120 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്നുമായി എയർ ഇന്ത്യ മുൻ പൈലറ്റ് അടക്കം ആറു പേരെ നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തു

0

മുംബൈ: 120 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്നുമായി എയർ ഇന്ത്യ മുൻ പൈലറ്റ് അടക്കം ആറു പേരെ നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്തു. 60 കിലോഗ്രാം ലഹരി മരുന്നാണ് ഇവരിൽ നിന്നും എൻസിബി പിടിച്ചെടുത്തത്. എൻസിബി മുംബൈ യൂണിറ്റ് ഗുജറാത്തിലെ ജാംനഗറിൽ തിങ്കളാഴ്ച നടത്തിയ റെയ്ഡിൽ 10 കിലോഗ്രാം ലഹരിമരുന്നു പിടിച്ചെടുത്തിരുന്നു. അവിടെനിന്ന് ഒരാളെയും മുംബൈയിൽനിന്നു 3 പേരെയും അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മുംബൈ ഛത്രപതി ശിവാജി ടെർമിനസിന് സമീപത്തുള്ള ഗോഡൗണിൽനിന്ന് 50 കിലോ ലഹരിമരുന്നു കൂടി കണ്ടെത്തിയതിനൊപ്പം രണ്ട് പേരെക്കൂടി അറസ്റ്റ് ചെയ്തു.

അറസ്റ്റിലായ സംഘം വിവിധ സംസ്ഥാനങ്ങളിൽ 225 കിലോഗ്രാം ലഹരിമരുന്ന് വിതരണം ചെയ്തിട്ടുണ്ടെന്ന് അന്വേഷണസംഘം അറിയിച്ചു. മുൻ പൈലറ്റ് എസ്.ജി.മഹിദ, വി.ഭാസ്‌കർ, എസ്.എം.ചൗധരി, മുത്തു, അലി, എം.എഫ്.കിസ്റ്റി എന്നിവരാണ് പിടിയിലായത്. യുഎസിൽനിന്നു പൈലറ്റ് പരിശീലനം പൂർത്തിയാക്കിയ ആളാണ് മഹിദ. 2016 18 ൽ എയർ ഇന്ത്യയിൽ പ്രവർത്തിച്ചിരുന്നു. ആരോഗ്യകാരണങ്ങളാൽ ജോലി വിട്ടു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് എൻസിബി ഡപ്യൂട്ടി ഡയറക്ടർ ജനറൽ സഞ്ജയ് സിങ് പറഞ്ഞു.

കോടികളുടെ ലഹരി മരുന്നാണ് ദിനം പ്രതി എന്നോണം ഇന്ത്യൻ തീരങ്ങളിൽ നിന്നും പിടികൂടുന്നത്. 2021 സെപ്റ്റംബറിൽ 21,000 കോടി രൂപ വിലമതിക്കുന്ന 3000 കിലോ ഹെറോയിൻ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് പിടിച്ചു. 2022 ഏപ്രിലിൽ 1439 കോടി രൂപയുടെ 205.6 കിലോ ഹെറോയിൻ ഗുജറാത്തിലെ കാണ്ഡ്ല തുറമുഖത്തിനു സമീപത്ത് കണ്ടെയ്‌നറിൽ നിന്നു പിടികൂടി. മെയ്‌ മാസത്തിൽ 500 കോടി രൂപയുടെ 56 കിലോ കൊക്കെയ്ൻ മുന്ദ്ര തുറമുഖത്തിനു സമീപത്തുനിന്നും 450 കോടി രൂപ വിലയുള്ള 90 കിലോ ഹെറോയിൻ ഗുജറാത്തിലെ അമ്രേലി ജില്ലയിൽ നിന്നും പിടിച്ചു.

ജൂലൈയിൽ 376 കോടി രൂപയുടെ 75 കിലോ ഹെറോയിൻ മുന്ദ്ര തുറമുഖപരിസരത്തു നിന്ന് പിടിച്ചെടുത്തു. ഓഗസ്റ്റ്: മഹാരാഷ്ട്രയിലെ പാൽഘറിലെ കെമിക്കൽ ഫാക്ടറിയിൽ നിന്ന് 1400 കോടി രൂപ വിലമതിക്കുന്ന 700 കിലോഗ്രാം മെഫെഡ്രോൺ പിടികൂടി. സെപ്റ്റംബർ 30ന് നവിമുംബൈയിലെ വാശിയിൽ, മലയാളി വിജിൻ വർഗീസ് ഉൾപ്പെട്ട സംഘത്തിൽ നിന്ന് 1476 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി.

LEAVE A REPLY

Please enter your comment!
Please enter your name here