കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് 2021 -ലെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാരത്തിന് നിശ്ചിതഫോമിൽ നോമിനേഷൻ ക്ഷണിച്ചു

0

തിരുവനന്തപുരം: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് 2021 -ലെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാരത്തിന് നിശ്ചിതഫോമിൽ നോമിനേഷൻ ക്ഷണിച്ചു. മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഈ വർഷം പുരസ്‌കാരങ്ങൾക്ക് നേരിട്ട് അപേക്ഷിക്കാൻ കഴിയില്ല. അതിനു പകരം മറ്റൊരാൾക്ക് നോമിനേറ്റ് ചെയ്യാവുന്നതാണ്.

വ്യക്തിഗത പുരസ്‌ക്കാരത്തിനായി അതത് മേഖലകളിലെ 18-നും 40-നും മദ്ധ്യേപ്രായമുള്ള യുവജനങ്ങളെയാണ് നോമിനേറ്റ് ചെയ്യേണ്ടത്. സാമൂഹ്യപ്രവർത്തനം, മാധ്യമപ്രവർത്തനം (പ്രിന്റ്് മീഡിയ), മാധ്യമ പ്രവർത്തനം (ദൃശ്യമാധ്യമം), കല, സാഹിത്യം, കായികം (വനിത), കായികം (പുരുഷൻ), സംരംഭകത്വം, കൃഷി, ഫോട്ടോഗ്രാഫി എന്നീ മേഖലകളിൽ നിന്നും മികച്ച ഓരോ വ്യക്തിക്കുവീതം ആകെ 10 പേർക്കാണ് പുരസ്‌ക്കാരങ്ങൾ നൽകുന്നത്. അതത് മേഖലകളുമായി ബന്ധപ്പെട്ട ഏതൊരാൾക്കും മറ്റൊരാളെ നോമിനേറ്റ് ചെയ്യാവുന്നതാണ്. പുരസ്‌ക്കാരത്തിന് അർഹരാകുന്നവർക്ക് 50,000 രൂപയും പ്രശസ്തി പത്രവും നൽകും.

കൂടാതെ കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള യൂത്ത്, യുവാ, അവളിടം ക്ലബ്ബുകളിൽ നിന്നും അവാർഡിനായി അപേക്ഷകൾ ക്ഷണിച്ചു. ഓരോ ജില്ലാതലത്തിൽ നിന്നും തെരഞ്ഞെടുക്കുന്ന മികച്ച ക്ലബ്ബിന് 30,000 രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും നൽകുന്നു. ജില്ലാതലത്തിൽ അവാർഡിനർഹത നേടിയ ക്ലബ്ബുകളെയാണ് സംസ്ഥാനതലത്തിലെ അവാർഡിനായി പരിഗണിക്കുന്നത്. സംസ്ഥാന അവാർഡ് നേടുന്ന ക്ലബ്ബിന് 50,000 രൂപയും, പ്രശസ്തി പത്രവും, പുരസ്‌കാരവും നൽകും.

അവസാന തീയതി ഓഗസ്റ്റ് 15. മാർഗ്ഗനിർദ്ദേശങ്ങളും അപേക്ഷാഫോമും അതാത് ജില്ലാ യുവജന കേന്ദ്രങ്ങളിലും കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ വെബ് സൈറ്റിലും ലഭ്യമാണെന്ന് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: www.ksywb.kerala.gov.in.

LEAVE A REPLY

Please enter your comment!
Please enter your name here