നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തെളിവായ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡും പെന്‍ ഡ്രൈവും സൂക്ഷിച്ചിരിക്കുന്നത്‌ ട്രഷറിയില്‍

0

നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തെളിവായ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡും പെന്‍ ഡ്രൈവും സൂക്ഷിച്ചിരിക്കുന്നത്‌ ട്രഷറിയില്‍. മെമ്മറി കാര്‍ഡ്‌ എപ്പോഴുമെടുത്തു കൈകാര്യം ചെയ്യുന്നത്‌ ഒഴിവാക്കാന്‍ പെന്‍ഡ്രൈവില്‍ ഒരു പകര്‍പ്പുകൂടി എടുത്തു സൂക്ഷിക്കാന്‍ സുപ്രീംകോടതിയാണുനിര്‍ദേശിച്ചത്‌. അഭിഭാഷകര്‍ക്കോ ജഡ്‌ജിക്കുതന്നെയോ വീണ്ടും കാണണമെന്നുണ്ടെങ്കില്‍ പെന്‍ഡ്രൈവാണ്‌ ഉപയോഗിക്കേണ്ടത്‌.
പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ ദൃശ്യം കണ്ട 2021 ജൂലൈ 19ന്‌ പകല്‍ 12.19 മുതല്‍ 12: 54 വരെയുള്ള സമയത്തു മെമ്മറികാര്‍ഡ്‌ വിവോ ഫോണിലിട്ടു ദൃശ്യം കണ്ടിട്ടുണ്ട്‌. അതായതു പെന്‍ഡ്രൈവ്‌ മാത്രം ട്രഷറിയില്‍ നിന്നെടുത്തു കൊണ്ടുവരേണ്ടിടത്തു മെമ്മറി കാര്‍ഡും ഒപ്പം എടുത്തിരിക്കണം. അത്‌ എന്തിനാണെന്ന്‌ അന്വേഷണത്തില്‍ കണ്ടെത്തേണ്ടതുണ്ട്‌. ഹാഷ്‌വാല്യൂ മാറിയതിനേപ്പറ്റി അന്വേഷിച്ചു വ്യക്‌തത വരുത്തണമെന്നാണു ക്രൈംബ്രാഞ്ച്‌ ആവശ്യം. അതിനാല്‍, കൂടുതല്‍ സമയം ചോദിച്ചു കഴിഞ്ഞദിവസം അപേക്ഷ നല്‍കിയിട്ടുണ്ട്‌. അപേക്ഷ ഇന്നു ഹൈക്കോടതി പരിഗണിക്കും.
മെമ്മറി കാര്‍ഡ്‌ കൈകാര്യം ചെയ്യുന്നതില്‍ കര്‍ശന മാനദണ്ഡങ്ങളാണു സുപ്രീംകോടതി നിര്‍ദേശിച്ചത്‌. മെമ്മറി കാര്‍ഡ്‌ കോടതിക്ക്‌ ആക്‌സസ്‌ ചെയ്യണമെങ്കില്‍ ഇരുവിഭാഗം അഭിഭാഷകരുടേയും ഫോറന്‍സിക്‌ വിദഗ്‌ധരുടെ സഹായവും സാന്നിധ്യവുമുണ്ടാകണം. റൈറ്റ്‌സ്‌ ബ്ലോക്കര്‍ അടക്കമുള്ള ടൂളുകള്‍ ഉപയോഗിച്ചാകണം പരിശോധന. ഇത്തരത്തില്‍ മാത്രമേ മെമ്മറി കാര്‍ഡുകള്‍ അടക്കമുള്ള ഡിജിറ്റല്‍ തെളിവുകള്‍ ആക്‌സസ്‌ ചെയ്യാന്‍ പാടുള്ളൂ എന്നിരിക്കേയാണു നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ്‌ അനധികൃതമായി ആക്‌സസ്‌ ചെയ്‌തെന്നു കണ്ടെത്തിയത്‌.
ജൂലൈ 19 നാണു വിവോ ഫോണില്‍ മെമ്മറി കാര്‍ഡിട്ടു വാട്‌സപ്പും ടെലിഗ്രാമും ഓപ്പറേറ്റു ചെയ്‌തെന്ന്‌ ഫോറന്‍സിക്‌ റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കുന്നു.
ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങള്‍ വഴി ഷെയര്‍ ചെയ്യപ്പെട്ടിരിക്കാനുള്ള സാധ്യതയും അന്വേഷണസംഘം തള്ളിക്കളയുന്നില്ല. മെമ്മറി കാര്‍ഡ്‌ വിവോ ഫോണില്‍ ഇട്ടപ്പോള്‍ മെസേജിങ്‌ ആപ്പുകള്‍ ഓപ്പറേറ്റ്‌ ചെയ്‌തിരുന്നു. ഉപയോഗിച്ചിരുന്നത്‌ ജിയോ സിം ആണെന്നും ഫോറന്‍സിക്‌ പരിശോധനാഫലത്തില്‍ കണ്ടെത്തിയിട്ടുണ്ട്‌.
ഇത്തരം തെളിവുകള്‍ തൊണ്ടി ക്ലര്‍ക്കിനുപോലും തനിയെ കൈകാര്യം ചെയ്യാന്‍ നിയമപരമായി അനുവാദമില്ല. നേരിട്ടുള്ള പരിശോധനയ്‌ക്കുശേഷം ജഡ്‌ജി തന്നെയാണു തൊണ്ടി സീല്‍ ചെയ്യേണ്ടത്‌.
മെമ്മറി കാര്‍ഡ്‌ വെറുതെ തുറന്നുനോക്കിയാലും ഹാഷ്‌ വാല്യു മാറുമെന്നാണ്‌ പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍, കേവലം തുറന്നുപരിശോധിച്ചാല്‍ ഹാഷ്‌ വാല്യു മാറില്ലെന്നാണ്‌ സൈബര്‍ വിദഗ്‌ധര്‍ പറയുന്നത്‌.
ദൃശ്യങ്ങള്‍ എഡിറ്റ്‌ ചെയ്യുകയോ രേഖകള്‍ മുഴുവനായി മാറ്റപ്പെടുകയോ ചെയ്‌താല്‍ മാത്രമേ ഹാഷ്‌ വാല്യു മാറുകയുള്ളൂ എന്നും ഇവര്‍ പറയുന്നു.
എന്നാല്‍, വെറുതെ തുറന്നുപരിശോധിച്ചതാണെങ്കില്‍ പോലും അതു നിയമവിരുദ്ധമാണെന്നു പ്രോസിക്യൂഷന്‍ പറയുന്നു. ഇങ്ങനെ തുറന്നുപരിശോധിച്ചതിനു കോടതികളില്‍ രേഖയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here