പോലീസ് താക്കീത് നൽകിയിട്ടും മൃഗബലി; ഇടുക്കിയിലെ ആഭിചാരകേന്ദ്രത്തിനെതിരെ സിപിഎം പ്രതിഷേധം; ബലിത്തറ പൊളിച്ചുമാറ്റി പ്രവർത്തകർ

0

ഇടുക്കി: ഇടുക്കിയിലെ ആഭിചാരകേന്ദ്രത്തിനെതിരെ സിപിഎം പ്രതിഷേധം. സ്ഥലത്തെ ബലിത്തറകൾ പ്രവത്തകർ പൊളിച്ച് നീക്കി. പൊലീസ് താക്കീതു നല്‍കിയിട്ടും ഇവിടെ മൃഗബലി അടക്കം നടക്കുന്നു എന്നാരോപിച്ചായിരുന്നു പ്രതിഷേധം. തങ്കമണി യൂദാഗിരിയില്‍ റോബിന്‍ എന്നയാളുടെ സ്ഥലത്ത് അദ്ദേഹത്തിന്റെ വീടിനോട് ചേര്‍ന്നാണ് മന്ത്രവാദം നടക്കുന്നതായി ആരോപണം ഉണ്ടായിരുന്നത്. നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മന്ത്രവാദവും ആഭിചാരകര്‍മ്മങ്ങളും നടക്കുന്നതായി മനസ്സിലായത്.

ഞായറാഴ്ച പൊലീസ് നടത്തിയ പരിശോധനയില്‍ ബലിത്തറകളും പൂജാ സാമഗ്രികളും, ബലിക്ക് ഉപയോഗിച്ചിരുന്ന കത്തി ഉള്‍പ്പെടെയുള്ളവ കണ്ടെത്തിയിരുന്നു. പൊലീസ് താക്കീത് നല്‍കി മടങ്ങിയെങ്കിലും ബലിത്തറകള്‍ പൊളിച്ചു നീക്കിയിരുന്നില്ല.

തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകര്‍ ഇയാളുടെ പുരയിടത്തില്‍ കയറി പരിശോധന നടത്തുകയായിരുന്നു. വാടത്തടകള്‍ കൊണ്ട് മൂടിയിട്ട നിലയിലായിരുന്നു ബലിത്തറകള്‍. ഒരു ബലിത്തറയില്‍ മന്ത്രവാദം നടത്തി കത്തി കുത്തി വെച്ച നിലയിലുമായിരുന്നുവെന്നും സിപിഎം പ്രവര്‍ത്തകര്‍ പറഞ്ഞു. തുടര്‍ന്ന് ബലിത്തറകള്‍ പ്രവര്‍ത്തകര്‍ നശിപ്പിച്ചു.

നാട്ടുകാർ ഉൾപ്പെടെ റോബിന്റ പറമ്പിൽ പരിശോധന നടത്തിയപ്പോൾ കോഴിയുടെ വേസ്റ്റും മറ്റും ഇവിടെ സൂക്ഷിച്ചിരിക്കുന്നതായി കണ്ടു. ദുർ​ഗന്ധം വമിക്കുന്ന രീതിയിലായിരുന്നു. ഇക്കാര്യങ്ങളെല്ലാം പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. എന്നാൽ പൊലീസ് ഇതുവരെ ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല. ഇതിനെ തുടർന്നാണ് സിപിഎം വീണ്ടും പ്രതിഷേധവുമായി രം​ഗത്തെത്തിയത്. സിപിഎം കാമാക്ഷി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധ മാർച്ച് ഇയാളുടെ വീടിന് മുന്നിലെത്തി. ഇയാൾക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യുന്നത് വരെ പ്രതിഷേധം മുന്നോട്ട് കൊണ്ടുപോകുമെന്നാണ് സിപിഎം പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here