കനത്തമഴയേത്തുടര്‍ന്ന്‌ കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഒഴുക്കില്‍പ്പെട്ട്‌ രണ്ടുപേരെ കാണാതായി

0

കനത്തമഴയേത്തുടര്‍ന്ന്‌ കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഒഴുക്കില്‍പ്പെട്ട്‌ രണ്ടുപേരെ കാണാതായി. പമ്പ, മീനച്ചില്‍, മണിമലയാറുകള്‍ കരകവിഞ്ഞു. പമ്പയിലും മണിമലയാറ്റിലും ജലനിരപ്പ്‌ അപകടനിലയ്‌ക്കു മുകളില്‍.
കഴിഞ്ഞവര്‍ഷത്തെ പ്രളയക്കെടുതിയില്‍നിന്ന്‌ ഇനിയും കരകയറാത്ത കോട്ടയം ജില്ലയിലെ കൂട്ടിക്കലില്‍ പുല്ലുകയാറ്റിലെ കുത്തൊഴുക്കില്‍പ്പെട്ട്‌ കൂട്ടിക്കല്‍, കന്നുപറമ്പില്‍ റിയാസി(45)നെയാണു ചപ്പാത്തില്‍നിന്നു കാണാതായത്‌. ഒഴുകിവരുന്ന സാധനങ്ങള്‍ പിടിച്ചടുപ്പിക്കാനുള്ള ശ്രമത്തില്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഇന്നലെ രാവിലെ ഏഴരയോടെ പത്തനംതിട്ട, നാറാണംമൂഴി സര്‍വീസ്‌ സഹകരണ ബാങ്കിലെ സെയില്‍മാനും അത്തിക്കയം സ്വദേശിയുമായ ചീങ്കയില്‍ സി.ജെ. റെജി(52)യെ വീടിനോടു ചേര്‍ന്നുള്ള ചീകയില്‍ കടവില്‍ കാണാതായി.
ഏന്തയാറിന്റെ മലയോരമേഖലകളില്‍ ഒന്നിലേറെ സ്‌ഥലത്ത്‌ ഉരുള്‍പൊട്ടിയതോടെയാണു മണിമലയാറ്റില്‍ ജലനിരപ്പുയര്‍ന്നത്‌. മുണ്ടക്കയം കോസ്‌വേ മണിക്കൂറുകളോളം കവിഞ്ഞൊഴുകി. തുടര്‍ച്ചയായ രണ്ടാംദിവസവും മേലുകാവ്‌ ടൗണ്‍ വെള്ളത്തിനടിയില്‍. മീനച്ചിലാര്‍ കരകവിഞ്ഞതോടെ ഈരാറ്റുപേട്ടയിലെ കടകളില്‍ വെള്ളം കയറി. പാലാ-ഈരാറ്റുപേട്ട റൂട്ടില്‍ മൂന്നാനിയില്‍ ഉള്‍പ്പെടെ വെള്ളം കയറിയതോടെ ഗതാഗതം തടസപ്പെട്ടു. ഈരാറ്റുപേട്ട-തൊടുപുഴ റോഡിലും ഗതാഗതതടസമുണ്ടായി.
മീനച്ചിലാറ്റില്‍ ജലനിരപ്പുയര്‍ന്നതോടെ കോട്ടയം ജില്ലയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ പ്രളയഭീഷണിയില്‍. കുട്ടനാട്‌, അപ്പര്‍ കുട്ടനാട്‌ മേഖലകളില്‍ നദീതീരവാസികളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്നും നദികളില്‍ ഇറങ്ങുന്നത്‌ ഒഴിവാക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ കലക്‌ടര്‍ അറിയിച്ചു.
ഇടുക്കി, കുട്ടിക്കാനത്ത്‌ ഐ.എച്ച്‌.ആര്‍.ഡി. കോളജിനു സമീപം ഇന്നലെ ഉച്ചകഴിഞ്ഞ്‌ മൂന്നരയോടെ വന്‍മണ്ണിടിച്ചിലുണ്ടായി. സംരക്ഷണഭിത്തിയിടിഞ്ഞ്‌ ദേശീയപാതയുടെ ഒരുഭാഗം ഒലിച്ചുപോയി. തകര്‍ന്നു. ടാറിങ്‌ അടക്കം ഒലിച്ചുപോയി. അപകടസമയത്തു റോഡില്‍ വാഹനങ്ങളില്ലാതിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി. പീരുമേട്ടില്‍നിന്ന്‌ അഗ്നിശമനസേനയും പോലീസുമെത്തി കല്ലും മണ്ണും നീക്കം ചെയ്‌ത്‌ ഗതാഗതം ഭാഗികമായി പുനഃസ്‌ഥാപിച്ചു. മണ്ണിടിച്ചിലുണ്ടാകുമ്പോള്‍ സമീപത്തെ ഐ.എച്ച്‌.ആര്‍.ഡി. കോളജില്‍ പരീക്ഷ നടക്കുകയായിരുന്നു. കോളജിന്‌ 50 മീറ്റര്‍ അകലെയാണു മണ്ണിടിഞ്ഞത്‌. സ്വകാര്യഭൂമിയില്‍ ജെ.സി.ബി. ഉപയോഗിച്ച്‌ മണ്ണ്‌ മാറ്റിയതാണു മണ്ണിടിച്ചിലിനു കാരണമെന്ന്‌ ആരോപണമുയര്‍ന്നു. പത്തനംതിട്ട ജില്ലയിലെ അണക്കെട്ടുകളുടെ വൃഷ്‌ടിപ്രദേശത്ത്‌ കനത്തമഴ തുടരുന്നു. മണിയാര്‍ ബാരേജിന്റെ എല്ലാ ഗേറ്റുകളും തുറന്നു. മൂഴിയാര്‍ അണക്കെട്ട്‌ ഏതുനിമിഷവും തുറന്നുവിടാം.
തകര്‍ന്നത്‌ അറുപതോളം വീടുകള്‍; ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

കനത്തമഴയില്‍ സംസ്‌ഥാനത്ത്‌ അഞ്ച്‌ വീടുകള്‍ പൂര്‍ണമായും 55 വീടുകള്‍ ഭാഗികമായും തകര്‍ന്നു. കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, വയനാട്‌ ജില്ലകളില്‍ ഓരോന്നും കോട്ടയം ജില്ലയില്‍ രണ്ടും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.
സംസ്‌ഥാനത്താകെ 90 പേരെ (19 പുരുഷന്‍മാര്‍, 23 സ്‌ത്രീകള്‍, 48 കുട്ടികള്‍) ക്യാമ്പുകളിലേക്കു മാറ്റിപ്പാര്‍പ്പിച്ചതായും മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പുകള്‍ എല്ലാവരും കൃത്യമായി പാലിക്കണം. ജില്ലാ കലക്‌ടറേറ്റുകളിലും താലൂക്ക്‌ ഓഫീസുകളിലും സെക്രട്ടേറിയറ്റില്‍ റവന്യൂ മന്ത്രിയുടെ ഓഫീസിലും 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം (നമ്പര്‍ 807 8548 538) തുറന്നു

LEAVE A REPLY

Please enter your comment!
Please enter your name here