ആദിശങ്കരന്റെ സംന്യാസപ്രവേശം
മ്യൂറൽ ക്യാൻവാസിലാക്കി രജീവ് അയ്യമ്പുഴ

0

കൂവപ്പടി ജി. ഹരികുമാർ

കാലടി: കേരളത്തിലെ ചുവർച്ചിത്രങ്ങൾ അവയുടെ സൂക്ഷ്മതയിലും മൂർച്ചയിലും സൗന്ദര്യത്തിലും സമാനതകളില്ലാത്തവയാണ്.
നൈപുണ്യത്തിന്റെയും സൃഷ്ടിപരമായ മികവിന്റെയും മികച്ച കലയാണത്. ചിത്രകലയുടെ ശാസ്ത്രീയവശങ്ങളെക്കുറിച്ചോ നിറങ്ങളുടെ വിന്യാസ
ത്തെക്കുറിച്ചോ അറിവില്ലാത്തവരുടെ കണ്ണുകളെപ്പോലും വിസ്മയിപ്പിക്കുന്ന വിഷ്വൽ ട്രീറ്റാണത്. അതിഗഹനമായ ആശയങ്ങളെ സൂക്ഷ്മമായി കൈകാര്യം ചെയ്യുമ്പോഴും പരമ്പരാഗത ശൈലി മുറുകെപ്പിടിയ്ക്കുന്ന അപൂർവ്വം ചുമർച്ചിത്രകാരന്മാരിൽ ഒരാളാണ്, രജീവ് അയ്യമ്പുഴ. വ്യത്യസ്തങ്ങളായ ആശയങ്ങളാവിഷ്ക്കരിക്കുന്നതിനായുള്ള രജീവിന്റെ
ശ്രമങ്ങളിൽ ഏറ്റവുമൊടുവിലായി പിറവിയെടുത്തത് ശ്രീശങ്കരാ
ചാര്യസ്വാമികളുടെ ജ്ഞാനോദയലബ്ധി എന്ന ചിത്രമാണ്.

ആദിശങ്കരന്റെ സംന്യാസപ്രവേശം<br>മ്യൂറൽ ക്യാൻവാസിലാക്കി രജീവ് അയ്യമ്പുഴ 1
ആദിശങ്കരന്റെ സംന്യാസപ്രവേശം<br>മ്യൂറൽ ക്യാൻവാസിലാക്കി രജീവ് അയ്യമ്പുഴ 2


5 അടി നീളവും 3 അടി വീതിയുമുള്ള ക്യാൻവാസിൽ ആക്രിലിക് ചായക്കൂട്ടുകൾ ചാലിച്ചെഴുതിയത് ആദിശങ്കരന്റെ സംന്യാസ
പ്രവേശം. 2002-2006 കാലയളവിൽ കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ ചുമർച്ചിത്രകലയിൽ ബി. എഫ്. എ. ബിരുദത്തിന് പഠിയ്ക്കുമ്പോഴൊന്നും മനസ്സിൽ തോന്നാതിരുന്ന ‘ത്രെഡ്ഡ്’ 2022-ൽ കാൻവാസിലാക്കാൻ രജീവും സുഹൃത്തും സഹായിയുമായ
സജിത്ത് ബാബുവും ഒരുമാസക്കാലം പണിയെടുത്തു. ആചാര്യ
സ്വാമികളുടെ സംന്യാസപ്രവേശത്തിനു പിന്നിൽ ഒരു ഐതിഹ്യമുണ്ടത്രെ. കുട്ടിശങ്കരൻ സംന്യാസം സ്വീകരിയ്ക്കാൻ കാരണഭൂതയായത്, മാണിക്യമംഗലത്തെ ശ്രീകാർത്ത്യായനിദേവിയാണെന്ന് രജീവ്
ചൂണ്ടിക്കാട്ടുന്നു. അങ്കമാലി ഞാലൂക്കര സ്വദേശിയും മാണിക്യമംഗലം കാർത്ത്യായനി ദേവിയുടെ നിസ്തുല ഭക്തനുമായ സന്ദീപിനു വേണ്ടിയാണ് ഈ ഐതിഹ്യകഥാചിത്രം തയ്യാറാക്കിയിരിക്കുന്നത്. ചിത്രത്തിലെ ആശയത്തിന് പിന്നിലെ ഐതിഹ്യകഥ രജീവ് വിവരിച്ചു. കാലടിക്കടുത്താണ് മാണിക്യമംഗലം ശ്രീകാർത്ത്യായനി ദേവീക്ഷേത്രം. ആചാര്യഭഗവദ്പാദരുടെ ഭരദേവത. സ്വാമികളുടെ പിതാവായ ശിവഗുരു ഇവിടുത്തെ വലിയ ഭക്തനായിരുന്നു. ശിവഗുരു എല്ലാ ദിവസവും ഈ ക്ഷേത്രത്തിൽ വരികയും പൂജാദികർമ്മങ്ങളിൽ വ്യാപൃതനാകുകയും പതിവായിരുന്നു. ഒരു ദിവസം ശിവഗുരുവിന് ക്ഷേത്രത്തിലേക്ക് പോകുവാൻ കഴിഞ്ഞില്ല. ആ സമയം ബാലനായിരുന്ന ശങ്കരന്റെ കയ്യിൽ അച്ഛൻ ക്ഷേത്രത്തിലേക്കായി അഭിഷേകത്തിന് അല്പം പാൽ കൊടുത്തയച്ചു. ശങ്കരൻ ക്ഷേത്രത്തിൽ പാലുമായി എത്തിയപ്പോൾ, മേൽശാന്തി പൂജ കഴിഞ്ഞു നടയടച്ചു പോയിരുന്നു. അടഞ്ഞു കിടക്കുന്ന ക്ഷേത്രം കണ്ട് കുട്ടിശങ്കരൻ വല്ലാതെ സങ്കടപ്പെട്ട് ക്ഷേതത്തിനു മുമ്പിലിരുന്നു കരഞ്ഞു. ഈ സമയം ശ്രീകോവിലിൽ നിന്നും അഭൗമമായ ഒരു പ്രകാശം വരികയും ആ തേജോരൂപത്തിനു മുമ്പിൽ വച്ച് ശങ്കരന്റെ കയ്യിലിരുന്ന പാത്രത്തിലെ പാൽ വറ്റിപ്പോകുകയും ചെയ്തു.

