മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിൽസ തുടങ്ങി

0

തിരുവനന്തപുരം: മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിൽസ തുടങ്ങി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് റിപ്പോർട്ട്. തിരുവനന്തപുരത്ത് കീമോ നടത്തിയിരുന്നു. ഇതേ തുടർന്നുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. ഇതിനൊപ്പം പൂർണ്ണമായും രോഗം ഭേദമാക്കുന്നതിനുള്ള ചികിൽസയാകും നൽകുക. അമേരിക്കയിലെ വിദഗ്ധ ഡോക്ടർമാരും ഓൺലൈൻ വഴി മാർഗ്ഗ നിർദ്ദേശം നൽകുന്നുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയൻ കാര്യങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ അതിവിശ്‌സ്തർ തന്നെയാണ് ചെന്നൈയിലേക്ക് കോടിയേരിയെ മാറ്റാമെന്ന നിർദ്ദേശം മുമ്പോട്ട് വച്ചത്. ഇന്നലെയാണ് കോടിയേരിയെ വിദഗ്ധ ചികിൽസയ്ക്കായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ എത്തിച്ചത്. ഭാര്യ വിനോദിനി ബാലകൃഷ്ണനും ഡോക്ടറും ഒപ്പമുണ്ട്. രാവിലെ എകെജി സെന്ററിനു തൊട്ടടുത്തുള്ള താമസസ്ഥലത്തുനിന്ന് ആംബുലൻസിലാണ് വിമാനത്താവളത്തിലേക്കു പോയത്. തുടർന്ന് പ്രത്യേക എയർ ആംബുലൻസ് വിമാനത്തിലാണ് ചെന്നൈയിലേക്കു കൊണ്ടുപോയത്.

കോടിയേരിയെ കാണാൻ മുഖ്യമന്ത്രിയും ഭാര്യയും മകളുമെത്തിയിരുന്നു. പാർട്ടി സെക്രട്ടറി എം വിഗോവിന്ദൻ, എം.എ.ബേബി, എ.കെ.ബാലൻ, എം.വിജയകുമാർ തുടങ്ങിയവരും കോടിയേരിയെ സന്ദർശിച്ചു. മന്ത്രിയായ കെ.എൻ.ബാലഗോപാലും കോടിയേരിയെ കാണാനെത്തി. അപ്പോളോയിൽനിന്നുള്ള മെഡിക്കൽ സംഘം ഇന്നലെ തലസ്ഥാനത്തെത്തിയിരുന്നു. വിശദ പരിശോധനകൾ വീട്ടിൽ വച്ചു തന്നെ അവർ നടത്തി. അതിന് ശേഷമായിരുന്നു എയർ ആംബുലൻസിലെ യാത്ര.

ഇന്നലെ രാവിലെ 11ന് താമസസ്ഥലമായ എ.കെ.ജി സെന്ററിന് എതിർ വശത്തുള്ള ചിന്ത ഫ്‌ളാറ്റിൽ നിന്ന് ആംബുലൻസിൽ വിമാനത്താവളത്തിൽ എത്തിച്ച കോടിയേരിയെ എയർ ആംബുലൻസിൽ ചെന്നൈയിലെത്തിക്കുകയായിരുന്നു. ഭാര്യ വിനോദിനിയും മകൻ ബിനീഷ് കോടിയേരിയും കഴിഞ്ഞ ദിവസമേ തലസ്ഥാനത്തെത്തിയിരുന്ന അപ്പോളോയിൽ നിന്നുള്ള മെഡിക്കൽ സംഘവും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.ഉച്ചയ്ക്ക് ഒന്നരയോടെ ചെന്നൈ വിമാനത്താവളത്തിൽ എത്തിയ കോടിയേരിയെ രണ്ടുമണിക്ക് അപ്പോളോ ആശുപത്രിയിൽ നാലാമത്തെ വാർഡിൽ പ്രവേശിപ്പിച്ചു.

‘ആരോഗ്യവാനായി തിരിച്ചെത്തുമ്പോൾ ഇവിടെ കാണാം’ എന്നായിരുന്നു ചെന്നൈയിലേയ്ക്ക് ചികിത്സയ്ക്കു പോകമ്പോൾ കോടിയേരിക്ക് മുഖ്യമന്ത്രി പിണറായി വിജയനു പറയാനുണ്ടായിരുന്നത്. ഇന്നലെ തന്നെ ആശുപത്രിയിലെത്തിയ കോടിയേരിയെ വിവിധ പരിശോധനകൾക്കു വിധേയനാക്കി. ചികിത്സ ആരംഭിച്ചു. കാൻസറിനെ തുടർന്നാണു കോടിയേരിക്കു വിദഗ്ധചികിത്സ നൽകുന്നത്. അനാരോഗ്യംമൂലം കോടിയേരി സ്ഥാനം ഒഴിഞ്ഞതിനെ തുടർന്ന് എം വിഗോവിന്ദൻ മാസ്റ്ററെ ഇന്നലെ ചേർന്ന സംസ്ഥാന സമിതി യോഗം സെക്രട്ടറിയായി തിരഞ്ഞെടുത്തിരുന്നു. ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാൽ തനിക്കു പകരം സെക്രട്ടറിയെ നിശ്ചയിക്കാനായിരുന്നു കോടിയേരിയുടെ അഭ്യർത്ഥന.

സിപിഎം ആസ്ഥാന മന്ദിരമായ എകെജി സെന്ററിന് എതിർവശത്തു കോടിയേരി താമസിക്കുന്ന ഫ്‌ളാറ്റ് വികാരനിർഭരമായ രംഗങ്ങൾക്കാണു വേദിയായത്. കോടിയേരിയെ തലേന്നു കണ്ടു പിരിഞ്ഞവരായിരുന്നു പല നേതാക്കളും. എങ്കിലും ഇന്നലെ യാത്ര പുറപ്പെടുമ്പോൾ ‘എല്ലാവരും ഒപ്പമുണ്ട്’ എന്ന സന്ദേശവും ആശ്വാസവും നൽകാൻ അവർ വീണ്ടുമെത്തി.

Leave a Reply