ഇൻഡക്‌ഷൻ കുക്കറിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 140 ഗ്രാം എംഡിഎംഎ 2 യുവാക്കൾ അറസ്റ്റിൽ

0

ആലപ്പുഴ ∙ ഇൻഡക്‌ഷൻ കുക്കറിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 140 ഗ്രാം എംഡിഎംഎ 2 യുവാക്കൾ അറസ്റ്റിൽ. കഞ്ഞിക്കുഴി 11–ാം വാർഡ് പുത്തൻചിറയിൽ ആഷിഖ് സുരേഷ് (ഉണ്ണി–28), കാർത്തികപ്പള്ളി മഹാദേവികാട് ശ്രീമന്ദിരത്തിൽ അതുൽ ദേവ് (അമ്പാടി 24) എന്നിവരെയാണ് സൗത്ത് പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് കെഎസ്ആർടിസി സ്റ്റാൻഡിനു സമീപത്തു നിന്നാണ് ഇവരെ പിടികൂടിയത്. 7 ലക്ഷം രൂപ വിലമതിക്കുന്ന എംഡിഎംഎയാണ് പിടികൂടിയത്.

ജില്ലയിലെ സ്ഥിരം ആവശ്യക്കാർക്കായി 10 ഗ്രാമിന് 3500 രൂപ മുതൽ 5000 രൂപവരെ വില പറഞ്ഞ് ഉറപ്പിച്ചശേഷമാണ് എംഡിഎംഎ എത്തിച്ചത്. മാസത്തിൽ രണ്ടോ മൂന്നോ തവണയെങ്കിലും ബെംഗളൂരുവിൽ നിന്ന് എംഡിഎംഎ എത്തിക്കാറുണ്ടെന്ന് അതുൽദേവ് പൊലീസിനോട് പറഞ്ഞു. എംഡിഎംഎ വാങ്ങാൻ എത്തിയതായിരുന്നു ആഷിഖ്.

ആലപ്പുഴ, എറണാകുളം ജില്ലകളിലെ ലഹരിക്കേസുകളിൽ പ്രതികളായ ഇരുവരും മാസങ്ങളായി ജില്ലാ ലഹരി വിരുദ്ധ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. 2021ൽ ഒരു എംഡിഎംഎ കേസിൽ ആഷിഖ് 7 മാസം ജയിലിലായിരുന്നു. ലഹരിവസ്തുക്കളുടെ വിൽപനയ്ക്കു പുറമേ, ഒട്ടേറെ അടിപിടിക്കേസുകളും ആഷിഖിന്റെ പേരിലുണ്ട്. പാതിരപ്പള്ളി പെട്രോൾ പമ്പിൽ നിന്നു 13 ലക്ഷം രൂപ കവർന്ന കേസിലും ആഷിഖ് പ്രതിയാണ്.

ജില്ലാ പൊലീസ് മേധാവി ജി. ജയദേവിന്റെ നിർദേശ പ്രകാരം നർകോട്ടിക് സെൽ ഡിവൈഎസ്പി എം.കെ.ബിനുകുമാറിന്റെയും ആലപ്പുഴ ഡിവൈഎസ്പി എൻ.ആർ.ജയരാജിന്റെയും നേതൃത്വത്തിൽ സൗത്ത് എസ്ഐ റെജിരാജ്, എസ്ഐമാരായ ഇസ്മയിൽ, അശോകൻ, മധു, സീനിയർ സിപിഒ സേതുമോൻ, സിപിഒമാരായ ജീനാസ്, ജയശങ്കർ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here