ദേവസ്വം ബോർഡ് ഉൾപ്പെടെ സർക്കാർ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്തു കോടികൾ കബളിപ്പിച്ചു; ഇന്നലെ ലഭിച്ചത് 10 പരാതികൾ

0

ദേവസ്വം ബോർഡ് ഉൾപ്പെടെ സർക്കാർ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്തു കോടികൾ കബളിപ്പിച്ച കേസിൽ അറസ്റ്റിലായ മുഖ്യ ഏജന്റ് കൊല്ലം ബിഎസ്എൻഎൽ സ്റ്റാഫ് ക്വാർട്ടേഴ്സ് ബി–10ൽ ഫെബിൻ ചാൾസ്, മുഖ്യപ്രതി ചെട്ടികുളങ്ങര കടവൂർ കല്ലിട്ടകടവിൽ വി.വിനീഷ്‌രാജ് എന്നിവർക്കെതിരെ ഇന്നലെ 10 പരാതികൾ കൂടി ലഭിച്ചു. കൊല്ലം ജില്ലയിൽ നിന്നു ലഭിച്ച ഈ പരാതികളിൽ മാത്രം ഒരു കോടി രൂപയുടെ തട്ടിപ്പ് പുറത്തുവന്നതായി അന്വേഷണ ഉദ്യോഗസ്ഥനായ ചെങ്ങന്നൂർ ഡിവൈഎസ്പി ഡോ. ആർ.ജോസ് പറഞ്ഞു.

അറസ്റ്റിലായ ഫെബിൻ ചാൾസ്, വിനീഷിന്റെ പ്രധാന ഏജന്റായി പ്രവർത്തിച്ച് 27 പേരിൽ നിന്ന് 3 കോടിയിലേറെ തട്ടിയെടുത്തെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ച വിവരം. 2 ദിവസത്തേക്കു കസ്റ്റഡിയിൽ ലഭിച്ച ഫെബിൻ ചാൾസിനെ കൂടുതൽ ചോദ്യം ചെയ്യും. ഫെബിൻ ചാൾസ്, ചെട്ടികുളങ്ങര കടവൂർ പത്മാലയം പി രാജേഷ് എന്നിവരെയാണു 2 ദിവസത്തേക്ക് അന്വേഷണ സംഘത്തിനു കസ്റ്റഡിയിൽ ലഭിച്ചത്.

ഇന്നലെ 10 പരാതികൾ ലഭിച്ചതോടെ മുഖ്യപ്രതി വിനീഷിനെതിരെ 54 പരാതികളായി. ഇതോടെ പരാതികൾ പ്രകാരം ജോലി വാഗ്ദാനം ചെയ്തു തട്ടിയെടുത്ത തുക 3.75 കോടി രൂപയായി. തട്ടിപ്പിന്റെ ഏജന്റായി പ്രവർത്തിച്ച ദമ്പതികളെക്കുറിച്ചു പൊലീസിനു വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. റിമാൻഡിലുള്ള വിനീഷ്, അരുൺ, ആദിത്യൻ എന്നിവരെ കസ്റ്റഡിയിൽ ലഭിക്കാൻ എറണാകുളം റേഞ്ച് ഡിഐജി നീരജ് കുമാർ ഗുപ്തയുടെ നിർദേശാനുസരണം പൊലീസ് ഇന്നലെ കോടതിയിൽ അപേക്ഷ നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here