ഭീഷണിപ്പെടുത്തി കടയടപ്പിക്കാൻ ശ്രമിച്ച സംഭവം; രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പിടിയിൽ

0

കണ്ണൂർ: കണ്ണൂരിൽ ഹർത്താൽ ദിനത്തിൽ നിർബന്ധിച്ച് കടയടപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. പന്നിയൂർ സ്വദേശികളായ അൻസാർ, ജംഷീർ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും പിഎഫ്ഐ പ്രവർത്തകരാണ്. നിലവിൽ തളിപ്പറമ്പ് പോലീസ് സ്റ്റേഷനിൽ ഉള്ള ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി ഉടൻ റിമാന്റ് ചെയ്യും.

കടയുടമ അൻഷാദിന്റെ പരാതിയിൽ ആയിരുന്നു തളിപ്പറമ്പ് പൊലീസ് കേസെടുത്തത്. ഹർത്താൽ അനുകൂലികൾ ഭീഷണിപ്പെടുത്തിയിട്ടും അൻഷാദ് കട അടയ്ക്കാൻ തയ്യാറായിരുന്നില്ല. തളിപ്പറമ്പ് നാടുകാണിയിലെ ആഷാദാണ് ഹർത്താൽ അനുകൂലികളെ പ്രതിരോധിച്ചത്.

അതിനിടെ കണ്ണൂര്‍ പയ്യന്നൂരില്‍ കട അടപ്പിക്കാനെത്തിയ ഹര്‍ത്താല്‍ അനുകൂലികളെ നാട്ടുകാര്‍ തല്ലിയോടിച്ചു. കട അടപ്പിക്കാനുള്ള പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ശ്രമത്തെ നാട്ടുകാര്‍ തടഞ്ഞു. ഇവരെ കയ്യേറ്റം ചെയ്ത നാട്ടുകാര്‍, സംഘത്തിലുണ്ടായിരുന്ന നാലുപേരെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു.

അതേസമയം സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താലിനിടെ വ്യാപക അക്രമമാണ് ഉണ്ടായത്. കെഎസ്ആര്‍ടിസി ബസുകളും ലോറികളും സ്വകാര്യവാഹനങ്ങളും വ്യാപകമായി ആക്രമിക്കപ്പെട്ടു. കോഴിക്കോടും തിരുവനന്തപുരത്തും നെടുമ്പാശേരിയിലും ഹോട്ടലുകളും കടകളും അടിച്ചു തകര്‍ത്തു.

സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ 51 കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നാശനഷ്ടമുണ്ടായിയെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. മുപ്പതോളം ബസ്സുകളുടെ ചില്ലുകള്‍ തകര്‍ക്കപ്പെട്ടു. ഹര്‍ത്താല്‍ അനുകൂലികള്‍ നടത്തിയ അക്രമത്തില്‍ 11 പേര്‍ക്ക് പരുക്കേറ്റു.

LEAVE A REPLY

Please enter your comment!
Please enter your name here