രൂപമാറ്റംവരുത്തി നിരത്തുകളിൽ പാഞ്ഞ രണ്ട് ആഡംബര ബൈക്കുകൾ എൻഫോഴ്സ്മെന്‍റ് ആർ.ടി.ഒ പിടികൂടി

0

രൂപമാറ്റംവരുത്തി നിരത്തുകളിൽ പാഞ്ഞ രണ്ട് ആഡംബര ബൈക്കുകൾ എൻഫോഴ്സ്മെന്‍റ് ആർ.ടി.ഒ പിടികൂടി. അമിതവേഗത്തിനൊപ്പം സുരക്ഷസംവിധാനങ്ങൾ അഴിച്ചുമാറ്റി ഓടിയ കെ.ടി.എം ഡ്യൂക്ക് 390, 250 മോഡൽ ബൈക്കുകളാണ് പിടികൂടിയത്. എൻഫോഴ്സ്മെന്‍റ് ആർ.ടി.ഒ എ.സി. ആന്‍റണിയുടെ നിർദേശപ്രകാരം ‘ഓപറേഷൻ റേസ്’ പദ്ധതിയുടെ ഭാഗമായി മഫ്തിയിലും അല്ലാതെയും ദിവസങ്ങളായി പിന്തുടർന്ന് നടത്തിയ പരിശോധനക്കൊടുവിൽ ആലപ്പുഴ ടൗണിൽനിന്നാണ് ഇരുവാഹനങ്ങളും പിടികൂടിയത്.

പരിശോധനക്കിടെ കൈകാണിച്ചാൽപോലും നിർത്താതെപായുന്ന ബൈക്കുകൾ നമ്പർപ്ലേറ്റുകൾ മടക്കിയും അഴിച്ചുവെച്ചുമാണ് ഓടിച്ചിരുന്നത്. ഇതിനാൽ ഫോട്ടോയെടുത്താൽപോലും തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയായിരുന്നു. ഇതിനൊപ്പം ഇൻഡിക്കേറ്റർ, ഇരുവശങ്ങളിലെയും കണ്ണാടി, മഗ്ഗാർഡ് എന്നിവയും അഴിച്ചുമാറ്റിയിരുന്നു. വാഹനങ്ങൾ വാങ്ങുമ്പോഴുണ്ടായിരുന്ന മുഴുവൻ സുരക്ഷസംവിധാനങ്ങളും നീക്കിയാണ് നിരത്തിലൂടെ പാഞ്ഞിരുന്നത്.

പിടികൂടിയ ഇരുവാഹനങ്ങളിലെയും രൂപമാറ്റംവരുത്തിയത് പുനഃസ്ഥാപിച്ചും ഉടമസ്ഥരെ വിളിച്ചുവരുത്തി കനത്തപിഴയും ചുമത്തിയശേഷമാണ് വിട്ടയച്ചത്. പരിശോധനക്ക് എൻഫോഴ്സ്മെന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ജിൻസർ സേവ്യർപോൾ, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ എ. നജീബ്, എ. വരുൺ എന്നിവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here