ഹാരിസിന്റെയും ഡെൻസിയുടെയും മരണം; മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്ത് നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്; അബുദാബിയിൽ അരങ്ങേറിയത് കൊലപാതകം തന്നെയെന്ന് സൂചന

0

നിലമ്പൂർ: അബുദാബിയിൽ മരിച്ച പ്രവാസി വ്യവസായിയുടെയും സഹപ്രവർത്തകയുടെയും മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്ത് നടത്തിയ പോസ്റ്റ്മോർട്ടങ്ങളുടെ ഫലം പുറത്ത്. കൊലപാതകമാണെന്ന് സ്ഥിരീകരിക്കുന്നതാണ് റിപ്പോർട്ടുകളെന്ന് സൂചന. കോഴിക്കോട്ടെ പ്രവാസി വ്യവസായി തത്തമ്മപറമ്പിൽ ഹാരിസ്, സഹപ്രവർത്തക ഡെൻസി എന്നിവരെ കൊലപ്പെടുത്തിയതാണെന്ന് മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാ ബാ ഷരീഫ് വധക്കേസിലെ കൂട്ടുപ്രതികളുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് വീണ്ടും പോസ്റ്റുമോർട്ടം നടത്തിയത്.

2020 മാർച്ച് 5ന് ആണ് അബുദാബിയിലെ ഫ്ലാറ്റിൽ ഹാരിസ്, ഡെൻസി എന്നിവരെ മരിച്ച നിലയിൽ കണ്ടത്. ഡെൻസിയെ കൊലപ്പെടുത്തി, കൈ ഞരമ്പ് മുറിച്ച് ഹാരിസ് ആത്മഹത്യ ചെയ്തെന്നാണ് സാഹചര്യ തെളിവുകൾ വച്ച് അബുദാബി പൊലീസ് കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് നിഗമനത്തെ സാധൂകരിച്ചു. തുടർന്ന് ഹാരിസിന്റെ മൃതദേഹം മാർച്ച് 9 ന് നാട്ടിലെത്തിച്ച് കുന്ദമംഗലം ഈസ്റ്റ് മലയമ്മ ജുമാമസ്ജിദിൽ കബറടക്കി. ഡെൻസിയുടെ മൃതദേഹം ചാലക്കുടി പള്ളിയിലും സംസ്കരിച്ചു. മരണങ്ങളിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഹാരിസിന്റെ കുടുംബം പരാതി നൽകിയെങ്കിലും ഭീഷണികൾക്ക് മുൻപിൽ നിസഹായരായി.

ഷാബാ ഷരീഫ് വധക്കേസിലെ മുഖ്യപ്രതി നിലമ്പൂർ കൈപ്പഞ്ചേരി ഷൈബിൻ അഷ്റഫിന്റെ നിർദേശപ്രകാരം ഹാരിസിനെയും ഡെൻസിയെയും വധിച്ചതായി കൂട്ടാളികളുടെ വെളിപ്പെടുത്തലുകൾ വഴിത്തിരിവായി. ഹാരിസിന്റെ മാതാവ് സാറാബി, സഹോദരി ഹാരി ഫ എന്നിവരുടെ പരാതിയിൽ കൊലക്കുറ്റത്തിന് നിലമ്പൂർ പൊലീസ് കേസെടുത്തു. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി സാജു കെ.ഏബ്രഹാമിന്റെ അപേക്ഷ പ്രകാരം ഹാരിസിന്റെ മൃതദേഹാവശിഷ്ടങ്ങൾ കഴിഞ്ഞ ഓഗസ്റ്റ് 8ന് പുറത്തെടുത്ത് കോഴിക്കോട് മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗം മേധാവി ഡോ.ലിസ ജോണിന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി.

തുടർന്ന് തൃശൂർ മെഡിക്കൽ കോളജിലെ ഫൊറൻസിക് വിദഗ്ദൻ ഡോ.ഉന്മേഷിന്റെ മേൽനോട്ടത്തിൽ ഒാഗസ്റ്റ് 25 ന് ആണ് ഡെൻസിയുടെ പോസ്റ്റ്മോർട്ടം നടത്തിയത്. അവശിഷ്ടങ്ങൾ രാസപരിശോധനക്ക് അയച്ചു. ഹാരിസിന്റെ കൈയിലെ മുറിവ് ആഴത്തിലുള്ളതാണെന്നും, സ്വയം മുറിച്ചതല്ലെന്നും റിപ്പോർട്ടിലെ സൂചന കൊലപാതകത്തിന് തെളിവാണ്. റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. കേസ് അന്വേഷിക്കുന്ന സിബിഐ തിരുവനന്തപുരം യുണിറ്റിന് ഫയലിനൊപ്പം പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ പൊലീസ് കൈമാറി.

LEAVE A REPLY

Please enter your comment!
Please enter your name here