ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കടുത്ത ഭാഷയിൽ വിമര്‍ശിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍

0

കണ്ണൂര്‍: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കടുത്ത ഭാഷയിൽ വിമര്‍ശിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ഗവർണർ ആഗ്രഹിച്ച എന്തോ നടന്നിട്ടില്ല. ഗവർണറുടെ സമനില തെറ്റിയിട്ടുണ്ട്. അദ്ദേഹത്തിന് എന്തോ സംഭവിച്ചിട്ടുണ്ട് എന്നും ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഗവർണർ സ്ഥാനത്ത് ഇരിക്കാൻ ആരിഫ് മുഹമ്മദ് ഖാന്‍ യോഗ്യനല്ല. ഗവർണർ ആർ എസ് എസ് സേവകനായി മാറി പോയി. ഗവർണറുടെ നിയമനം എന്തിന്‍റെ പ്രത്യുപകാരമാണ്. ഫർസീൻ മജീദ് ക്രിമിനൽ ആയതു കൊണ്ടാണ് ഭയം തോന്നുന്നത്. ക്രിമിനലുകൾക്ക് എങ്ങനെയാണ് പൊലീസ് സംരക്ഷണം നൽകുക.

വിഴിഞ്ഞത്ത് ചെയ്യാൻ കഴിയുന്നതെല്ലാം സർക്കാർ ചെയ്യുന്നുണ്ട്. സമരത്തിന്റെ രൂപം കാണുമ്പോൾ അത് മത്സ്യ തൊഴിലാളികൾക്ക് വേണ്ടിയാണോയെന്ന് സംശയിക്കുന്നു. കേരള ഗവർണർ അദ്ദേഹത്തിന്റെ പദവിയെ പറ്റി ചിന്തിക്കുന്നില്ല. ഇർഫാൻ ഹബീബിനെ തെരുവ് തെണ്ടിയെന്നാണ് ഗവർണർ വിളിച്ചത്. ഗവർണറെ അങ്ങനെ ആരെങ്കിലും തിരിച്ചു വിളിച്ചാലോ. സാധാരണ ആളുകൾ പോലും ഉപയോഗിക്കാത്ത പദമാണ് ഗവർണർ പറയുന്നത്. ഗവര്‍ണറുടെ വാക്കുകള്‍ തീരെ തരംതാണതാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

കണ്ണൂര്‍ വിസിക്കും സര്‍ക്കാരിനുമെതിരായ ആരോപണത്തിലുറച്ച് നില്‍ക്കുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ചരിത്ര കോണ്‍ഗ്രസില്‍ തന്നെ ആക്രമിക്കാന്‍ ശ്രമിച്ച ഇര്‍ഫാന്‍ ഹബീബീനെതിരെ ഇതുവരെ നടപടിയെടുത്തില്ല. ഗൂഢാലോചന നടന്നു എന്നതിന്‍റെ തെളിവാണ് സർക്കാരിന്‍റെ മൗനം. ഇർഫാൻ ഹബീബിന്‍റെ പ്രതിഷേധം കേരള സർക്കാർ നടപടി എടുക്കില്ല എന്ന ധൈര്യത്തിൽ ആയിരുന്നു. വേദിയിൽ ഉണ്ടായിരുന്ന ഒരു വനിത വളരെ മോശം ഭാഷയിൽ സംസാരിച്ചു. ഉത്തർപ്രദേശിലാണ് എങ്കിൽ ഇത് നടക്കില്ല. തന്നെ ആക്രമിച്ചവരെ സംരക്ഷിക്കുകയാണ് സർക്കാർ. ആക്രമണത്തിന് കൂട്ടു നിന്നതിനുള്ള പ്രതിഫലം ആണ് വിസിയുടെ പുനർ നിയമനം.

ചരിത്ര കോണ്‍ഗ്രസിലെ ആക്രമണശ്രമത്തെക്കുറിച്ച് വിസിയോട് റിപ്പോര്‍ട്ട് തേടിയിരുന്നു. രണ്ട് തവണ കത്തയച്ചിട്ടും വിസി നിഷേധാത്മക വിശദീകരണമാണ് നല്‍കിയത്. സുരക്ഷ വിദഗ്ധനല്ലെന്നായിരുന്നു വിസിയുടെ മറുപടി.ഭരണഘടനയന്ത്രം തകര്‍ന്നാല്‍ എന്ത് ചെയ്യണമെന്ന് തനിക്കറിയാമെന്ന് ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കി. സര്‍വ്വകലാശാല ഭേദഗതി ബില്ലില്‍ ഒപ്പിടില്ലെന്ന സൂചന ഗവര്‍ണര്‍ ആവര്‍ത്തിച്ചു. ബില്ലിന് പിന്നിലെ ലക്ഷ്യം വ്യക്തമാണ്. നേതാക്കളുടെ ബന്ധുനിയമനമാണ് ലക്ഷ്യമെന്നും ഗവര്‍ണര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here