എഐസിസി പ്രസിഡന്റിനായുള്ള തെരഞ്ഞെടുപ്പിൽ ശശി തരൂർ നോമിനേഷൻ കൊടുക്കാൻ സാധ്യത ഏറെ

0

ന്യൂഡൽഹി: എഐസിസി പ്രസിഡന്റിനായുള്ള തെരഞ്ഞെടുപ്പിൽ ശശി തരൂർ നോമിനേഷൻ കൊടുക്കാൻ സാധ്യത ഏറെ. ഗാന്ധി കുടുംബത്തിന് പുറത്തു നിന്ന് ഔദ്യോഗികമായി ഒരാളെ മത്സരിപ്പിച്ചാൽ വോട്ടെടുപ്പ് വേണമെന്ന നിലപാടിലായിരുന്നു ശശി തരൂർ ആദ്യം. എന്നാൽ എന്തുവന്നാലും മത്സരം വേണമെന്ന നിലപാടിലേക്ക് കോൺഗ്രസിലെ ജി 23 കൂട്ടായ്മ എത്തി കഴിഞ്ഞു. ഇനി അറിയേണ്ടത് ശശി തരൂർ മത്സരിക്കുമോ എന്നതു മാത്രമാണ്. രാഹുൽ ഗാന്ധി അധ്യക്ഷനായി മത്സരിച്ചാലും വോട്ടെടുപ്പുണ്ടാകുമെന്നാണ് സൂചനകൾ.

അതിനിടെ കോൺഗ്രസിനെ പുനരിജ്ജീവിപ്പിക്കാനുള്ള അവസാന അവസരമാണ് ഈ അധ്യക്ഷ തെരഞ്ഞെടുപ്പെന്ന് ശശി തരൂർ പറഞ്ഞു. താൻ മത്സരിക്കണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല. എല്ലാ സാഹചര്യവും പരിശോധിച്ച് മൂന്നാഴ്ചയ്ക്കുള്ളിൽ അന്തിമ നിലപാട് എടുക്കുമെന്നും തരൂർ അറിയിച്ചു. പാർട്ടിയിൽ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ രാജി വച്ച ഗുലാംനബി ആസാദിന്റെ തീരുമാനത്തോട് യോജിപ്പില്ല. പാർട്ടിയെ നേരെയാക്കാനുള്ള സുവർണ്ണാവസരമാണ് അധ്യക്ഷ തെരഞ്ഞെടുപ്പ്. അതും ഫലപ്രദമായി വിനിയോഗിക്കേണ്ടതുണ്ട്-ശശി തരൂർ വിശദീകരിച്ചു. രാഹൂൽ ഗാന്ധി മത്സരിച്ചാലും വോട്ടെടുപ്പ് വേണമെന്നതാണ് തരൂരിന്റെ ഇപ്പോഴത്തെ നിലപാട്.

രാഹുൽ ഗാന്ധി അധ്യക്ഷനാകണമെന്ന നിലപാട് നേരത്തെ ഗുലാംനബി ആസാദ് അടക്കം ഉയർത്തിയതുമാണ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് പാർട്ടിക്ക് ഗുണകരമാകുമെന്നതാണ് തരൂരിന്റെ നിലപാട്. അധ്യക്ഷനെ വോട്ടെടുപ്പിലൂടെ കണ്ടെത്തുന്ന പ്രക്രിയ പാർട്ടിക്ക് ഉണർവ്വ് നൽകും. അങ്ങനെ എത്തുന്ന അധ്യക്ഷൻ ആരായാലും കരുത്തു കൂടും. അതുകൊണ്ടു തന്നെ മത്സരം നടക്കണമെന്ന നിലപാടിലാണ് തരൂരുള്ളത്. ആരു മത്സരിക്കണമെന്നത് അടക്കം കൂട്ടായ തീരുമാനം വരേണ്ടതുണ്ട്. അതിന് ശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരൂ. താൻ മത്സരിക്കുമോ എന്ന കാര്യത്തിൽ അന്തിമ നിലപാട് എടുത്തിട്ടില്ലെന്ന് തരൂർ പറഞ്ഞു.

