കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ ശശി തരൂര്‍ എം.പി മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്.

0

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ ശശി തരൂര്‍ എം.പി മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ശശി തരൂരുമായി അടുത്ത വൃത്തങ്ങളാണ് ഇത് സംബന്ധിച്ച സൂചന നല്‍കുന്നത്. എന്നാല്‍ തരൂര്‍ ഇതുവരെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. വൈകാതെ അദ്ദേഹം മനസ്സു തുറക്കുമെന്നാണ് സൂചന.

അതേസമയം, നിര്‍ഭയവും സുതാര്യവുമായ തിരഞ്ഞെടുപ്പ് ആയിരിക്കണമെന്ന് തരൂര്‍ ഒരു മാധ്യമത്തില്‍ എഴുതിയ ലേഖനത്തില്‍ ആവശ്യപ്പെടുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്കുള്ള അംഗങ്ങളുടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കണം. പുതിയ നേതൃത്വത്തിന്റെ തിരഞ്ഞെടുപ്പില്‍ എഐസിസി, പിസിസി എന്നിവിടങ്ങളിലെ എല്ലാ പ്രതിനിധികള്‍ക്കും പങ്കെടുക്കാന്‍ കഴിയണം. കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാന്‍ പുതിയ അധ്യക്ഷന് കഴിയമെന്നും അദ്ദേഹം കുറിച്ചു.

പാര്‍ട്ടിയില്‍ പരിവര്‍ത്തനം കൊണ്ടുവരണമെന്ന് സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ട് രംഗത്തെത്തിയ ഗ്രൂപ്പ് 23 നേതാക്കളില്‍ ഒരാളാണ് തരൂര്‍. ഗ്രൂപ്പിലെ അംഗമായിരുന്ന ഗുലാം നബി ആസാദ് അടുത്ത കാലത്ത് കോണ്‍ഗ്രസ് വിട്ടിരുന്നു.

ബ്രിട്ടണിലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ അടുത്തകാലത്തുണ്ടായ നേതൃമാറ്റങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും ഉള്‍ക്കൊള്ളണം. പാര്‍ട്ടിയുടെ ദേശീയ താല്‍പര്യം ഉയര്‍ത്തണമെന്നും കൂടുതല്‍ വോട്ട് ഒരിക്കല്‍ കൂടി പാര്‍ട്ടിക്ക് നേടാന്‍ കഴിയണമെന്നും തരൂര്‍ പറയുന്നു.

പ്രസിഡന്റ് സ്ഥാനത്തേക്ക് കൂടുതല്‍ പേരെ പരിഗണിക്കണം. കോണ്‍ഗ്രസിനെ കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടുകള്‍ മുന്നോട്ടുവരണം. അത് രാജ്യത്തിന്റെ ദേശീയ താല്‍പര്യത്തെ ഉത്തേജിപ്പിക്കുന്നതായിരിക്കണം. പാര്‍ട്ടിയെ ബാധിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് ഒരു പദ്ധതിയുണ്ടായിരിക്കണം. അതുപോലെ തന്നെ രാജ്യത്തെ കുറിച്ച് ഒരു കാഴ്ചപ്പാടുണ്ടായിരിക്കണം. രാഷ്ട്രീയ പാര്‍ട്ടി എന്നത് രാജ്യത്തെ സേവിക്കാനുള്ള ഉപകരണമാണ്. അത് അതില്‍ തന്നെ അന്തിമമല്ലെന്നും തരൂര്‍ കുറിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here