നീണ്ടൂർ എസ്.കെ.വി ഗവ.ഹയർ സെക്കൻഡറി സ്കൂൾ കുത്തിത്തുറന്ന് മോഷണം

0

നീണ്ടൂർ എസ്.കെ.വി ഗവ.ഹയർ സെക്കൻഡറി സ്കൂൾ കുത്തിത്തുറന്ന് മോഷണം. നാല് ലാപ്ടോപ്പും രണ്ട് കാമറയും കവർന്നു. രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടമെന്ന് പ്രാഥമിക വിലയിരുത്തൽ. തിങ്കളാഴ്‌ച രാവിലെ സ്കൂൾ അധികൃതർ എത്തിയപ്പോഴാണ് വാതിലിന്‍റെ താഴ് തകർത്തനിലയിൽ കണ്ടത്.
പൊലീസ് എത്തി പരിശോധിച്ചപ്പോൾ വാതിൽ തുറന്നതായി കാണാത്തതിനാൽ മോഷണശ്രമം മാത്രമാണെന്ന് കരുതി തിരികെ പോയി. എന്നാൽ, സ്കൂൾ അധികൃതർ നടത്തിയ വിശദ പരിശോധനയിൽ കമ്പ്യൂട്ടർ ലാബിൽ സൂക്ഷിച്ചിരുന്ന മൂന്ന് ലാപ്ടോപ്പും രണ്ട് കാമറയും മോഷണം പോയതായി കണ്ടെത്തുകയായിരുന്നു.

തുടർന്ന്, മറ്റ് മുറികളിൽ നടത്തിയ പരിശോധനയിൽ ഒരു ലാപ്ടോപ് കൂടി നഷ്ടപ്പെട്ടതായും കണ്ടെത്തി. ഉടൻ ഏറ്റുമാനൂർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഡിവൈ.എസ്.പി ജെ. സന്തോഷ് കുമാർ, ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ആർ. രാജേഷ് കുമാർ, എസ്.ഐ പ്രശോഭ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കള്ളത്താക്കോൽ ഉപയോഗിച്ച് വാതിൽ തുറന്നതാണെന്ന് കണ്ടെത്തി.

മോഷണശേഷം മോഷ്ടാക്കൾതന്നെ വാതിൽ അടച്ചതാകാമെന്ന് പൊലീസ് പറയുന്നു. ഞായറാഴ്ച രാത്രി ഈ ഭാഗത്ത് കനത്തമഴ പെയ്തിരുന്നു. ഈ സമയത്താകാം മോഷണം നടന്നതെന്നാണ് പൊലീസ് നിഗമനം.ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here