സിപിഎം എം.എല്‍.എ എം.എം മണിക്കെതിരെ സിപിഐ യുവജന വിഭാഗമായ എഐവൈഎഫ്

0

തിരുവനന്തപുരം: സിപിഎം എം.എല്‍.എ എം.എം മണിക്കെതിരെ സിപിഐ യുവജന വിഭാഗമായ എഐവൈഎഫ്. സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ മണി തിരുത്തണം. മണിയില്‍ നിന്ന് പകത്വതയാര്‍ന്ന പെരുമാറ്റമുണ്ടാകണം. ആനി രാജയ്‌ക്കെതിരെ മണി നടത്തിയ പരാമര്‍ശം അപലപനീയമാണെന്നും എഐവൈഎഫ് സംസ്ഥാന എക്‌സിക്യൂട്ടീവ് ചൂണ്ടിക്കാട്ടി.

അതേസമയം, മണിയെ ന്യായീകരിച്ച് സാംസ്‌കാരിക മന്ത്രി വി.എന്‍ വാസവന്‍ രംഗത്തെത്തി. സഭ്യമല്ലാത്തതൊന്നും മണി പറഞ്ഞിട്ടില്ല. വിധവയെന്ന് പറഞ്ഞത് നാടന്‍ പ്രയോഗത്തിലാണെന്നും വാസവന്‍ പ്രതികരിച്ചു.

‘ഒരു മഹതി സര്‍ക്കാരിന് എതിരെ സംസാരിച്ചു. ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധിയാണ്. ഞങ്ങള്‍ ആരും ഉത്തരവാദികള്‍ അല്ലെന്നാണ്’ മണി നിയമസഭയില്‍ പരാമര്‍ശിച്ചതാണ് വിവാദമായത്. മണിയെ ന്യായീകരിച്ച് സിപിഎം നേതാക്കള്‍ രംഗത്തെത്തിയപ്പോള്‍ മണി തിരുത്താന്‍ തയ്യാറാകണമെന്നാണ് സിപിഐയുടെ നിലപാട്.

കെ കെ രമയ്‌ക്കെതിരെയുള്ള പ്രസ്താവന അപലപനീയമെന്ന് സിപിഐ നേതാവും നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വിമണ്‍ ജനറല്‍ സെക്രട്ടറിയുമായ ആനി രാജയാണ് ആദ്യം പ്രതികരിച്ചത്. രാഷ്ട്രീയ സംവാദങ്ങള്‍ക്ക് മറുപടി നല്‍കുമ്പോള്‍ സ്ത്രീകളുടെ ദുരന്തങ്ങള്‍ ഉപയോ?ഗപ്പെടുത്തുന്നത് ശരിയല്ലെന്നും ആനി അഭിപ്രായപ്പെട്ടു. ഇത്തരം പ്രസ്താവനകള്‍ കമ്മ്യൂണിസ്റ്റുകാരുടെ ഭാഗത്തു നിന്നും ഉണ്ടാകാന്‍ പാടില്ലാത്തതാണ്. ഒഴിവാക്കപ്പെടേണ്ട ഒന്നായിരുന്നെന്നും ആനി രാജ പറഞ്ഞു. പ്രസ്താവന പിന്‍വലിച്ചാല്‍ അത് കമ്മ്യൂണിസ്റ്റ് നടപടിയാകും. എം എം മണിയെ നിയന്ത്രിക്കണോ എന്ന് സിപിഎം നേതൃത്വം തീരുമാനിക്കണമെന്നും ആനി രാജ അഭിപ്രായപ്പെട്ടിരുന്നു.

സഭയ്ക്കകത്ത് മുഖ്യമന്ത്രിയും സഭക്ക് പുറത്ത് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും ക്ലീന്‍ ചിറ്റ് നല്‍കിയതിന് പിന്നാലെയാണ് എം എം മണി ആനി രാജക്കെതിരെ ആക്ഷേപകരമായി പ്രതികരിച്ചത്. രമക്കെതിരായ വാക്കുകളില്‍ നിന്ന് പിന്നോട്ടില്ലെന്ന് മാത്രമല്ല അവരെ ഇനിയും വിമര്‍ശിക്കുമെന്ന് എം എം മണി വ്യക്തമാക്കിയിരുന്നു. അതും പോരാഞ്ഞാണ് ആനി രാജയേയും മോശം വാക്കുപയോഗിച്ച് ആക്ഷേപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here