ബിഹാറിൽ നിതീഷ് കുമാർ 31 പേരെ കൂടി ഉൾപ്പെടുത്തി മന്ത്രിസഭ വികസിപ്പിച്ചു

0

പട്ന ∙ ബിഹാറിൽ നിതീഷ് കുമാർ 31 പേരെ കൂടി ഉൾപ്പെടുത്തി മന്ത്രിസഭ വികസിപ്പിച്ചു. വകുപ്പുകളുടെ വിഭജനവും നടത്തി. മുഖ്യമന്ത്രി നിതീഷ് കുമാറിനു ആഭ്യന്തരവും ഉപമുഖ്യമന്ത്രി തേജസ്വി യാദവിന് ആരോഗ്യ, റോഡ് നിർമാണവുമാണു പ്രധാന വകുപ്പുകൾ. 33 അംഗ മന്ത്രിസഭയിൽ ആർജെഡിക്ക് 17, ജെഡിയുവിനു 12, കോൺഗ്രസിന് 2, ഹിന്ദുസ്ഥാനി അവാം മോർച്ചയ്ക്ക് 1, സ്വതന്ത്രന് 1 എന്നിങ്ങനെയാണു പ്രാതിനിധ്യം. മഹാസഖ്യത്തിന്റെ ഭാഗമാണെങ്കിലും ഇടതുകക്ഷികളായ സിപിഐ (എംഎൽ), സിപിഐ, സിപിഎം എന്നിവ മന്ത്രിസഭയിൽ ചേർന്നിട്ടില്ല.

മന്ത്രിസഭയിൽ അംഗസംഖ്യ കൂടുതൽ ആർജെഡിക്കാണെങ്കിലും സുപ്രധാനമായ ആഭ്യന്തര, ധന വകുപ്പുകൾ ജെ‍ഡിയുവിനു ലഭിച്ചു. ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ട ആർജെഡി നേതാവും ലാലു പ്രസാദിന്റെ മൂത്തമകനുമായ തേജ് പ്രതാപ് യാദവിനു വനം, പരിസ്ഥിതി വകുപ്പുകൾ കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു.

ഹിന്ദുസ്ഥാനി അവാം മോർച്ച നേതാവും മുൻ മുഖ്യമന്ത്രിയുമായ ജിതൻ റാം മാഞ്ചിയുടെ മകൻ സന്തോഷ് കുമാർ സുമൻ പട്ടികജാതി– പട്ടിക വർഗ ക്ഷേമ മന്ത്രിയായി. അതിനിടെ സംസ്ഥാനത്ത് നേതൃത്വത്തെ ഇളക്കിപ്രതിഷ്ഠിക്കാനും പാർട്ടിയെ ശക്തിപ്പെടുത്താനും ബിജെപി കേന്ദ്രനേതൃത്വം നടപടികൾ തുടങ്ങി. ആഭ്യന്തര മന്ത്രി അമിത്ഷായും ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയും ഇതിനായി ബിഹാറിലെ നേതാക്കളുടെ യോഗം വിളിച്ചു ചേർത്തു.

Leave a Reply