100 ഗ്രാമിനടുത്തു എം‍ഡിഎംഎയുമായി കലൂർ സ്റ്റേഡിയം പരിസരത്ത് യുവാവ് പിടിയിൽ

0

കൊച്ചി∙ 100 ഗ്രാമിനടുത്തു എം‍ഡിഎംഎയുമായി (മെത്തലിൻ ഡയോക്സി മെത്തഫിറ്റമിൻ) കലൂർ സ്റ്റേഡിയം പരിസരത്ത് യുവാവ് പിടിയിൽ. ഇടപ്പള്ളി കുന്നംപുറം സിഎം മടവൂർ വീട്ടിൽ ഹാറൂൺ സുൽത്താനെയാണ് (22) തീവ്രവാദ വിരുദ്ധ സ്ക്വാഡ്, പാലാരിവട്ടം പൊലീസ് എന്നിവർ ചേർന്ന് പിടികൂടിയത്. എംഡിഎംഎ സ്‌കൂട്ടറിൽ ഒളിപ്പിച്ച നിലയിലായിരുന്നു.

ഓടിയ പ്രതിയെ സാഹസികമായാണ് പിടികൂടിയത്. കൂടുതൽ അളവിൽ എംഡിഎംഎ എടുത്തു കൊച്ചിയിലെ ആവശ്യക്കാർക്ക് ചില്ലറയായി വിൽക്കുന്നയാളാണ് പ്രതിയെന്നും നഗരത്തിലെ പ്രധാന ലഹരി വിതരണക്കാരിൽ ഒരാളാണ് പിടിയിലായതെന്നും പൊലീസ് പറഞ്ഞു. ലഹരി കൊണ്ടുവന്ന സ്‌കൂട്ടറും കസ്റ്റഡിയിൽ എടുത്തു.

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ തീവ്രവാദ വിരുദ്ധ സ്ക്വാ‍ഡ് അംഗങ്ങള്‍ ഒന്‍പതരയോടെ ഹാറൂണിനെ തേടി കലൂര്‍ സ്റ്റേഡിയം പരിസരത്തെത്തി. പതിവ് തെറ്റിക്കാതെ ചുവന്ന സ്കൂട്ടറില്‍ ഹാറൂണ്‍ ഇടപാടുകാരെ തേടി സ്ഥലത്തെത്തിയിരുന്നു. ഹാറൂണിനെ നിരീക്ഷണത്തിലാക്കിയ സ്ക്വാഡ് അംഗങ്ങള്‍ ആവശ്യക്കാരെന്ന വ്യാജേന സമീപിച്ചു.

പിടിവീഴുമെന്ന് ഉറപ്പായതോടെയായിരുന്നു രക്ഷപ്പെടാനുള്ള വിഫലശ്രമം. എംഡിഎംഎ കൈവശമുണ്ടെന്നു ഹാറൂണ്‍ ഉദ്യോഗസ്ഥരോട് സമ്മതിച്ചു. തുടര്‍ന്നാണ് ബൈക്ക് തുറന്ന് പരിശോധിച്ചത്. ഒറ്റത്തവണ ഉപയോഗിച്ചാൽതന്നെ ലഹരിക്ക് അടിമയാകുന്നതാണ് ഈ ലഹരി മരുന്ന് എന്നു പൊലീസ് പറഞ്ഞു.

രാജ്യാന്തര മാർക്കറ്റിൽ ഒരു കിലോഗ്രാമിന് ലക്ഷങ്ങളാണ് വില. ഏകദേശം 5 ലക്ഷം രൂപയുടെ ലഹരിയാണ് പ്രതിയിൽനിന്ന് പിടികൂടിയത്. അര ഗ്രാം എം‍ഡിഎംഎ കൈവശം വച്ചാൽ 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. ഹാറൂണ്‍ ഒരു വര്‍ഷത്തിലേറെയായി ഇടപാട് നടത്തുന്നുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. അതേസമയം താന്‍ ലഹരി ഉപയോഗിക്കാറില്ലെന്നു ഹാറൂണ്‍ പൊലീസിനോട് പറഞ്ഞു.

Leave a Reply