പരിസ്‌ഥിതി ലോലമേഖലയിലെ ബഫര്‍ സോണിനെച്ചൊല്ലി നിയമസഭയില്‍ പരസ്‌പരം പഴിചാരി ഭരണ-പ്രതിപക്ഷങ്ങള്‍

0

തിരുവനന്തപുരം : പരിസ്‌ഥിതി ലോലമേഖലയിലെ ബഫര്‍ സോണിനെച്ചൊല്ലി നിയമസഭയില്‍ പരസ്‌പരം പഴിചാരി ഭരണ-പ്രതിപക്ഷങ്ങള്‍. സണ്ണി ജോസഫിന്റെ അടിയന്തരപ്രമേയ നോട്ടീസ്‌ ചര്‍ച്ചാവേളയില്‍ മന്ത്രി എ.കെ. ശശീന്ദ്രനും പ്രതിപക്ഷനേതാവ്‌ വി.ഡി. സതീശനും ഏറ്റുമുട്ടി.
ഒന്നാം പിണറായി സര്‍ക്കാര്‍ 2019-ല്‍ കൈക്കൊണ്ട തീരുമാനമാണു ബഫര്‍ സോണ്‍ സംബന്ധിച്ച സുപ്രീം കോടതി വിധിക്കു കാരണമായതെന്നു സതീശന്‍ ആരോപിച്ചു. എന്നാല്‍, 12 കിലോമീറ്റര്‍ വരെ ബഫര്‍ സോണാകാമെന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ തീരുമാനം ഒരുകിലോമീറ്ററായി തിരുത്തുകയാണു ചെയ്‌തതെന്നു മന്ത്രി ശശീന്ദ്രന്‍ അവകാശപ്പെട്ടു. തുടര്‍ന്ന്‌, അടിയന്തരപ്രമേയത്തിന്‌ അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം ഇറങ്ങിപ്പോയി.
സുപ്രീം കോടതി വിധിയില്‍ കേരളത്തിന്‌ ആശ്വാസകരമായ നിര്‍ദേശങ്ങളുമുണ്ടെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ബഫര്‍ സോണില്‍ ഇളവുകള്‍ ആവശ്യമെങ്കില്‍ വിശദാംശങ്ങള്‍ ഉള്‍പ്പെടെ കേന്ദ്ര വനം-പരിസ്‌ഥിതി മന്ത്രാലയം മുഖേന സുപ്രീം കോടതിയെ അറിയിക്കാം. ഇളവുകള്‍ തേടി 22 അപേക്ഷകള്‍ കേന്ദ്രത്തിന്റെ പക്കലുണ്ട്‌.
ബഫര്‍ സോണില്‍നിന്ന്‌ ജനവാസകേന്ദ്രങ്ങള്‍ ഒഴിവാക്കണമെന്നാണു കേരളത്തിന്റെ നയം. സുപ്രീം കോടതിയെ അത്‌ ബോധ്യപ്പെടുത്താന്‍ കഴിയുമെന്നാണു പ്രതീക്ഷ. ഉടന്‍ സുപ്രീം കോടതിയെ സമീപിക്കും. 2013-ലെ മന്ത്രിസഭാതീരുമാനം ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കി, 0-12 കി.മീ. ബഫര്‍ സോണ്‍ ആക്കണമെന്നായിരുന്നു. 2019-ല്‍ പിണറായി സര്‍ക്കാര്‍ അത്‌ 0-1 കിലോമീറ്ററാക്കി തിരുത്തുകയായിരുന്നു. 2020-ല്‍ ആ ഉത്തരവും തിരുത്തി കേന്ദ്രത്തിനു നല്‍കിയിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു.
എന്നാല്‍ 2019-ലെ ഉത്തരവില്‍ യു.ഡി.എഫ്‌. സര്‍ക്കാര്‍ ജനവാസമേഖലകളെ ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നെന്നു സണ്ണി ജോസഫ്‌ ചൂണ്ടിക്കാട്ടി. അതിനു സമയബന്ധമായി വിശദീകരണം നല്‍കാത്തതുകൊണ്ടാണു കരടുവിജ്‌ഞാപനങ്ങള്‍ റദ്ദായതെന്ന്‌ അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്‌ മൂന്ന്‌ വീഴ്‌ചകള്‍ സംഭവിച്ചെന്ന്‌ ഇറങ്ങിപ്പോക്കിനു മുന്നോടിയായി സംസാരിച്ച പ്രതിപക്ഷനേതാവ്‌ പറഞ്ഞു. പരിധി ഒരു കിലോമീറ്ററാക്കി, ജനവാസമേഖലകളെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട്‌ കേന്ദ്രസര്‍ക്കാര്‍ നാലുപ്രാവശ്യം കരടുവിജ്‌ഞാപനം പുറപ്പെടുവിച്ചെങ്കിലും സംസ്‌ഥാനസര്‍ക്കാര്‍ വേണ്ട വിവരങ്ങള്‍ നല്‍കിയില്ല. ജയറാം രമേശ്‌ കേന്ദ്രമന്ത്രിയായിരിക്കേ ബഫര്‍ സോണ്‍ 10 കിലോമീറ്ററാക്കിയെന്ന മുഖ്യമന്ത്രിയുടെ ആരോപണം സതീശന്‍ ഖണ്ഡിച്ചു.
2002-ലെ ബി.ജെ.പി സര്‍ക്കാരിന്റെ വനം നയത്തിന്റെ ഭാഗമായിട്ടായിരുന്നു ആ തീരുമാനമെന്നു ചൂണ്ടിക്കാട്ടി. എന്നാല്‍, ജയറാം രമേശിന്റെ കാലത്താണ്‌ ഉത്തരവിറങ്ങിയതെന്നു മുഖ്യമന്ത്രി വീണ്ടും വാദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here