പാലക്കാട് തങ്കം ആശുപത്രിയിൽ നവജാത ശിശുവിന് പിന്നാലെ അമ്മയും മരിച്ച സംഭവത്തിൽ യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു

0

പാലക്കാട്: പാലക്കാട് തങ്കം ആശുപത്രിയിൽ നവജാത ശിശുവിന് പിന്നാലെ അമ്മയും മരിച്ച സംഭവത്തിൽ യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻപാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് കമ്മീഷൻ നിർദേശം നൽകി. യുവജന കമ്മീഷൻ അംഗം ടി.മഹേഷാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്.

തത്തമംഗലം സ്വദേശി ഐശ്വര്യ മരിച്ച സംഭവത്തിൽ, ചികിത്സാ പിഴവിന് മൂന്ന് ഡോക്ടർമാർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഐശ്വര്യ ഇന്നും നവജാത ശിശു ഇന്നലെയുമാണ് മരിച്ചത്. കുഞ്ഞിന്റെയും അമ്മയുടേയും മരണത്തിന് കാരണം ആശുപത്രിയിലെ ഡോക്ടർമാരുടെ അശ്രദ്ധയും അനാസ്ഥയും ആണെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. നടപടി ആവശ്യപ്പെട്ട് ഇവർ പ്രതിഷേധിച്ചതിന് പിന്നാലെയാണ് ഡ‍ോക്ടർമാർക്കെതിരെ പൊലീസ് കേസെടുത്തത്.

അതേസമയം മരിച്ച നവജാത ശിശുവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. കുഞ്ഞിന്റെ കഴുത്തിൽ പൊക്കിൾക്കൊടി ചുറ്റിവരിഞ്ഞ നിലയിലാണ്. വാക്വം ഉപയോഗിച്ച് കുഞ്ഞിനെ പുറത്തെടുക്കാൻ ഏറെ ബുദ്ധിമുട്ടി. ഇതിന്റെ ലക്ഷണങ്ങൾ കുഞ്ഞിന്റെ ശരീരത്തിൽ കാണാൻ സാധിക്കും. മറവ് ചെയ്ത കുഞ്ഞിനെ പുറത്തെടുത്താണ് പോസ്റ്റ്മോർട്ടം നടത്തിയത്. ചിറ്റൂർ-തത്തമംഗലം ചെമ്പകശ്ശേരിയിലുള്ള എം. രഞ്ജിത്തിന്റെ ഭാര്യ ഐശ്വരയും ആൺ കുഞ്ഞുമാണ് പാലക്കാട് പടിഞ്ഞാറേ യാക്കരയ്ക്ക് സമീപമുള്ള തങ്കം ആശുപത്രിയിൽ മരിച്ചത്. കുഞ്ഞ് ഞായറാഴ്ചയാണ് മരിച്ചത്. തിങ്കളാഴ്ച ഐശ്വര്യയും മരിച്ചു.

സംഭവത്തിൽ ആശുപത്രിയ്‌ക്കെതിരെ ഉയരുന്നത് രൂക്ഷ ആരോപണങ്ങളാണ്. തത്തമംഗലം സ്വദേശി 23കാരി ഐശ്വര്യയാണ് ഇന്ന് രാവിലെ 10ഓടുകൂടി മരിച്ചത്. ഐശ്വര്യയുടെ കുഞ്ഞ് പ്രസവിച്ച ഉടൻ മരിച്ചിരുന്നു. ചികിത്സാപ്പിഴവുകൊണ്ടാണെന്ന് ആരോപിച്ച് ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തെത്തി.
പ്രസവശേഷം ഗുരുതരാവസ്ഥയിലായ ഐശ്വര്യ തീവ്രപരിചരണവിഭാഗത്തിലായിരുന്നു. ഐശ്വര്യയുടെ മരണത്തിന് പിന്നാലെ ബന്ധുക്കൾ ആശുപത്രിയിൽ തടിച്ചുകൂടി. ഐശ്വര്യയെ ഒമ്പത് മാസം ചികിത്സിച്ച ഡോക്ടറല്ല പ്രസവ സമയത്ത് ഉണ്ടായിരുന്നത്. തങ്ങൾ ആവശ്യപ്പെട്ടിട്ടും സിസേറിയൻ നടത്താൻ ഡോക്ടർമാർ തയ്യാറായില്ല തുടങ്ങിയ ആരോപണങ്ങളാണ് ബന്ധുക്കൾ ഉന്നയിക്കുന്നത്. ഉത്തരവാദികളായ ഡോക്ടർമാർക്കെതിരെ കേസെടുക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെടുന്നു.

കുഞ്ഞ് മരിച്ച സംഭവത്തിൽ ബന്ധുക്കൾ മന്ത്രി കെ. കൃഷ്ണൻകുട്ടിക്കും പൊലീസിനും പരാതി നൽകിയിരുന്നു. ഈ പരാതി ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് കൈമാറിയതായി മന്ത്രി അറിയിച്ചു. കേസെടുത്തിട്ടുണ്ടെന്ന് പാലക്കാട് സൗത്ത് പൊലീസ് ഇൻസ്പെക്ടർ വി. ഹേമലത പറഞ്ഞു. സംസ്‌കരിച്ചിരുന്നെങ്കിലും, പരാതിയുയർന്ന സാഹചര്യത്തിൽ പൊലീസിടപെട്ട് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയിരുന്നു. ജൂൺ 29-നാണ് ഐശ്വര്യയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ശനിയാഴ്ച രാത്രിയാണ് പ്രസവമുറിയിലേക്ക് കൊണ്ടുപോകുന്നത്.

പ്രസവം വൈകിയതിനാൽ ശസ്ത്രക്രിയ വേണമെന്ന് ബന്ധുക്കളാവശ്യപ്പെട്ടെങ്കിലും അതിന് തയ്യാറായില്ലെന്നും പുലർച്ചെ രണ്ടരയോടെ കുഞ്ഞ് മരിച്ചതായി അറിയിക്കുകയായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. സമ്മതമില്ലാതെ ഗർഭപാത്രം നീക്കിയെന്നും ഇവർ ആരോപിച്ചു. അതേസമയം, ആശുപത്രിയുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നും സാധ്യമായ ചികിത്സയെല്ലാം നൽകിയെന്നും ആശുപത്രി ഭരണവിഭാഗം സീനിയർ മാനേജർ പറഞ്ഞു. അമിതരക്തസ്രാവമാണ് അമ്മയുടെ ആരോഗ്യനില വഷളാക്കിയതെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here