ടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ചോർന്നത് കണ്ടെത്തണമെന്ന് വിചാരണ കോടതി

0

നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ചോർന്നത് കണ്ടെത്തണമെന്ന് വിചാരണ കോടതി. ജിയോ സിം ഉള്ള വിവോ ഫോൺ ആരുടേതെന്നും കോടതി ചോദിച്ചു. മെമ്മറി കാർഡ് വിവോ ഫോൺ ഉപയോഗിച്ച് പരിശോധിച്ചവരെ എത്രയും വേഗത്തിൽ കണ്ടെത്തണമെന്നും കോടതി ആവശ്യപ്പെട്ടു.

മെമ്മറി കാർഡിലെ ദൃശ്യങ്ങൾ കണ്ടത് ആരൊക്കെയെന്നു കണ്ടെത്തണമെന്ന് വിചാരണക്കോടതി നിർദ്ദേശിച്ചു. കേസിൽ തുടരന്വേഷത്തിന്റെ പുരോഗതി റിപ്പോർട്ട് സമർപ്പിച്ചപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം.

മെമ്മറി കാർഡ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മാത്രമാണ് കൈകാര്യം ചെയ്ത്. പലതവണ അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടും താൻ ദൃശ്യങ്ങൾ കണ്ടിട്ടില്ല. തനിക്ക് ദൃശ്യങ്ങൾ കാണണമെന്ന പ്രത്യേക താൽപ്പര്യമില്ല. അന്വേഷണ ഉദ്യോഗസ്ഥൻ നാല് തവണ ആവശ്യപ്പെട്ടിട്ടും താൻ പറഞ്ഞത് ബിഗ് നോ. വിചാരണ ഘട്ടത്തിൽ ആവശ്യമെങ്കിൽ മാത്രമാണ് ദൃശ്യങ്ങൾ പരിശോധിക്കുകയെന്നും ജഡ്ജി വ്യക്തമാക്കി.

തുടരന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം തേടിയതായി അന്വേഷണ സംഘം അറിയിച്ചു. അന്വേഷണം പൂർത്തിയാക്കാൻ ഉദ്ദേശ്യമുണ്ടോയെന്ന ചോദ്യത്തോടെയാണ് കോടതി ഇതിനോടു പ്രതികരിച്ചത്. കേസ് ചൊവ്വാഴ്‌ച്ച കോടതി പരിഗണിക്കും

മൂന്നു വ്യത്യസ്ത കോടതികളുടെ കസ്റ്റഡിയിൽ ആയിരുന്ന കാലത്ത് മൂന്ന് തവണ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതായാണ് ഫൊറൻസിക് പരിശോധനാ ഫലം. 2018 ജനുവരി 9ന് രാത്രി 9.58, ഡിസംബർ 13ന് 10.58, 2021 ജൂലൈ 19ന് 12.19 എന്നീ സമയങ്ങളിൽ മെമ്മറി കാർഡ് തുറന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടിലുള്ളത്. ഒരു തവണ ലാപ്ടോപ്പിലും മറ്റു രണ്ടു തവണ ആൻഡ്രോയ്ഡ് ഫോണിലുമാണ് കാർഡ് ഉപയോഗിച്ചത്. ഈ ഫോണുകളിൽ ടെലിഗ്രാം, വാട്ട്സ്ആപ്പ് എന്നീ ആപ്പുകൾ ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

ഹൈക്കോടതി നിർദേശപ്രകാരം തിരുവനന്തപുരം ഫൊറൻസിക് ലാബിൽ മെമ്മറി കാർഡ് പരിശോധിച്ചതിന്റെ റിപ്പോർട്ടാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചത്. മെമ്മറി കാർഡിൽ എട്ട് വീഡിയോ ഫയലുകളാണ് ഉള്ളത്.

2020 ജനുവരി 29ന് കേന്ദ്ര ഫൊറൻസിക് ലാബ് നൽകിയ റിപ്പോർട്ടും കേസിലെ തുടരന്വേഷണത്തിന് ഇടയാക്കിയ വെളിപ്പെടുത്തലുമാണ് ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടെന്ന പ്രോസിക്യൂഷന്റെ സംശയം ബലപ്പെടുത്തിയത്. മെമ്മറി കാർഡ് പരിശോധിക്കണമെന്ന ആവശ്യം വിചാരണ കോടതി നിരസിച്ചതിനെ തുടർന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here