ആദിശങ്കരന്റെ സംന്യാസപ്രവേശം<br>മ്യൂറൽ ക്യാൻവാസിലാക്കി രജീവ് അയ്യമ്പുഴ 3
ആദിശങ്കരന്റെ സംന്യാസപ്രവേശം<br>മ്യൂറൽ ക്യാൻവാസിലാക്കി രജീവ് അയ്യമ്പുഴ 4

അല്പസമയത്തിനകം തന്നെ പാത്രത്തിൽ പാൽ വീണ്ടും നിറയുകയും കുട്ടിശങ്കരൻ അതു കുടിക്കുകയും ചെയ്തു. ദേവി അനുഗ്രഹിച്ചു നൽകിയ ഈ പാൽ കഴിച്ചാണ് ശങ്കരന് ജ്ഞാനോദയം ലഭിച്ചതെന്നും സംന്യാസത്തിൽ താത്പര്യം ജനിച്ചതെന്നുമാണ് ഐതിഹ്യം. ശ്രീശങ്കരാചാര്യരുടെ പല ജീവിതകഥകളും ചിത്രരൂപത്തിൽ കണ്ടിട്ടുണ്ടെങ്കിലും അധികം ആർക്കും തന്നെ അറിയാത്ത ഈ ഐതിഹ്യത്തിന് ചിത്രഭാഷ്യം നൽകുന്നത് ആദ്യമായാണെന്ന് രജീവ് അയ്യമ്പുഴ പറഞ്ഞു. പതിനാറു വർഷമായുള്ള തന്റെ ചിത്രകലാ
ജീവിതത്തിലെ ഒരു വഴിത്തിരിവായി ഈ ചിത്രം മാറുമെന്നും അദ്ദേഹം വിശ്വസിക്കുന്നു. നാനൂറില്പരം വർഷത്തെ പഴക്കം അനുമാനിയ്ക്കുന്ന ചുവർചിത്രങ്ങൾക്ക് പുനരുജ്ജീവനം നൽകാനും ഈ കലാകാരനു കഴിഞ്ഞിട്ടുണ്ട്. കോട്ടയം കുടമാളൂർ ശ്രീവാസുദേവപുരം ക്ഷേത്രത്തിലെയും ചേർത്തല വേളോർവട്ടം ശ്രീമഹാദേവക്ഷേതത്തിലെയും പൗരാണിക ചുമർച്ചിത്രങ്ങളിലാണ് ചായംതേച്ച് നവീകരിയ്ക്കാൻ ഇദ്ദേഹത്തിന് ഭാഗ്യം കിട്ടിയത്. ഇന്ത്യക്ക് അകത്തും അമേരിക്ക, റഷ്യ, ഓസ്‌ട്രേലിയ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കും കേരളീയ ചുവർചിത്രകലാ ശൈലിയിൽ ചിത്രങ്ങൾ വരച്ചു നൽകിയിട്ടുണ്ട്. കൂടാതെ കേരള ലളിതകലാ അക്കാദമിയുടെ ദർബാർ ഹാൾ ആർട്ട് ഗ്യാലറിയിലുൾപ്പടെ ചിത്രപ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. 2021-ൽ വെസ്റ്റ് ബംഗാളിലെ സർബ്ബ ഭാരതീയ ക്രിയേറ്റിവ് കൾച്ചറൽ ഫൗണ്ടേഷന്റെ ഇന്റർ
നാഷണൽ ഓൺലൈൻ ആർട്ട് എക്‌സിബിഷനിൽ മാസ്റ്റർ അവാർഡിനും അർഹനായി. 37 വയസ്സുള്ള രജീവ് അങ്കമാലിയ്ക്കടുത്ത് അയ്യമ്പുഴ ലാത്തുക്കൂട്ടത്തിൽ പരേതനായ കുമാരന്റെയും ഓമനയുടെയും മകനാണ്.

Leave a Reply