രാഹുൽ മത്സരിച്ചാലും ശശി തരൂർ സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹവും ശക്തമാണ്. ഈ ഘട്ടത്തിൽ ഈ അഭ്യൂഹത്തോട് തരൂർ പ്രതികരിക്കുന്നില്ല. കോൺഗ്രസിലെ ജി 23 ഗ്രൂപ്പ് മത്സരം അനിവാര്യമാണെന്ന നിലപാടിലാണ്. മനീഷ് തിവാരി അടക്കമുള്ളവരുടെ നിലപാടും നിർണ്ണായകമാകും. ഗുലാം നബി ആസാദ് പോയതോടെ ജി 23 ഗ്രൂപ്പിന്റെ നേതൃത്വം തരൂർ ഏറ്റെടുക്കുകയാണെന്നതാണ് വസ്തുത. കോൺഗ്രസിലെ ഭിന്ന സ്വരത്തിന്റെ നേതൃത്വം തരൂരിലേക്ക് എത്തുമ്പോൾ കടുത്ത നടപടികൾ രാഷ്ട്രീയ നിരീക്ഷകരും പ്രതീക്ഷിക്കുന്നുണ്ട്. സാഹചര്യമെല്ലാം നിരീക്ഷിച്ച് തീരുമാനം എടുക്കാനുള്ള സാധ്യതയാണ് തരൂർ പങ്കവയ്ക്കുന്നത്.

സെപ്റ്റംബർ 22നാണ് അധ്യക്ഷ തെരഞ്ഞെടുപ്പിന് നോമിനേഷൻ നൽകേണ്ട ദിവസം തുടങ്ങുക. ഇതിന് ശേഷമേ ആരാണ് ഔദ്യോഗികമായി സ്ഥാനാർത്ഥിയാവുക എന്ന് വ്യക്തമാകൂ. അതിന് ശേഷം മാത്രമേ മത്സര കാര്യത്തിൽ താൻ തീരുമാനം എടുക്കൂവെന്നാണ് തരൂർ അറിയിക്കുന്നത്. അതിനിടെ രാജസ്ഥാൻ മുഖ്യമന്ത്രിയായ അശോക് ഗഹ് ലോട്ടിനെതിരെ തരൂരിനെ രംഗത്തിറക്കാൻ കരുക്കൾ നീക്കുന്നത് സച്ചിൻ പൈലറ്റാണെന്ന അഭ്യൂഹവും ശക്തമാണ്. ഇത്തരം വാദങ്ങളെല്ലാം തരൂർ തള്ളിക്കളയുന്നുണ്ട്. എന്നാൽ രാഹുൽ ഗാന്ധിയായാൽ പോലും മത്സരിക്കാൻ തരൂർ തയ്യാറെടുക്കുന്നുവെന്നതാണ് അദ്ദേഹത്തിന്റെ നിലപാട് വിശദീകരണത്തിലുള്ളത്.

എന്നാൽ രാഹുൽ ഗാന്ധി മത്സരിച്ചാൽ രാഹുൽ ജയിക്കുമെന്നാണ് വിലയിരുത്തൽ. എല്ലാ സംസ്ഥാനങ്ങളിലും ഗാന്ധി കുടുംബത്തിനെ അനുകൂലിക്കുന്നവരാണ് കോൺഗ്രസിനെ നയിക്കുന്നത്. അതുകൊണ്ട് തന്നെ രാഹുൽ ജയിക്കും. എന്നാൽ ഗാന്ധി കുടുംബം മറ്റൊരു സ്ഥാനാർത്ഥിയെ നിർത്തിയാൽ അവരെ ആരും കണ്ണടച്ച് പിന്തുണയ്ക്കാൻ ഇടയില്ല. വൻ തോതിൽ വോട്ട് ചോർച്ചയുണ്ടാകും. ഇത് തരൂരിന് അനുകൂലമായി മാറുകയും ചെയ്യും. ആഗോള പൗരനെന്ന നിലയിൽ ഇന്ത്യയിൽ ഉടനീളം സ്വീകാര്യനാണ് തരൂർ.

LEAVE A REPLY

Please enter your comment!
Please enter your name here