വടക്കഞ്ചേരി അപകടം; ‘ജോമോൻ രക്ഷപ്പെട്ടത് പൊലീസിന്റെ വീഴ്ച്ച’; രൂക്ഷ വിമർശനവുമായി ഷാഫി പറമ്പിൽ എം എൽ എ

0

പാലക്കാട്: വടക്കഞ്ചേരി അപകടത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ഷാഫി പറമ്പിൽ എം എൽ എ. ഡ്രൈവർ ജോമോൻ രക്ഷപ്പെട്ടത് പൊലീസിന്റെ വീഴ്ച്ചയാണെന്നും ആശുപത്രി അധികൃതരെ പോലും അറിയിക്കാത്തതിനാലാണ് ജോമോൻ കടന്നുകളഞ്ഞതെന്നും എം എൽ‍ എ പറഞ്ഞു.

വടക്കഞ്ചേരി വാഹനാപകടവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ഇന്ന് അന്തിമ റിപ്പോർട്ട് സമർപ്പിക്കും. ട്രാൻസ്പോർട്ട് കമ്മിഷണർക്കാണ് റിപ്പോർട്ട് കൈമാറുക. ടൂറിസ്റ്റ് ബസിന്റെ ശരാശരി വേഗത 84 കീമി ആയിരുന്നുവെന്ന് ആർടിഒ എൻഫോസ്മെന്റ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ വൈകിട്ട് ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ അപകടസ്ഥലത്ത് പരിശോധന നടത്തിയിരുന്നു.

നിയമവിരുദ്ധമായി രൂപമാറ്റം നടത്തിയ ടൂറിസ്റ്റ് ബസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന ഇന്ന് മുതൽ കർശനമായി നടക്കും. അനധികൃതമായി ഘടിപ്പിച്ചവയെല്ലാം മാറ്റി രണ്ടുദിവസത്തിനുള്ളിൽ ബസ് വീണ്ടും പരിശോധനയ്ക്ക് എത്തിക്കണമെന്നാണ് നിർദേശം. അനധികൃത രൂപമാറ്റം നടത്തിയതിന് 23 ബസുകൾക്കെതിരെ നടപടിയെടുത്തു. ബസുകൾക്ക് 6,500 വീതം പിഴയും ചുമത്തി.

ആലുവയിൽ 13 ടൂറിസ്റ്റ് ബസുകൾക്കെതിരെയാണ് മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തത്. ഇന്നലെ നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. എറണാകുളത്ത് ഇന്നലെ മാത്രം നടപടിയെടുത്തത് 29 ബസുകൾക്കെതിരെയാണ്. രണ്ട് ബസുകളുടെ ഫിറ്റ്നെസും റദ്ദാക്കിയിട്ടുണ്ട്.

വടക്കഞ്ചേരി ബസ് അപകടത്തിൽ ബസ് ഉടമ അരുൺ അറസ്റ്റിലായി. പ്രേരണക്കുറ്റം ചുമത്തിയാണ് ഉടമയെ അറസ്റ്റ് ചെയ്തത്. മൂന്നു മാസത്തിനിടെ 19 തവണ ജോമോൻ വേഗ പരിധി ലംഘിച്ചുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് ഉടമയെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുന്നുണ്ട്.

ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോന്റെ അറസ്റ്റും നേരത്തെ രേഖപ്പെടുത്തിയിരുന്നു. അപകടത്തിന് ശേഷം കടന്നു കളഞ്ഞ ജോമോനെ തിരുവനന്തപുരത്തേയ്ക്ക് സഞ്ചരിക്കവേ കൊല്ലം ചവറയിൽ നിന്നാണ് പിടികൂടിയത്. പാലക്കാട് നിന്ന് കടന്നുകളഞ്ഞത് സ്വിഫ്റ്റ് കാറിലാണെന്നും ജോമോൻ പിടിയിലാകുമ്പോൾ പരിക്കുകൾ ഉണ്ടായിരുന്നുവെന്നും പൊലീസ് വെളിപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here