സാമ്പത്തിക തട്ടിപ്പു കേസിൽ പ്രതിയാക്കി അപമാനിക്കാൻ നീക്കം; ഫെയ്സ്ബുക്ക് ലൈവിൽ പൊട്ടിക്കരഞ്ഞ് സർക്കാർ സ്കൂൾ അധ്യാപിക

0

മുണ്ടക്കയം: സാമ്പത്തിക തട്ടിപ്പു കേസിൽ പ്രതിയാക്കി അപമാനിക്കാൻ നീക്കമെന്ന് ആരോപിച്ച് ഫെയ്സ്ബുക്ക് ലൈവിൽ പൊട്ടിക്കരഞ്ഞ് സർക്കാർ അധ്യാപിക. മുരിക്കുംവയൽ ഗവ. ഹൈസ്കൂളിലെ യുപി വിഭാഗം അധ്യാപികയായിരുന്ന ടി.ആർ.രജനിയാണ് ഫെയ്സ്ബുക്ക് ലൈവിൽ തന്റെ നിരപരാധിത്വം അറിയിച്ചു പൊട്ടിക്കരഞ്ഞത്. രണ്ടു വർഷത്തിലധികമായി സ്കൂളിലെ ചില അധ്യാപകരും പിടിഎ പ്രതിനിധികളും ചേർന്നു മാനസികമായി ബുദ്ധിമുട്ടിക്കുകയാണെന്നും ഇവർ പറയുന്നു. രണ്ടു വർഷം മുൻപ് നടന്ന സ്കൂൾ ജൂബിലി ആഘോഷത്തിന്റെ കണക്കുകൾ വിവിധ കാരണങ്ങളാൽ അവതരിപ്പിക്കാതെ നീണ്ടുപോയി.

ചെയർമാനും ജനറൽ കൺവീനറും ഫിനാൻസ് കൺവീനറുമടക്കം വിപുലമായ കമ്മിറ്റിയുണ്ടായിട്ടും കണക്ക് അവതരിപ്പിക്കാത്തതു ജോയിന്റ് കൺവീനർമാരിൽ ഒരാളായ തന്റെ കുറ്റമായി വരുത്തിത്തീർക്കാൻ ചിലർ ശ്രമിക്കുകയായിരുന്നുവെന്നു രജനി പറയുന്നു. ഇതിനിടെ ഇല്ലാത്തയാളിന്റെ പേരിൽ വ്യാജ പരാതി നൽകി. അന്വേഷണത്തിൽ ഇങ്ങനെ ഒരാളില്ലെന്നു കണ്ടെത്തുകയും ചെയ്തു. പിന്നീട് നാട്ടിലുള്ള മറ്റൊരാൾ പരാതി നൽകി. ഇത് അന്വേഷണത്തിലാണ്. രജനിയെ വൈക്കം ചെമ്മനത്തുകര ഗവ.യുപി സ്കൂളിലേക്കു സ്ഥലം മാറ്റിയതാണ് പുതിയ വിവാദത്തിനിടയാക്കിയത്.

അന്വേഷണം നടത്തുകയോ, വിശദീകരണം തേടുകയോ ചെയ്യാതെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചു സ്ഥലം മാറ്റുകയായിരുന്നുവെന്നും രജനി പറയുന്നു. ഇതോടെ ഇവർ ട്രൈബ്യൂണൽ കോടതിയെ സമീപിച്ചു. അന്വേഷണം നടത്തിയ ജില്ലാ വിദ്യാഭ്യാസ ഓഫിസറും സമ്മർദങ്ങൾക്കു വഴങ്ങി തനിക്കെതിരെ റിപ്പോർട്ട് നൽകുകയായിരുന്നുവെന്നു രജനി പറയുന്നു. വ്യാജ പരാതി നൽകിയും പോസ്റ്ററുകൾ പതിച്ചും അപമാനിച്ചതായും കുടുംബാംഗങ്ങൾ പറയുന്നു. ഫെയ്സ്ബുക് ലൈവിനിടെ ശാരീരിക അസ്വസ്ഥത ഉണ്ടായ രജനിയെ കാഞ്ഞിരപ്പളളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply