സ്‌കൂട്ടറിൽ കാറിടിപ്പിക്കുകയും പിന്നാലെ വനിതാ പൊലീസ് കോൺസ്റ്റബിളിനെ മർദിക്കുകയും ചെയ്തെന്ന കേസിൽ വ്ളോഗറായ യുവതി അറസ്റ്റിൽ

0

സ്‌കൂട്ടറിൽ കാറിടിപ്പിക്കുകയും പിന്നാലെ വനിതാ പൊലീസ് കോൺസ്റ്റബിളിനെ മർദിക്കുകയും ചെയ്തെന്ന കേസിൽ വ്ളോഗറായ യുവതി അറസ്റ്റിൽ. ബൈക്കുകളിലും കാറുകളിലുമുള്ള അഭ്യാസപ്രകടനങ്ങളിലൂടെ സാമൂഹികമാധ്യമങ്ങളിൽ ശ്രദ്ധേയയായ ശിവാംഗി ദബാസിനെയാണ് ഗസ്സിയബാദ് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞദിവസം രാത്രി സിറ്റി പാർക്ക് ജങ്ഷന് സമീപത്താണ് ശിവാംഗി ഓടിച്ചിരുന്ന സ്വിഫ്റ്റ് കാർ വനിതാ കോൺസ്റ്റബിളായ ജ്യോതി ശർമയുടെ സ്‌കൂട്ടറിലിടിച്ചത്. മറികടക്കാനുള്ള ശ്രമത്തിനിടെ അതിവേഗത്തിലെത്തിയ കാർ സ്‌കൂട്ടറിന്റെ പിന്നിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ജ്യോതി ശർമ റോഡിലേക്ക് തെറിച്ചുവീണു. എന്നാൽ അപകടത്തിന് പിന്നാലെ കാറിൽനിന്ന് പുറത്തിറങ്ങിയ ശിവാംഗി പൊലീസുകാരിയുമായി വാക്കേറ്റമുണ്ടാക്കുകയും ഇവരെ മർദിക്കുകയുമായിരുന്നു. പൊലീസുകാരിയെ റോഡിൽ തള്ളിയിട്ട യുവതി, മുഖത്തടിക്കുകയും ചെയ്തു. തന്നോട് കളിച്ചാൽ അതിന്റെ പരിണിതഫലം അനുഭവിക്കേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തി.

സംഭവത്തിന് പിന്നാലെ ജ്യോതി ശർമ വിവരം പൊലീസ് കൺട്രോൾ റൂമിൽ അറിയിച്ചു. ഉടൻതന്നെ പൊലീസ് സംഘം സ്ഥലത്തെത്തുകയും ശിവാംഗിയെ പിടികൂടുകയുമായിരുന്നു. പൊലീസിന്റെ ‘ഡയൽ 112’ പട്രോളിങ് സംഘത്തിൽ ജോലിചെയ്യുന്ന ജ്യോതി ശർമ, രാത്രി ഡ്യൂട്ടി കഴിഞ്ഞ് സ്‌കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. സംഭവത്തിന് പിന്നാലെ ശിവാംഗി കോൺസ്റ്റബിളുമായി തട്ടിക്കയറുന്ന വീഡിയോകളും സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

സാമൂഹികമാധ്യമങ്ങളിൽ ‘ബുള്ളറ്റ് റാണി’ എന്ന പേരിലറിയപ്പെടുന്ന ശിവാംഗി, വാഹനങ്ങളിൽ അഭ്യാസപ്രകടനങ്ങൾ നടത്തുന്ന വീഡിയോകളിലൂടെയാണ് ശ്രദ്ധനേടിയത്. ഇൻസ്റ്റഗ്രാമിൽ മാത്രം മൂന്നുലക്ഷത്തിലേറെ ഫോളോവേഴ്സാണ് ഇവർക്കുള്ളത്. കഴിഞ്ഞ മെയ് മാസത്തിലും ശിവാംഗിക്കെതിരേ പൊലീസ് നടപടി സ്വീകരിച്ചിരുന്നു. അപകടകരമായ രീതിയിൽ വാഹനമോടിക്കുന്ന വീഡിയോകൾ പങ്കുവെച്ചതിന് പിന്നാലെയാണ് പൊലീസ് യുവതിയെ നോട്ടീസ് നൽകി വിളിച്ചുവരുത്തിയത്. ഇതിനുപിന്നാലെയാണ് വാഹനാപകടക്കേസിൽ വ്ളോഗർ പൊലീസിന്റെ പിടിയിലായിരിക്കുന്നത്.

Leave a Reply