വിദ്യാർത്ഥിയെ സ്റ്റേഷനിലിട്ട് മർദ്ദിച്ചത് ‘നീ എസ്എഫ്ഐക്കാരനല്ലേ’ എന്ന് ചോദിച്ച്; സംഭവത്തി​ന്റെ ദൃശ്യങ്ങളും പുറത്ത്; കോതമംഗലം എസ്ഐയെ സസ്പെൻഡ് ചെയ്തു

0

കൊച്ചി: വിദ്യാർത്ഥിയെ സ്റ്റേഷനിലിട്ട് മർദ്ദിച്ച സംഭവത്തിൽ കോതമംഗലം എസ്ഐക്ക് സസ്പെൻഷൻ. എറണാകുളം റൂറൽ എസ് പിയാണ് എസ് ഐ മാഹിൻ സലിമിനെ സസ്പെൻഡ് ചെയ്തത്.(kothamangalam si suspended) എസ് എഫ് ഐ പ്രവർത്തകനും മാർ ബസേലിയോസ് കോളജിലെ വിദ്യാർത്ഥിയുമായ റോഷനാണ് മർദനമേറ്റത്. മർദ്ദനത്തിന്റെ വീഡിയോ പുറത്തു വന്നിരുന്നു.

കോതമം​ഗലം തങ്കളത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് പൊലീസ് ഏതാനും വിദ്യാർത്ഥികളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയിരുന്നു. ഇക്കാര്യം അന്വേഷിക്കാനെത്തിയ വിദ്യാർത്ഥിയെയാണ് പൊലീസ് മർദ്ദിച്ചത്. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.

വിദ്യാർത്ഥികൾ കൂട്ടം കൂടി നിന്ന് ഭക്ഷണം കഴിക്കുന്നതിനിടെ സ്ഥലത്ത് എത്തിയ പൊലീസ് പട്രോളിംഗ് പാർട്ടി ഒരു വിദ്യാർത്ഥിയെ ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇതേ കുറിച്ച് അന്വേഷിക്കാനായി വിദ്യാർത്ഥികൾ സംഘമായി പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു.

വാക്കുതർക്കത്തിനിടെയാണ് എസ്ഐ റോഷിനെ സ്റ്റേഷനകത്തേക്ക് വലിച്ചു കൊണ്ടുപോയി മർദ്ദിച്ചത്. എസ്എഫ്ഐക്കാരാണെന്ന് വിദ്യാർത്ഥികൾ പറയുമ്പോൾ, നീ എസ്എഫ്ഐക്കാരനല്ലേ എന്ന് ചോദിച്ചാണ് എസ്ഐയുടെ മർദ്ദനം. അകാരണമായാണ് പൊലീസ് മർദ്ദിച്ചതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.

അതേസമയം വിദ്യാർത്ഥികൾ കൂടി നിന്ന കടയ്ക്ക് സമീപം ലഹരി വിൽപന നടക്കുന്നുവെന്ന പരാതി ഉയർന്നിട്ടുണ്ടെന്നും നിശ്ചിത സമയത്തിനപ്പുറം പ്രവർത്തിക്കരുതെന്ന് ഈ കടയ്ക്ക് നിർദേശം നൽകിയിരുന്നതാണെന്നുമാണ് പൊലീസ് വിശദീകരണം.

ഇന്നലെ ഇത് തെറ്റിച്ച് പ്രവർത്തിച്ചത് ചോദ്യം ചെയ്യുന്നതിനിടെ വിദ്യാർത്ഥികൾ പ്രതിഷേധവുമായി എത്തുകയായിരുന്നുവെന്നും സ്റ്റേഷനിലെത്തിയ വിദ്യാർത്ഥികളെ പിരിച്ചു വിടാനുള്ള ശ്രമമാണ് നടത്തിയതെന്നും പൊലീസ് വിശദീകരിച്ചു. വിദ്യാർത്ഥികളിൽ ചിലർക്കെതിരെ പൊലീസ് കേസെടുത്തതായാണ് വിവരം. ഇവരുടെ രക്ത സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here