നിർമൽകൃഷ്ണ നിക്ഷേപ തട്ടിപ്പ് കേസ്; 2434.13 ഗ്രാം സ്വർണം, 23.17 ലക്ഷം രൂപ വിലവരുന്ന ഹോളോബ്രിക്സ് കല്ലുകൾ എന്നിവ 30ന് ലേലം ചെയ്യും

0

പാറശാല∙നിർമൽകൃഷ്ണ നിക്ഷേപ തട്ടിപ്പ് കേസിൽ സ്ഥാപനത്തിൽ നിന്ന് പെ‍ാലീസ് കണ്ടെടുത്ത 2434.13 ഗ്രാം സ്വർണം, 23.17 ലക്ഷം രൂപ വിലവരുന്ന ഹോളോബ്രിക്സ് കല്ലുകൾ എന്നിവ 30ന് ലേലം ചെയ്യും. കേസ് പരിഗണിക്കുന്ന മധുരയിലെ പ്രത്യേക കോടതിയുടെ നിർദേശത്തെ തുടർന്നാണ് നടപടികൾ. 2017ൽ ആണ് മത്തംപാലയിൽ 55 വർഷമായി പ്രവർത്തിച്ചിരുന്ന സ്ഥാപനം16.500 നിക്ഷേപകരുടെ 600 കോടി രൂപയുമായി ഉടമകൾ മുങ്ങിയത്.

നിർമൽകൃഷ്ണയുടെ വിവിധ സ്ഥാപനങ്ങളിൽ നിന്ന് പെ‍ാലീസ് പിടികൂടിയതാണ് സ്വർ‌ണം. നിർമൽകൃഷ്ണയുടെ സഹോദര സ്ഥാപനമായ പളുകലിൽ പ്രവർത്തിച്ചിരുന്ന ഹോളോബ്രിക്സ് കമ്പനിയിൽ സൂക്ഷിച്ചിരുന്ന കല്ലുകൾ ആണ് ലേലം ചെയ്യുന്നത്. വിൽപന വില പെ‍ാലീസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പെ‍ാലീസ് കണ്ടെടുത്ത സ്ഥാപനത്തിന്റെ 15 വാഹനങ്ങളിൽ എട്ടെണ്ണം നാലു വർഷം മുൻപ് ലേലം ചെയ്തിരുന്നു. കേരള,തമിഴ്നാട് സംസ്ഥാനങ്ങളിൽ നാനൂറു ഏക്കറോളം ഭൂമി, കെട്ടിടങ്ങൾ,വ്യാപാര സമുച്ചയം, വീട് തുടങ്ങിയവ സ്ഥാപനത്തിനു ഉണ്ടെങ്കിലും ഭൂരിഭാഗവും ബെനാമി പേരുകളിൽ ആയതിനാൽ നിയമ നടപടി സ്വീകരിക്കാൻ കഴിഞ്ഞിട്ടില്ല.

പെ‍ാലീസ് കണ്ടുകെട്ടിയ ഭൂമിയിൽ പളുകൽ പഞ്ചായത്തിലെ ഏഴ് സെന്റ് ഭൂമി മാത്രം ആണ് ഇതുവരെ ലേലത്തിൽ കൂടെ വിൽപന നടത്തിയത്. ഇതോ‍ടെ‍ാപ്പം ചെറിയകെ‍ാല്ലയിൽ പത്തര ഏക്കർ ഭൂമി ലേലം ചെയ്തെങ്കിലും ലേലം പിടിച്ച വ്യക്തി തുക അടയ്ക്കാത്തതിനാൽ കൈമാറ്റം മുടങ്ങി. ലേല നടപടികൾ അട്ടിമറിക്കാനുള്ള പ്രതികളുടെ ശ്രമം ആണ് പണം കെട്ടി വയ്ക്കാത്തതിനു പിന്നിലെന്നും ആരോപണം ഉയർന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here