സംസ്‌ഥാനത്ത്‌ വാനര വസൂരി സ്‌ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന്‌ ആരോഗ്യ വിദഗ്‌ധര്‍

0

സംസ്‌ഥാനത്ത്‌ ഒരാള്‍ക്ക്‌ മങ്കിപോക്‌സ്‌ (കുരങ്ങുപനി) സ്‌ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന്‌ ആരോഗ്യ വിദഗ്‌ധര്‍.
വൈറസ്‌ രോഗബാധയായ കുരങ്ങുപനി യു.ഇ.എയില്‍ നിന്ന്‌ വന്നയാളിലാണ്‌ സ്‌ഥിരീകരിച്ചത്‌. ഇയാളുമായി സമ്പര്‍ക്കമുണ്ടായിരുന്ന മറ്റൊരാള്‍ക്കും രോഗബാധയുണ്ടെന്ന്‌ സംശയമുണ്ട്‌. കേന്ദ്ര സര്‍ക്കാരും സംസ്‌ഥാനങ്ങള്‍ക്ക്‌ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്‌.
നിലവില്‍ 65 രാജ്യങ്ങളില്‍ 10700 പേര്‍ക്ക്‌ രോഗം പിടിപെട്ടതായി ലോകാരോഗ്യ സംഘടന വ്യക്‌തമാക്കുന്നു. അമേരിക്കയില്‍ 1000 പേരും ബ്രിട്ടനില്‍ 1750 പേരും രോഗികളായി. ഏതാനും നാള്‍ മുമ്പ്‌ വയനാട്ടില്‍ മങ്കിപോക്‌സ്‌ സംശയിച്ച്‌ ഒരാളെ നിരീക്ഷിച്ചിരുന്നെങ്കിലും പരിശോധനയില്‍ രോഗം അതല്ലെന്ന്‌ കണ്ടെത്തിയിരുന്നു.

രോഗം

മൃഗങ്ങളില്‍നിന്ന്‌ മനുഷ്യരിലേക്കു പകരുന്ന വൈറസ്‌ രോഗം. തീവ്രത കുറവാണെങ്കിലും വ്യാപനശേഷി കൂടുതല്‍. വസൂരിയുടെ ലക്ഷണങ്ങളുമായി സാമ്യം. മധ്യപടിഞ്ഞാറന്‍ ആഫ്രിക്കയാണ്‌ ഉറവിടം. 1970 ല്‍ ആദ്യമായി മനുഷ്യനില്‍ സ്‌ഥിരീകരിച്ചു.

ലക്ഷണങ്ങള്‍

പനി, തലവേദന, നടുവേദന, കഴലവീക്കം, പേശീവേദന എന്നിവയാണ്‌ പ്രാരംഭലക്ഷണങ്ങള്‍. പനിവന്ന്‌ ദേഹത്ത്‌ കുമിളകള്‍ ഉണ്ടാകുന്നു. വിവിധതരം അണുബാധയ്‌ക്കും കണ്ണിന്റെ കാഴ്‌ച നഷ്‌ടമാകാനും സാധ്യത.

ചികിത്സ

വൈറല്‍ രോഗമായതിനാല്‍ മരുന്നുകളില്ല. ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടണം. രോഗം തീവ്രമല്ലാത്തതിനാല്‍ മരണമുണ്ടാകില്ല എന്നത്‌ ആശ്വാസമേകുന്നു.

പ്രതിരോധം

വന്യമൃഗങ്ങളുമായി സമ്പര്‍ക്കമൊഴിവാക്കണം. അണ്ണാന്‍, എലി, കുരങ്ങുകള്‍ എന്നിവയില്‍നിന്ന്‌ രോഗം പകരാം. വന്യജീവികളുടെ മാംസം, രക്‌തം, ഇതരഭാഗങ്ങള്‍ എന്നിവയുമായി സമ്പര്‍ക്കമുണ്ടാകരുത്‌. മാംസം നന്നായി വേവിച്ചു കഴിക്കണം. രോഗം ബാധിച്ചവരുടെ സ്രവങ്ങളില്‍നിന്ന്‌ പകരാനുള്ള സാധ്യതയേറെ. രോഗികളെ മാറ്റിപ്പാര്‍പ്പിച്ച്‌ ചികിത്സിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here