യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. ശബരീനാഥൻ അറസ്റ്റിൽ

0

തിരുവനന്തപുരം: വിമാനത്തിൽ മുഖ്യമന്ത്രിക്കുനേരെയുണ്ടായ പ്രതിഷേധത്തിന് പ്രവർത്തകരെ പ്രേരിപ്പിക്കുന്ന വിധത്തിൽ ചില വാട്സാപ്പ് സന്ദേശങ്ങൾ അയച്ചത് പ്രചരിച്ചതിന് പിന്നാലെ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. ശബരീനാഥൻ അറസ്റ്റിൽ. ശബരീനാഥന്റെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് ഗവൺമെന്റ് പ്ലീഡർ കോടതിയിൽ അറിയിച്ചു.

മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് ശബരീനാഥനെ ചോദ്യം ചെയ്യാൻ പോലീസ് ഇന്ന് വിളിപ്പിച്ചിരുന്നു. ശംഖുമുഖം അസിസ്റ്റർ കമ്മീഷണർക്ക് മുമ്പിൽ ഹാജരാകുന്നതിന് പിന്നാലെ കോടതിയിൽ ശബരീനാഥന്റെ മുൻകൂർ ജാമ്യാപേക്ഷയും എത്തിയിരുന്നു. ഇത് പരിഗണിച്ച തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ജാമ്യാപേക്ഷയിൽ തീരുമാനമാകുന്നതുവരെ അറസ്റ്റ് രേഖപ്പെടുത്തരുതെന്ന് സർക്കാർ അഭിഭാഷകനോട് വാക്കാൻ നിർദേശിച്ചിരുന്നു.
എന്നാൽ, ശബരിനാഥന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി കഴിഞ്ഞു എന്നാണ് അഭിഭാഷകൻ കോടതിയെ അറിയിച്ചത്. തുടർന്ന് എപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത് എന്നാണ് കോടതി അഭിഭാഷകനോട് ചോദിച്ചത്. അറസ്റ്റ് തൽക്കാലം വേണ്ടെന്ന് പറഞ്ഞിരുന്നതാണല്ലോയെന്നും കോടതി ചോദിച്ചു. തുടർന്ന്, അറസ്റ്റ് ചെയ്ത കൃത്യം സമയം ബോധിപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു. ഇതിന്റെ രേഖ ഉടൻ കോടതിയിൽ ഹാജരാക്കാനും കോടതി നിർദേശിച്ചു.

ശബരീനാഥന്റേതെന്ന് സംശയിക്കുന്ന വാട്സ്ആപ്പ് ചാറ്റിന്റെ വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ശബരിനാഥന് പോലീസ് നോട്ടീസ് നൽകിയത്. മുഖ്യമന്ത്രി കണ്ണൂരിൽ നിന്ന് വിമാനത്തിൽ വരുന്നുണ്ടെന്ന് യൂത്ത് കോൺഗ്രസിന്റെ ഒരു വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ശബരിനാഥന്റെ പേരിലുള്ള സന്ദേശം വന്നത്. വിമാനത്തിനുള്ളിൽവെച്ച് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാമെന്ന ആശയം ഇതിൽ പങ്കുവെച്ചിരുന്നു.

ഇതിന് പിന്നാലെ വിഷയത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. പിന്നാലെ ശംഖുമുഖം എ.സി ശബരിനാഥന് നോട്ടീസ് നൽകിയതിനെത്തുടർന്ന് അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച സംഭവത്തിലെ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ടാണ് പോലീസ് ചോദ്യംചെയ്യൽ.

LEAVE A REPLY

Please enter your comment!
Please enter your name here