ഓൺലൈൻ തട്ടിപ്പ് വഴി പണം നഷ്ടപ്പെട്ടവർക്ക് തുക തിരിച്ചു പിടിച്ചു നൽകി എറണാകുളം റൂറൽ ജില്ലാ സൈബർ പോലീസ് സ്റ്റേഷൻ

0

ഓൺലൈൻ തട്ടിപ്പ് വഴി പണം നഷ്ടപ്പെട്ടവർക്ക് തുക തിരിച്ചു പിടിച്ചു നൽകി എറണാകുളം റൂറൽ ജില്ലാ സൈബർ പോലീസ് സ്റ്റേഷൻ. മുളന്തുരുത്തി സ്വദേശിക്ക് മൂന്ന്‌ ലക്ഷത്തി അറുപതിനായിരം രൂപയും, പാമ്പാക്കുട സ്വദേശിക്ക് ഒരുലക്ഷത്തോളം രൂപയുമാണ് നഷ്ടപെട്ടത്. രണ്ടുപേരുടേയും പണം പോയത് സമാന തട്ടിപ്പിലൂടെയാണ്. ഉൽപ്പന്നങ്ങൾ വാങ്ങിയതു വഴി ലഭിച്ച റിവാർഡ് പോയിൻറുകൾ പണമായി ലഭിക്കുമെന്ന സന്ദേശമാണ് മൊബൈൽ വഴി പാമ്പാക്കുട സ്വദേശിയായ യുവാവിന് ലഭിച്ചത്. പണം ലഭിക്കാനായി യുവാവ് തട്ടിപ്പുസംഘം അയച്ച ലിങ്കിൽ കയറുകയും, അവരുടെ നിർദേശമനുസരിച്ച് ക്രഡിറ്റ് കാർഡ് വിവരങ്ങൾ കൈമാറുകയും ചെയ്തു. ഉടൻ തന്നെ അക്കൗണ്ടിലുണ്ടായ ഒരു ലക്ഷത്തോളം രൂപ തൂത്ത് പെറുക്കി കൊണ്ടുപോവുകയായിരുന്നു. തട്ടിപ്പ് സംഘം മറ്റൊരു ആപ്ലിക്കേഷൻ വഴി പണമാക്കി മാറ്റിയെടുക്കാനുള്ള ശ്രമമാണ് നടത്തിയത്. റൂറൽ ജില്ലാ പോലീസിന് ലഭിച്ച പരാതിയെ തുടർന്ന് പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പണം തിരിച്ചു പിടിക്കാൻ കഴിഞ്ഞത്.
സമാനതട്ടിപ്പിൽ മുളന്തുരുത്തി സ്വദേശിയെ സംഘം മൊബൈൽ ഫോണിലൂടെ ബന്ധപ്പെടുകയായിരുന്നു. ബോണസ് പോയിൻറുകൾ പണമായി അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നതിന്‍റെ ഭാഗമായി തിരിച്ചറിയൽ പരിശോധനക്ക് എന്നു പറഞ്ഞാണ് സംഘം വിളിച്ചത്. തട്ടിപ്പാണെന്നറിയാതെ, മൊബൈലിൽ വന്ന ഒ.ടി.പി ഇദ്ദേഹം കൈമാറി. ഉടൻ തന്നെ ഇദ്ദേഹത്തിന്‍റെ അക്കൗണ്ടിൽ ഉണ്ടായിരുന്ന തുകയും സംഘം തട്ടിയെടുത്തു. പോലീസിന് ലഭിച്ച പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ മറ്റൊരു ആപ്പ് വഴി സംഘം ഗിഫ്റ്റ് കാർഡ് പർച്ചേസ് ചെയ്തതായി കണ്ടെത്തി. അത് ബ്ലോക്ക് ചെയ്യുകയും ആപ്പുമായി ബന്ധപ്പെട്ട് ഒരു ലക്ഷത്തി എൺപതിനായിരം രൂപ തിരികെ പിടിക്കുകയും ചെയ്തു. ബാക്കി തുകക്ക് തട്ടിപ്പ് സംഘം ആപ്പിൾ ഫോൺ മുതലായവ വാങ്ങുകയാണുണ്ടായത്. ഇവരെ കണ്ടെത്താനുള്ള അന്വേഷണം നടന്ന് വരികയാണ്. മൊബൈൽ ഫോൺ വഴി വരുന്ന ഇത്തരം സന്ദേശങ്ങളെ ജാഗ്രതയോടെ സമീപിക്കണമെന്ന് ജില്ലാ പോലീസ് മേധാവി വിവേക് കുമാർ പറഞ്ഞു. റിവാർഡ് പോയിന്റുകൾ പണമായി അക്കൗണ്ടിൽ നിക്ഷേപിക്കനെന്ന് പറഞ്ഞ് തട്ടിപ്പ് സംഘങ്ങൾ അയക്കുന്ന സന്ദേശങ്ങളിലും, ലിങ്കുകളിലും വിശ്വസിച്ച് ബാങ്ക് സംബന്ധിച്ച വിവരങ്ങൾ കൈമാറി പണം നഷ്ടപ്പെടുത്തരുതെന്നും വിവേക് കുമാർ ഓർമ്മിപ്പിച്ചു. ഇൻസ്പെക്ടർ എം.ബി ലത്തീഫ്, എസ്.ഐ എം.ജെ.ഷാജി, സി.പി.ഒമാരായ ഷിറാസ് അമീൻ, ലിജോ ജോസ്, ജെറി കുര്യാക്കോസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുളളത്.

LEAVE A REPLY

Please enter your comment!
Please enter your name here