അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരിച്ചു

0

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരിച്ചു. മുരുഗള ഊരിലെ അയ്യപ്പൻ-സരസ്വതി ദമ്പതിമാരുടെ മകളാണ് മരിച്ചത്. 3 മാസമാണ് കുഞ്ഞിന് പ്രായം. മരണകാരണം വ്യക്തമായിട്ടില്ല. കുഞ്ഞിന് മുലപ്പാൽ നൽകുന്നതിനിടെ പാൽ നെറുകയിൽ കയറിയെന്നാണ് പ്രാഥമിക നിഗമനം. ഒറ്റപ്പെട്ട ഊരായാതിനാൽ ആരോഗ്യ പ്രവർത്തകർക്ക് ഇതുവരെ മുരുകള ഊരിൽ എത്തായാനായിട്ടില്ല.

ഭവാനിപ്പുഴയ്ക്ക് മറുകരയിലുള്ള ഊരാണ് മുരുകള. കഴിഞ്ഞ പ്രളയത്തിൽ ഇവടേക്കുള്ള പാലം തകർന്നിരുന്നു. അത് ഇതുവരെ പുനർ നിർമ്മിക്കാനായിട്ടില്ല. ഇതോടെ, അട്ടപ്പാടിയിൽ ഈ വർഷം മാത്രം മരിച്ച നവജാത ശിശുക്കളുടെ എണ്ണം 7 ആയി. കഴിഞ്ഞ മാസം മാത്രം 3 കുഞ്ഞുങ്ങളാണ് അട്ടപ്പാടിയിൽ മരിച്ചത്. 6 മാസത്തിനിടെ 10 ശിശുക്കൾ ഇവിടെ മരിച്ചു.

മേലേ ചൂട്ടറ ഊരിലെ ഗീതുവിന്റെ ഗർഭസ്ഥ ശിശു കഴിഞ്ഞ മാസം 28നാണ് മരിച്ചത്. 27 ആഴ്ചയായിരുന്നു പ്രായം. കുഞ്ഞിന് അനക്കമില്ലെന്ന് സ്‌കാനിംഗിൽ കണ്ടെത്തിയതോടെ, പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചിറ്റൂർ ഊരിലെ ഷിജു – സുമതി ദമ്പതികളുടെ പെൺകുഞ്ഞും കഴിഞ്ഞ മാസം മരിച്ചിരുന്നു.

ഉയർന്ന രക്ത സമ്മർദ്ദത്തെ തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു സുമതി. ഓഗസ്റ്റ് ഒന്നിനായിരുന്നു പ്രസവ തീയ്യതി പറഞ്ഞിരുന്നെങ്കിലും നേരത്തെ പ്രസവിച്ചു. കുഞ്ഞിനെ രക്ഷിക്കാനായില്ല. സ്‌കാനിംഗിൽ ഭ്രൂണാവസ്ഥയിൽ തന്നെ കുഞ്ഞിന്റെ തലയിൽ മുഴ കണ്ടെത്തിയിരുന്നു.

കഴിഞ്ഞ മാസം 21ന് അട്ടപ്പാടിയിൽ അഞ്ച് മാസം പ്രായമുള്ള ആദിവാസി ഗർഭസ്ഥ ശിശു മരിച്ചിരുന്നു. ഒസത്തിയൂരിലെ പവിത്ര – വിഷ്ണു ദമ്പതിമാരുടെ പെൺകുഞ്ഞാണ് അന്ന് മരിച്ചത്. തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് പവിത്ര പെൺകുഞ്ഞിന് ജന്മം നൽകിയത്. ഗർഭം അഞ്ചാം മാസം എത്തിയപ്പോൾ ആയിരുന്നു പ്രസവം.

25 ആഴ്ച മാത്രം വളർച്ചയുണ്ടായിരുന്ന ശിശുവിനെ പ്രത്യേക നിരീക്ഷണ സംവിധാനത്തിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ഫ്‌ളൂയിഡ് കുറഞ്ഞതിനെ തുടർന്നാണ് പവിത്രയെ അട്ടപ്പാടി കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്

LEAVE A REPLY

Please enter your comment!
Please enter your name here