ഇർഫാൻ ഖാനും ഋഷി കപൂറിനുമെതിരെ അപകീർത്തികരമായ ട്വീറ്റ്; നടൻ കെ.ആർ.കെ അറസ്റ്റിൽ

0

മുംബൈ: അന്തരിച്ച ബോളിവുഡ് നടന്മാരായ ഇർഫാൻ ഖാനും ഋഷി കപൂറിനുമെതിരെ അപകീർത്തികരമായ ട്വീറ്റിന്റെ പേരിൽ നടനും സിനിമ നിരൂപകനുമായ കമാൽ ആർ. ഖാൻ എന്ന കെ.ആർ.കെയെ മലാഡ് പൊലീസ് അറസ്റ്റ് ചെയ്തു. 2020ലെ ട്വീറ്റ് ആണ് അറസ്റ്റിന് കാരണമായത്. യുവസേന അംഗം രാഹുൽ കനാൽ എന്നയാൾ നൽകിയ പരാതിയിലാണ് നടപടി. ട്വീറ്റിനെ തുടർന്ന് 2020ൽ കേസെടുത്ത പൊലീസ് നടനു വേണ്ടി ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. എയർപോർട്ടിൽനിന്ന് പിടികൂടിയ കെ.ആർ.കെയെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ചൊവ്വാഴ്ച ബോറിവാലി കോടതിയിൽ ഹാജരാക്കും.

”എന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കമാൽ ആർ. ഖാനെ ഇന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുംബൈ പൊലീസിന്റെ നടപടിയെ സ്വാഗതം ചെയ്യുന്നു. അദ്ദേഹം സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയും മോശം ഭാഷ ഉപയോഗിക്കുകയും ചെയ്തു. അത്തരം പെരുമാറ്റം അംഗീകരിക്കാനാവില്ല. ഇയാളെ അറസ്റ്റ് ചെയ്തതിലൂടെ അത്തരക്കാർക്കെതിരെ ശക്തമായ സന്ദേശമാണ് മുംബൈ പൊലീസ് നൽകിയത്” രാഹുൽ കനാൽ ട്വീറ്റ് ചെയ്തു. ഒപ്പം പൊലീസിന് നൽകിയ പരാതിയുടെ പകർപ്പും പങ്കുവെച്ചിട്ടുണ്ട്.

വിവാദ പ്രസ്താവനകളിലൂടെ എന്നും വാർത്തകളിൽ ഇടംപിടിക്കുന്ന നടനാണ് കമാൽ ആർ. ഖാൻ. ഹിന്ദി, ഭോജ്പുരി ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള കെ.ആർ.കെ നിർമ്മാതാവ് കൂടിയാണ്. മോഹൻലാൽ ഭീമനായി അഭിനയിക്കുന്നതിനെ ഇദ്ദേഹം സമൂഹ മാധ്യമങ്ങളിലൂടെ പരിഹസിച്ചിരുന്നു. മോഹൻലാൽ ഭീം അല്ല ഛോട്ടാ ഭീം ആണെന്നായിരുന്നു കമാൽ ആർ ഖാന്റെ പരിഹാസം. ഇതിനെതിരെ ചലച്ചിത്രലോകവും ആരാധകരും രൂക്ഷമായി പ്രതികരിച്ചിരുന്നു. കമാൽ ആർ. ഖാന്റെ ഫേസ്‌ബുക്ക് ഹാക്ക് ചെയ്യുക വരെയുണ്ടായി. ഒടുവിൽ മോഹൻലാലിനോട് മാപ്പ് പറയേണ്ടി വന്നു

Leave a Reply