രക്ഷകർക്ക് നന്ദിപറഞ്ഞ് രാജശേഖരൻ സേലത്തേക്ക് മടങ്ങി

0

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട-തൊടുപുഴ റോഡിൽ പാണ്ടിയൻമാവിൽ കഴിഞ്ഞയാഴ്ച പുലർച്ചയുണ്ടായ അപകടത്തിൽനിന്ന് രക്ഷപ്പെട്ട ലോറി ഡ്രൈവർ രാജശേഖരൻ നാട്ടുകാരോട് നന്ദി പറഞ്ഞ് സ്വദേശത്തേക്ക് മടങ്ങി.തമിഴ്നാട്ടിൽനിന്ന് കോഴിത്തീറ്റയുമായി വന്ന ലോറി പാണ്ടിയൻമാവ് വളവിൽ നിയന്ത്രണംവിട്ട് കല്ലംകുഴിയിൽ ഉണ്ണിയുടെ വീട്ടുമുറ്റത്തേക്ക് പതിക്കുകയായിരുന്നു. ശബ്ദംകേട്ട് ഞെട്ടി ഉണർന്ന നാട്ടുകാർ ലോറിക്കടുത്ത് എത്തിയപ്പോഴാണ് രാജശേഖരന്റെ നിലവിളി കേട്ടത്.

ലോറിക്ക് അകത്ത് കുടുങ്ങിയ ഡ്രൈവറെ പുറത്തെടുക്കാൻ പലശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല. തുടർന്ന് ഈരാറ്റുപേട്ട അഗ്നിരക്ഷാസേന, പൊലീസ് എന്നിവർ സ്ഥലത്തെത്തി രണ്ടു മണിക്കൂർ പണിപ്പെട്ടാണ് രാജശേഖരനെ പുറത്തെടുത്തത്.

നാട്ടുകാരും ഉദ്യോഗസ്ഥരും ചേർന്ന് ഉടൻ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥ മറികടന്നതിനെത്തുടർന്ന് ഇടമറുക് സർക്കാർ ആശുപത്രിയിൽ ഒരാഴ്ചത്തെ ചികിത്സ നൽകി. പരിക്ക് ഭേദമായതോടെ സഹായം ചെയ്തവർക്കെല്ലാം നന്ദിപറഞ്ഞാണ് രാജശേഖരൻ നാട്ടിലേക്ക് മടങ്ങിയത്.

രണ്ട് ഹെയർപിൻ വളവുള്ള പാണ്ടിയൻമാവിൽ ഓരോ ആഴ്ചയിലും നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്. ചരക്കുലോറികളും ജീപ്പുകളും ടിപ്പറുകളുമടക്കം ഇവിടെ മറിഞ്ഞ ഭാരവാഹനങ്ങളുടെ എണ്ണം നിരവധിയാണ്. അപകടങ്ങള്‍ പതിവായ മേലുകാവ് പാണ്ടിയന്‍മാവില്‍ വാഹനങ്ങളുടെ വേഗം കുറക്കാൻ റോഡില്‍ ഹംപുകള്‍ സ്ഥാപിച്ചു. വളവിന് 100 മീറ്റര്‍ മുന്നിലായാണ് ഹംപ് സ്ഥാപിച്ചത്.

Leave a Reply