മുംബൈ ഭീകരാക്രമണത്തിന്റെ ഓർമ പുതുക്കാൻ വീണ്ടും നഗരത്തിൽ സമാന ആക്രമണം നടത്തുമെന്ന ഭീഷണിയുമായി മുംബൈ പൊലീസിന് സന്ദേശം

0

മുംബൈ ഭീകരാക്രമണത്തിന്റെ ഓർമ പുതുക്കാൻ വീണ്ടും നഗരത്തിൽ സമാന ആക്രമണം നടത്തുമെന്ന ഭീഷണിയുമായി മുംബൈ പൊലീസിന് സന്ദേശം. പാക്കിസ്ഥാൻ നമ്പറിൽനിന്ന് മുംബൈ ട്രാഫിക് പൊലീസ് ഹെൽപ് ഡെസ്‌കിന്റെ വാട്‌സ്ആപ്പിലാണ് ഭീഷണി സന്ദേശം ലഭിച്ചത്.

വെള്ളിയാഴ്ച രാത്രി 11.35നാണ് സന്ദേശം ലഭിച്ചതെന്ന് മുംബൈ പൊലീസ് കമീഷണർ വിവേക് ഫൻസാൽകർ പറഞ്ഞു. സന്ദേശം അയച്ചയാൾ താൻ പാക്കിസ്ഥാനിയാണെന്നും ഇന്ത്യയിൽ തന്നെ ചിലർ സഹായിക്കുമെന്നും അവകാശപ്പെട്ടു. ചില ഇന്ത്യൻ നമ്പറുകളും സന്ദേശത്തിലുണ്ട്. അജ്ഞാതർക്കെതിരെ പൊലീസ് കേസെടുത്തു. മുംബൈ പൊലീസ്, ക്രൈംബ്രാഞ്ച്, മഹാരാഷ്ട്ര എ.ടി.എസ് എന്നിവർ അന്വേഷണം ആരംഭിച്ചു. തീരദേശസേനക്ക് ജാഗ്രത നിർദ്ദേശം നൽകി. നഗരത്തിൽ സുരക്ഷ ശക്തമാക്കി.

2008 നവംബറിലാണ് 10 പാക് ഭീകരർ മുംബൈ നഗരത്തിലെ താജ്, ട്രൈഡന്റ് ഹോട്ടലുകൾ, യഹൂദ കേന്ദ്രമായ നരിമാൻ ഹൗസ്, സി.എസ്.ടി റെയിൽവേ സ്റ്റേഷൻ, കാമ ഹോസ്പിറ്റൽ തുടങ്ങിയ സ്ഥലങ്ങളിൽ ആക്രമണം നടത്തിയത്. വിദേശികളും ഉന്നത സൈനിക, പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെ 166 പേരാണ് അന്ന് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്.

Leave a Reply