മന്ത്രി സജി ചെറിയാന്റെ രാജി മാതൃകയാണെന്നും പകരം മറ്റൊരു മന്ത്രിയെ കുറിച്ച് ചർച്ച ചെയ്തിട്ടില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ

0

തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ രാജി മാതൃകയാണെന്നും പകരം മറ്റൊരു മന്ത്രിയെ കുറിച്ച് ചർച്ച ചെയ്തിട്ടില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രസംഗത്തിൽ വീഴ്ച സംഭവിച്ചെന്ന് മനസ്സിലാക്കിയാണ് രാജി. തെറ്റ് പറ്റിയത് അദ്ദേഹം തന്നെ അംഗീകരിച്ചു. വീഴ്ച മനസ്സിലാക്കി പെട്ടെന്നുതന്നെ രാജിവെച്ച് അദ്ദേഹം മാതൃക സൃഷ്ടിച്ചു. രാജിയോടെ പ്രശ്നങ്ങൾ അപ്രസക്തമായി. ഭരണഘടനാമൂല്യം ഉയർത്തിപ്പിടിക്കുന്ന പാർട്ടിയാണ് സി.പി.എം. ഭരണഘടന തത്വമനുസരിച്ചാണ് പാർട്ടി പ്രവർത്തിക്കുന്നത്.

വകുപ്പുകൾ വിഭജിക്കേണ്ടത് മുഖ്യമന്ത്രിയാണ്. സജി ചെറിയാന്‍ കൈകാര്യം ചെയ്തിരുന്ന ഫിഷറീസ്, സാംസ്കാരിക, സിനിമ വകുപ്പുകള്‍ മുഖ്യമന്ത്രിയാണ് ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത്. കോടതിയില്‍നിന്ന് സജി ചെറിയാന് അനുകൂല നിലപാട് ഉണ്ടായാല്‍ തിരിച്ച് വരാനുള്ള സാധ്യത കൂടി സി.പി.എം തുറന്നിടുന്നുണ്ട്. എന്നാല്‍, നിയമപരമായി കൂടി തിരിച്ചടി നേരിട്ടാല്‍ അപ്പോള്‍ പുതിയ മന്ത്രിയെ കുറിച്ച് ആലോചിക്കും. അങ്ങനെയെങ്കില്‍ സംസ്ഥാന സമിതി വിളിച്ച് ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യും. നിലവില്‍ സജി ചെറിയാന്‍ എം.എല്‍.എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നാണ് സി.പി.എമ്മിലെ ധാരണ. കോടതി കടുത്ത പരാമര്‍ശങ്ങള്‍ നടത്തിയാല്‍ രാജിയെ കുറിച്ച് ആലോചിക്കാമെന്നാണ് നേതൃത്വത്തിന്‍റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
എ.കെ.ജി സെന്‍റര്‍ ആക്രമണത്തില്‍ കൃത്യമായ അന്വേഷണം പൊലീസ് നടത്തുന്നുണ്ട്. രാത്രികാലത്ത് നടന്ന ആക്രമണത്തിൽ പ്രതികളെ പിടികൂടാൻ സമമെടുക്കും. യൂത്ത് കോൺഗ്രസ് ക്യാമ്പിലെ പീഡനപരാതി പിൻവലിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ടെങ്കിൽ അത് തെറ്റായ നടപടിയും നിയമവിരുദ്ധവുമാണെന്നും കോടിയേരി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here