കോൺഗ്രസും യു.ഡി.എഫും എതിർ രാഷ്ട്രീയ പാർട്ടികളുടെ ഓഫീസ് ആക്രമിക്കുന്നതിന് അനുകൂലമായ നിലപാട് ഒരുകാലത്തും സ്വീകരിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

0

കൊച്ചി: കോൺഗ്രസും യു.ഡി.എഫും എതിർ രാഷ്ട്രീയ പാർട്ടികളുടെ ഓഫീസ് ആക്രമിക്കുന്നതിന് അനുകൂലമായ നിലപാട് ഒരുകാലത്തും സ്വീകരിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പാർട്ടി ഓഫീസുകൾക്ക് അകത്തേയ്ക്ക് പടക്കമോ ബോംബോ എറിയുന്നത് കോൺഗ്രസിന്റെയോ യു.ഡി.എഫിന്റെയോ രീതിയല്ല. ആക്രമണം സംബന്ധിച്ച് നേതൃത്വത്തിന് യാതൊരു വിവരവുമില്ല. പൊലീസ് അന്വേഷിക്കട്ടെ. സി.സി ടി.വിയിൽ തെളിഞ്ഞിരിക്കുന്ന ദൃശ്യത്തിൽ വ്യക്തതയില്ല. അതുകൊണ്ട് തന്നെ അക്രമി ആരാണെന്ന് പൊലീസ് കണ്ടെത്തട്ടേ എന്നും സതീശൻ പറഞ്ഞു.

മലയാളിയുടെ പൊതുബോധത്തെ വെല്ലുവിളിക്കരുത്. നിയമസഭ പോലും മാറ്റിവച്ച് രാഹുൽ ഗാന്ധിയുടെ പരിപാടികളിൽ പങ്കെടുക്കാൻ നേതാക്കളെല്ലാം വയനാട്ടിലേക്ക് പോകുകയാണ്. സർക്കാരിനെ മൂന്ന് ദിവസമായി പ്രതിരോധത്തിൽ വരിഞ്ഞ് മുറുക്കി നിർത്തിയിരിക്കുന്ന സാഹചര്യത്തിൽ കോൺഗ്രസോ യു.ഡി.എഫോ ഈ അക്രമത്തിന് മുതിരില്ലെന്ന് കേരളത്തിലെ സാമാന്യബുദ്ധിയുള്ളവർക്ക് അറിയാം. ഇത്തരം അക്രമണങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന രീതി കോൺഗ്രസിനോ യു.ഡി.എഫിനോ ഇല്ലെന്ന് എല്ലാവർക്കും അറിയാം. വിഷയങ്ങളിൽ നിന്ന് വ്യതിചലിച്ച് പുതിയ വിഷയങ്ങളുടെ പിന്നാലെ പോകുന്നത് ആരാണ്? ഞങ്ങൾ ആരും ബോംബാക്രമണം നടത്തി വിഷയങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാൻ ശ്രമിക്കില്ല. സർക്കാരിനെ പ്രതിരോധത്തിൽ ആക്കിയുള്ള സമര പരിപാടികളാണ് യു.ഡി.എഫ് നടത്തുന്നത്. ആ വിഷയത്തിൽ നിന്നും ശ്രദ്ധ മാറണമെന്ന് ചിന്തിക്കുന്നവരാണ് ഈ അക്രമത്തിന് പിന്നിൽ.

രാത്രി തന്നെ സിപിഎം ഇറക്കിയിരിക്കുന്ന പ്രസ്താവനയിൽ അക്രമത്തിന് പിന്നിൽ യു.ഡി.എഫ് ആണെന്നാണ് പറഞ്ഞിരിക്കുന്നത്. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് സിപിഎം നേതാക്കൾ ഇങ്ങനെ പറയുന്നത്? സി.സി ടി.വി ദൃശ്യത്തിൽ പോലും വ്യക്തതയില്ല. നേരത്തെ തയാറാക്കി വച്ച പ്രസ്താവനയാണിത്. ഒന്നും അറിയാതെ അക്രമത്തിന് പിന്നിൽ കോൺഗ്രസാണ് യു.ഡി.എഫാണെന്ന് പറയുന്നത് ശരിയായ രീതിയല്ല. എ.കെ ആന്റണി അകത്ത് ഇരിക്കുമ്പോഴാണ് സിപിഎം പ്രവർത്തകർ പ്രകടനമായെത്തി കെപിസിസി ഓഫീസ് ആക്രമിച്ചത്. അതിന് കൃത്യമായ തെളിവുകളുണ്ട്.

കഴിഞ്ഞ ഒരു മാസത്തിനിടെ സംസ്ഥാനത്ത് 42 കോൺഗ്രസ് ഓഫീസുകളാണ് തകർക്കപ്പെട്ടത്. അഞ്ച് ഓഫീസുകൾ കത്തിക്കുകയും പയ്യന്നൂരിലെ ഗാന്ധി പ്രതിമയുടെ തല അറുക്കുകയും കെപിസിസി ഓഫീസ് ആക്രമിക്കുകയും ചെയ്തു. ആദ്യം വിമാനത്തിൽ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന് പറഞ്ഞ് കോൺഗ്രസ് ഓഫീസുകൾ തകർത്തു. രണ്ടാമത് രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിൽ പ്രതിഷേധിച്ചു എന്നതിന്റെ പേരിൽ കോൺഗ്രസ് ഓഫീസുകൾ തകർത്തു. ഇപ്പോൾ മൂന്നാമത്തെ റൗണ്ട് ആക്രമണമാണ് സിപിഎം നടത്തുന്നത്. കഴിഞ്ഞ ഒരു മാസമായി സംസ്ഥാനത്ത് വ്യാപക അക്രമമാണ് സിപിഎം അഴിച്ചു വിടുന്നത്-സതീശൻ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here