ബസ് കാത്തുനിൽക്കുന്നവർക്ക് സ്‌കൂട്ടറിൽ ലിഫ്റ്റ് നൽകി മൊബൈൽ ഫോൺ തട്ടിയെടുക്കുന്ന യുവാവ് അറസ്റ്റിൽ

0

തൃശൂർ: ബസ് കാത്തുനിൽക്കുന്നവർക്ക് സ്‌കൂട്ടറിൽ ലിഫ്റ്റ് നൽകി മൊബൈൽ ഫോൺ തട്ടിയെടുക്കുന്ന യുവാവ് അറസ്റ്റിൽ. എടതിരിഞ്ഞി എടച്ചാലിൽ വീട്ടിൽ സാഹിലി(25)നെയാണ് ഇരിങ്ങാലക്കുട ഡിവൈഎസ്‌പി ബാബു കെ തോമസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിലാണ് ലിഫ്റ്റ് കിട്ടിയ രണ്ട് ചെറുപ്പക്കാരുടെ സ്മാർട്ട് ഫോണുകൾ ഒരേ രീതിയിൽ കവർന്നത്. ഇരിങ്ങാലക്കുട കാട്ടൂർ റോഡിലും കെഎസ്ആർടിസി റോഡിലുമായിരുന്നു സംഭവം.ആളൊഴിഞ്ഞ സ്ഥലത്തെത്തുമ്പോൾ ഫോൺ എടുക്കാൻ മറന്നെന്നും ഒരു കോൾ ചെയ്യാൻ ഫോൺ തരുമോയെന്നും ചോദിച്ച് സ്‌കൂട്ടർ വഴിയരികിൽ ഒതുക്കിനിർത്തും. യാത്രക്കാരൻ പിറകിൽനിന്നിറങ്ങി വിളിക്കാൻ ഫോൺ നൽകും. അവരുടെ ശ്രദ്ധതിരിയുന്ന തക്കംനോക്കി സ്‌കൂട്ടറിൽ രക്ഷപ്പെടുകയാണ് രീതിയെന്നും പൊലീസ് പറയുന്നു.

സിസിടിവി ക്യാമറകളിൽനിന്ന് പ്രതിയുടെ സഞ്ചാരവഴികൾ മനസ്സിലാക്കിയാണ് പിടികൂടിയത്. ബുധനാഴ്ച യാത്രക്കാരെപ്പോലെ പൊലീസ് മഫ്തിയിൽ വഴിയരികിൽ കാത്തുനിന്നു. അടുത്ത ഇരയെ പ്രതീക്ഷിച്ച് സ്‌കൂട്ടർ നിർത്തിയ മോഷ്ടാവിനെ റോഡിന് ഇരുവശവും നിന്ന പൊലീസ് സംഘം പിടികൂടി. വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റസമ്മതം നടത്തി. മാസ അടവിന് വാങ്ങിയ വണ്ടിയുടെ തിരിച്ചടവിന് പണം കണ്ടെത്താനാണ് മോഷണം നടത്തിയതെന്നും മോഷ്ടിച്ച ഫോണുകൾ കടകളിൽ വിൽക്കുകയായിരുന്നെന്നും പ്രതി പൊലീസിനോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here