കൊളസ്ട്രോൾ അളവുകൾ വലിയ തോതിൽ കൂടുന്നത് ഭാവിയിൽ പല രോഗങ്ങൾക്കും വഴിയൊരുക്കും.

0

കൊളസ്ട്രോൾ അളവുകൾ വലിയ തോതിൽ കൂടുന്നത് ഭാവിയിൽ പല രോഗങ്ങൾക്കും വഴിയൊരുക്കും. അതിനാൽ കൊളസ്ട്രോൾ അളവുകളിൽ മാറ്റങ്ങൾ വരുമ്പോൾ തന്നെ ശ്രദ്ധിക്കണം. എന്നാൽ ടോട്ടൽ കൊളസ്ട്രോൾ 200 കടന്നാൽ ഉടൻ കൊളസ്ട്രോൾ നിയന്ത്രണത്തിനുള്ള മരുന്ന് കഴിക്കേണ്ടതില്ല. ആരോഗ്യകരമായ ഭക്ഷണവും വ്യായാമവും ശീലമാക്കി ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുകയാണ് ആദ്യം വേണ്ടത്. എന്നിട്ടും കൊളസ്ട്രോൾ നിയന്ത്രണത്തിലായില്ലെങ്കിൽ മരുന്ന് ചികിത്സ വേണ്ടിവരും. ചില കാര്യങ്ങൾ പരിഗണിച്ചാണ് മരുന്ന് ചികിത്സ തീരുമാനിക്കുന്നത്.

ഹൃദ്രോഗം, സ്ട്രോക്ക്, പെരിഫെറൽ വാസ്കുലാർ ഡിസീസ് (കാലിലേക്കുള്ള രക്തയോട്ടക്കുറവ്), റുമറ്റോയ്ഡ് ആർത്രൈറ്റിസ് പോലുള്ള വാതരോഗങ്ങൾ, വൃക്ക രോഗങ്ങൾ എന്നിവ തടയാൻ കൊളസ്ട്രോൾ അളവ് സാധാരണ അളവുകളിലാകേണ്ടത് പ്രധാനമാണ്. കൊളസ്ട്രോൾ എത്രത്തോളം കുറയ്ക്കണമെന്ന് കണക്കാക്കുന്നതും ഈ രോഗങ്ങൾ വരാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ്. അത്തരം ഘട്ടത്തിൽ പ്രാഥമിക പ്രതിരോധം എന്ന നിലയിൽ മരുന്ന് ചികിത്സയെ സ്വീകരിക്കാം. അതായത്, ടോട്ടൽ കൊളസ്ട്രോൾ കൂടുതലുണ്ട്. എൽ.ഡി.എൽ., എച്ച്.ഡി.എൽ. എന്നിവ ആരോഗ്യകരമായ അളവിലല്ല. പക്ഷേ, ഇപ്പോൾ മറ്റ് രോഗങ്ങൾ ഒന്നും ഇല്ല. ഈ സാഹചര്യത്തിൽ ആ വ്യക്തിയ്ക്ക് ഭാവിയിൽ ഹൃദ്രോഗം പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ ചികിത്സ എന്ന നിലയിലാണ് കൊളസ്ട്രോൾ മരുന്നിനെ ഉപയോഗിക്കാറുള്ളത്.
ഹൃദ്രോഗങ്ങൾ, സ്ട്രോക്ക്, പെരിഫെറൽ വാസ്കുലാർ ഡിസീസ് എന്നിവ വരാനുള്ള സാധ്യത 20 ശതമാനത്തിന് മുകളിൽ, എൽ.ഡി.എൽ. കൊളസ്ട്രോൾ അളവ് നൂറിന് മുകളിൽ, പ്രായം കൂടുന്നത്, പുകവലി ശീലം, കൊളസ്ട്രോൾ അളവുകളിലെ വലിയ വ്യതിയാനങ്ങൾ, കുടുംബത്തിൽ ചെറുപ്രായത്തിൽ ഹൃദ്രോഗം, സ്ട്രോക്ക് എന്നിവ ബാധിച്ചവരുണ്ടോ തുടങ്ങിയ കാര്യങ്ങൾ കൂടി ചികിത്സയ്ക്ക് മുൻപ് കണക്കിലെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here