സംവിധായകൻ കെ.പി കുമാരന് ജെ.ഡി ഡാനിയേൽ പുരസ്‌കാരം

0

സംവിധായകൻ കെ.പി കുമാരന് ജെ.ഡി ഡാനിയേൽ പുരസ്‌കാരം. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കാണ് അംഗീകാരം. 5 ലക്ഷവും ശിൽപവുമടങ്ങുന്നതാണ് പുരസ്‌കാരം. ഗായകൻ പി ജയചന്ദ്രൻ ചെയർമാനായ ജൂറിയാണ് കെപി കുമാരനെ അവാർഡിനായി തെരഞ്ഞെടുത്തത്. ഓഗസ്റ്റ് മൂന്നാം തിയതി തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽവച്ചു നടക്കുന്ന ചടങ്ങിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരം സമ്മാനിക്കും. കോട്ടയത്തു നടത്തിയ വാർത്താ സമ്മേളനത്തിൽ മന്ത്രി വിഎൻ വാസവനാണ് പ്രഖ്യാപനം നടത്തിയത്.

1936-ൽ തലശ്ശേരിയിൽ ജനിച്ച കെ.പി കുമാരൻ റോക്ക് എന്ന ഹ്രസ്വചിത്രത്തിലുടെയാണ് ശ്രദ്ധേയനാകുന്നത്. അടൂർ ഗോപാലകൃഷ്ണന്റെ അരങ്ങേറ്റ ചിത്രം സ്വയംവരത്തിന്റെ സഹരചയിതാവായി സിനിമാരംഗത്തേക്ക് എത്തിയ കെ പി കുമാരൻ പത്തോളം ശ്രദ്ധേയ ചിത്രങ്ങളുടെ സംവിധായകനാണ്. അതിഥിയാണ് ആദ്യ ചിത്രം. തോറ്റം, രുക്മിണി, നേരം പുലരുമ്പോൾ, ആദിപാപം, കാട്ടിലെപാട്ട്, തേൻതുള്ളി, ആകാശഗോപുരം എന്നിവ പ്രധാന ചിത്രങ്ങൾ സംവിധാനം ചെയ്തു. 1988 ൽ രുക്മിണി എന്ന ചിത്രത്തിന് മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടി. അതേ ചിത്രത്തിന് മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചു.

സിനിമയിൽ എത്തുന്നതിനു മുൻപേ പരീക്ഷണാത്മക നാടക പ്രസ്ഥാനങ്ങളുമായി സഹകരിച്ചിട്ടുണ്ട്. സി ജെ തോമസിന്റെ നാടകങ്ങളിൽ അഭിനയിക്കുകയും ചെയ്തു. അടൂർ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ചിത്രലേഖ എന്ന പേരിൽ ഫിലിം സൊസൈറ്റി രൂപീകരിക്കുന്നതിൽ പങ്കുവഹിച്ചു. പിന്നീടാണ് സ്വയംവരത്തിന്റെ സഹ തിരക്കഥാകൃത്ത് ആവുന്നത്. മൂന്നു വർഷത്തിനു ശേഷം 1975ൽ അതിഥി എന്ന ചിത്രമൊരുക്കി സംവിധായകനായി അരങ്ങേറ്റം കുറിച്ചു. പിന്നീടുള്ള അഞ്ച് പതിറ്റാണ്ട് കാലത്ത് പത്തോളം ശ്രദ്ധേയ ചിത്രങ്ങൾ ഒരുക്കി.

മഹാകവി കുമാരനാശാന്റെ ജീവിതകഥ ആസ്പദമാക്കി 84ാം വയസ്സിൽ ‘ ഗ്രാമവൃക്ഷത്തിലെ കുയിൽ’ എന്ന സിനിമ കെ.പി കുമാരൻ എഴുതി സംവിധാനം ചെയ്തിരുന്നു. ജെ സി ഡാനിയേൽ പുരസ്‌കാരം വലിയ സന്തോഷവും ആശ്വാസവുമാണെന്നാണ് കെ പി കുമാരന്റെ പ്രതികരണം. പുരസ്‌കാരം കുമാരനാശാന് സമർപ്പിക്കുന്നുവെന്നും അദ്ദേഹത്തിന്റെ വാക്കുകൾ.

മലയാള സിനിമയ്ക്കു 2 മികവുറ്റ നടിമാരെ സമ്മാനിച്ചത് കെ.പി. കുമാരനാണ്. 1985ൽ നേരം പുലരുമ്പോൾ എന്ന സിനിമയിലൂടെ രമ്യ കൃഷ്ണൻ, 2007ൽ ആകാശ ഗോപുരത്തിലൂടെ നിത്യ മേനോൻ. 1972ൽ നാറാണത്തുഭ്രാന്തനെ ഇതിവൃത്തമാക്കി ചെയ്ത 100 സെക്കന്റ് ദൈർഘ്യമുള്ള ഷോർട്ഫിലിം ‘റോക്ക്’ അവാർഡ് നേടി. നാലു ദേശീയ അവാർഡുകൾ നേടിയ സ്വയംവരം ചിത്രത്തിന്റെ രചനയിൽ പങ്കാളി.

ലക്ഷ്മീവിജയം, ഓത്തുപള്ളിയിലന്നു നമ്മൾ എന്ന ഹിറ്റ് പാട്ട് ഉൾപ്പെട്ട തേൻതുള്ളി, മമ്മൂട്ടി, മോഹൻലാൽ എന്നിവർ പ്രധാനവേഷം ചെയ്ത നേരം പുലരുമ്പോൾ, കാട്ടിലെ പാട്ട്, സംസ്ഥാന ദേശീയ അവാർഡുകൾ ലഭിച്ച രുഗ്മിണി, തോറ്റം, ആകാശ ഗോപുരം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണു കെ.പി.കുമാരൻ.

ഹൈസ്‌കൂൾ വിദ്യാഭ്യാസശേഷം പിഎസ്‌സി ടെസ്റ്റ് എഴുതി ഗതാഗത വകുപ്പിൽ ക്‌ളാർക്ക് ആയി സർക്കാർ സർവീസിൽ പ്രവേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here