരുന്നു എന്ന്‌ ഇതു സംബന്ധിച്ച്‌ പഠനം നടത്തിയ ഐ.എം.എ. സംസ്‌ഥാന റിസര്‍ച്ച്‌ സെല്‍ വൈസ്‌ ചെയര്‍മാനും കോവിഡ്‌ വിദഗ്‌ധനുമായ ഡോ. രാജീവ്‌ ജയദേവന്‍ വ്യക്‌തമാക്കുന്നു. ഇതിനകം ശതമാനക്കാണക്ക്‌ ഏറിയിട്ടുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. നിരന്തരം രൂപമാറ്റം നടത്തുന്ന, വീണ്ടും തരംഗങ്ങളായി വരാന്‍ ശേഷിയുള്ള ഈ വൈറസ്‌ മൂലം ഏറെക്കാലത്തിനു ശേഷം ഉണ്ടാകാവുന്ന രോഗങ്ങള്‍ എന്താണെന്ന്‌ ഇപ്പോള്‍ പ്രവചിക്കാന്‍ സാധ്യമല്ലെന്നാണു വിദഗ്‌ധാഭിപ്രായം.

തുടരെ കോവിഡ്‌ പിടിപെട്ടാല്‍

ഒരിക്കല്‍ കോവിഡ്‌ വന്നവരെ അപേക്ഷിച്ച്‌ മരണസാധ്യത രണ്ടിരട്ടി
ഹൃദയം, ശ്വാസകോശം, നാഡീവ്യൂഹം എന്നിവയ്‌ക്ക്‌ ഗുരുതര രോഗബാധ
ഒരുവര്‍ഷം വരെ ഹൃദ്രോഗം, മസ്‌തിഷ്‌കാഘാതം എന്നിവയ്‌ക്കു സാധ്യത
മാസങ്ങള്‍ നീളുന്ന ക്ഷീണം, തളര്‍ച്ച, ശ്വാസംമുട്ടല്‍, ശരീരവേദന.

LEAVE A REPLY

Please enter your comment!
Please enter your name here