അതൃപ്‌തി മുഖ്യമന്ത്രിയെ അറിയിക്കാം; മന്ത്രിമാരെ നേരിട്ട്‌ പുറത്താക്കാനാവില്ല , ഭരണഘടനാവിദഗ്‌ധര്‍ പറയുന്നു

0



കൊച്ചി : മന്ത്രിമാരെ പിന്‍വലിക്കാനുള്ള ഗവര്‍ണറുടെ അധികാരം ഭരണഘടനയില്‍ സുവ്യക്‌തമായി പരാമര്‍ശിക്കുന്നില്ലെന്നു നിയമവിദഗ്‌ധര്‍.
ഭരണഘടന ഗവര്‍ണര്‍ക്കു നല്‍കുന്നത്‌ വിവേചനാധികാരം മാത്രമാണ്‌. ഗവര്‍ണര്‍ക്ക്‌ അതൃപ്‌തിയുണ്ടായാല്‍ മന്ത്രിയെ പിന്‍വലിക്കാനുള്ള അധികാരം ഭരണഘടന ഉറപ്പിച്ചുപറയുന്നില്ല. വ്യക്‌തമായ ഭരണഘടനാലംഘനം ചൂണ്ടിക്കാട്ടി മാത്രമേ അത്തരം കടുത്തനടപടികളിലേക്കു ഗവര്‍ണര്‍ക്കു കടക്കാന്‍ കഴിയൂ.
ബി.പി. സിംഗാള്‍ കേസില്‍ (2010) സുപ്രീം കോടതി ഭരണഘടനാ ബെഞ്ച്‌ ഗവര്‍ണറുടെ വിവേചനാധികാരം വ്യക്‌തമായി സൂചിപ്പിക്കുന്നുണ്ട്‌. എന്നാല്‍ വ്യക്‌തിപരമായ ഇഷ്‌ടാനിഷ്‌ടങ്ങളുടെ പേരില്‍ അധികാരപ്രയോഗം അനുവദനീയമല്ല. ഗവര്‍ണറുടെ അധികാരപരിധി ഒരിക്കല്‍ക്കൂടി ചര്‍ച്ചയായിരിക്കുകയാണെന്നു ഭരണഘടനാവിദഗ്‌ധന്‍ ഡോ. പോളി മുരിക്കന്‍ ചൂണ്ടിക്കാട്ടി. വിവേചനാധികാരം സ്വേച്‌ഛാപരമായി വിനിയോഗിക്കരുത്‌. അസാധാരണ സാഹചര്യവും ഭരണഘടനാലംഘനവുമുണ്ടെന്ന്‌ മന്ത്രിസഭയുടെ തലവനായ മുഖ്യമന്ത്രിയെ ആദ്യം അറിയിക്കുകയാണു വേണ്ടത്‌.
ഭരണഘടനയുടെ 164-ാം അനുഛേദപ്രകാരം ഗവര്‍ണറാണു മുഖ്യമന്ത്രിയെ നിയമിക്കുന്നത്‌. മറ്റ്‌ മന്ത്രിമാരെ മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരവും. പശ്‌ചിമബംഗാള്‍-മഹാബീര്‍ പ്രസാദ്‌ കേസിലെ (1969) കല്‍ക്കട്ട ഹൈക്കോടതി വിധിയിലും ഗവര്‍ണറുടെ വിവേചനാധികാരം വ്യക്‌തമാക്കുന്നുണ്ട്‌.

LEAVE A REPLY

Please enter your comment!
Please enter your name here